സംസ്ഥാനത്തിന്റെ പാക്കേജ് കൊവിഡ് കാലത്തെ കബളിപ്പിക്കല്‍: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാനത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ് കൊവിഡ് കാലത്തെ കബളിപ്പിക്കലാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ഈ 20,000 കോടിയില്‍ 14,000 കോടി ചെലവഴിക്കുന്നത് സര്‍ക്കാരിന്റെ കടം തീര്‍ക്കാനാണ്.
കഴിഞ്ഞ നവംബര്‍ മുതലുള്ള തുടര്‍ച്ചയായ ട്രഷറി നിയന്ത്രണം സര്‍ക്കാരിനു വലിയ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. ഈ തുക ഏപ്രില്‍ മാസത്തില്‍ കൊടുക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നത്. ഈ വര്‍ഷം കടമെടുക്കാനുള്ളത് മുഴുവന്‍ തീര്‍ന്ന സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം എടുക്കാവുന്ന കടത്തിന്റെ നാലില്‍ മൂന്ന് ഭാഗം ഏപ്രില്‍ മാസത്തില്‍ തന്നെ എടുത്ത് കടം വീട്ടാനുള്ള നീക്കമാണിത്. ഇക്കാര്യം കോവിഡ് 19 വരുന്നതിനു മുന്‍പുതന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്.
മാര്‍ച്ച്, ഏപ്രില്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഒരുമിച്ചു നല്‍കുമെന്നാണ് രണ്ടാമത്തെ പ്രഖ്യാപനം. ഏപ്രില്‍ മാസമാകുമ്പോഴേക്കും പെന്‍ഷന്റെ കുടിശിക ഏഴു മാസത്തെയാകും. അതില്‍ രണ്ടു മാസത്തെ പെന്‍ഷന്‍ കൊടുക്കുന്നത് എന്ത് ആശ്വാസ നടപടിയാണെന്നും സതീശന്‍ ചോദിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 1,000 കോടി രൂപ വീതം ചെലവഴിക്കുമെന്ന പ്രഖ്യാപനവും പൊള്ളയാണ്. തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണ്. അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കേണ്ട 3,000 കോടിയുടെ തൊഴിലുറപ്പ് പദ്ധതി എങ്ങനെയാണ് രണ്ടു മാസംകൊണ്ട് നടപ്പാക്കുക. നടപ്പിലാക്കിയാലും പണം നല്‍കേണ്ടത് കേന്ദ്രമാണ്. അത് സമ്പദ്‌വ്യവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല. കുടുംബശ്രീക്ക് 2,000 കോടി രൂപയുടെ കടമെടുക്കാന്‍ അവസരം നല്‍കുമെന്നാണ് പ്രഖ്യാപനം. ഈ പദ്ധതിയിലും സര്‍ക്കാരിന്റെ സംഭാവനയില്ല. കേരളത്തിലെ ഏത് അയല്‍ക്കൂട്ടത്തിനും സഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണ്. അവരുടെ തിരിച്ചടവ് നൂറു ശതമാനമായതുകൊണ്ട് കേരളത്തിലെ ഏത് അയല്‍ക്കൂട്ടത്തിനും സഹായം നല്‍കാന്‍ ഏതു ബാങ്കും തയ്യാറാകും. സര്‍ക്കാര്‍ സഹായമില്ലാതെ തന്നെ അവര്‍ക്കത് ലഭ്യമാകുമെന്നും ഇതിന്റെ പലിശ കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ആയിരം ഹോട്ടലുകള്‍ തുടങ്ങുന്നതും നേരത്തെ പ്രഖ്യാപിച്ചതാണ്. പാക്കേജില്‍ ആകെയുള്ളത് സ്റ്റേജ് കാര്യേജിന്റെ നികുതി അടക്കുന്നതില്‍നിന്ന് ഏപ്രില്‍ മാസത്തെ ഒഴിവാക്കിയത് മാത്രമാണ്. സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം 20 ശതമാനം ആളുകള്‍ക്കുപോലും ലഭ്യമാകില്ല. പാക്കേജുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെങ്കിലും കോവിഡ് 19 ന്റെ കാലത്ത് അത് ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."