ബി.ജെ.പിയെ വെട്ടിലാക്കി മമത
കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസില്‍ ബി.ജെ.പിയെ വെട്ടിലാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലിസ് കമ്മിഷണര്‍ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ എത്തിയതിനു പിന്നാലെ ബംഗാളില്‍ കേന്ദ്രത്തിനെതിരേ മമത തുറന്ന പോര്‍മുഖത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും ഇന്നലെ ബി.ജെ.പിയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മമത.
അസം ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മക്കെതിരായ ആരോപണമടങ്ങിയ കത്താണ് അവര്‍ പുറത്തുവിട്ടത്.
മൂന്ന് ദിവസമായി മമത നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചതിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. ശാരദാ ചിട്ടിഫണ്ട് ഗ്രൂപ്പ് മേധാവിയായ സുദീപ്ത സെന്‍ എഴുതിയ കത്താണ് മമത പുറത്തുവിട്ടത്. മൂന്നു കോടി രൂപ ഹിമാന്ത ബിശ്വ ശര്‍മ തട്ടിയെടുത്തതായി കത്തില്‍ ആരോപിക്കുന്നു.
2016 ഏപ്രിലില്‍ 19 പേജുകളിലായി എഴുതിയ കത്തില്‍ പ്രധാനമായും എടുത്തുപറയുന്നത് ഹിമാന്ത നടത്തിയ വഞ്ചനയെക്കുറിച്ചാണ്. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം തലവനെഴുതിയതാണു കത്ത്. നാടകീയമായ നീക്കത്തിലൂടെ ഉന്നത പദവിയിലിരിക്കുന്ന ഒരു നേതാവാണു തന്നെ വഞ്ചിച്ചത്. ഒന്നര വര്‍ഷത്തിനിടയിലാണ് അദ്ദേഹം മൂന്നുകോടി രൂപ തട്ടിയതെന്ന് സുദീപ്ത സെന്‍ ആരോപിക്കുന്നു.
മോദിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ചാണ് അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം. ബി.ജെ.പിയില്‍ ചേരുന്നവരെല്ലാം ഭാഗ്യവാന്മാരാകുന്ന അവസ്ഥയാണിപ്പോള്‍. ആരെങ്കിലും ബി.ജെ.പിക്കെതിരേ ശബ്ദിച്ചാല്‍ അവരെ വേരോടെ പിഴുതെടുക്കാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്നും സുദീപ്ത സെന്നിന്റെ കത്ത് പുറത്തുവിട്ടുകൊണ്ട് മമത പറഞ്ഞു.
ചിട്ടിഫണ്ട് കേസില്‍ ഉള്‍പ്പെട്ട ഒരു ബി.ജെ.പി നേതാവിന്റെ പേരിലും എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. രബീന്ദ്രനാഥ് ടാഗോറിനു ലഭിച്ച നൊബേല്‍ പുരസ്‌കാരം 2004ല്‍ മോഷണം പോയി. ഇക്കാര്യത്തിലുള്ള അന്വേഷണം എവിടെ വരെയെത്തി? സിംഗൂര്‍-നന്ദിഗ്രാം കേസുകളുടെ സ്ഥിതി എന്താണ്? എന്നാല്‍ മോദിയോടും അമിത്ഷായോടും താന്‍ അപേക്ഷിക്കുകയാണ്. ടാഗോറിനു ലഭിച്ച നൊബേല്‍ പുരസ്‌കാരമെങ്കിലും കണ്ടെടുക്കാന്‍ സി.ബി.ഐയെ അനുവദിക്കണം. അതിനുപകരം രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടതെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."