സുന്ദര്‍ബന്‍സ് സുന്ദരമായ വനപ്രദേശം
പശ്ചിമബംഗാളിലേക്ക് പുറപ്പെടുമ്പോള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ആദ്യം തെരഞ്ഞെടുത്ത ഇടങ്ങളിലൊന്നും സുന്ദര്‍ബന്‍സ് ഉണ്ടായിരുന്നില്ല. കോഴിക്കോട്ടുനിന്ന് കൊല്‍ക്കത്തയിലേക്ക് സര്‍വിസ് നടത്തുന്ന പ്രതിവാര ട്രെയിനായ മംഗലാപുരം സാന്ദ്രഗച്ചി വിവേക് എക്‌സ്പ്രസിലായിരുന്നു യാത്ര.
ചരിത്രം സ്പന്ദിക്കുന്ന കൊല്‍ക്കത്തയ്ക്ക് ഒരു യാത്ര സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായിരിക്കുന്നു. ഒടുവില്‍ അത് യാഥാര്‍ഥ്യമായപ്പോള്‍ സിരകളില്‍ ഉത്സവമേളം പാരമ്യത്തിലേക്ക് എത്തിയിരുന്നു. കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ അവസാന പകലിലായിരുന്നു സുന്ദര്‍ബന്‍സ് എന്ന പ്രദേശം തേടി പുറപ്പെട്ടത്. ഷില്ലോങ്ങില്‍നിന്ന് ഗുവാഹത്തി വഴി മടങ്ങിയെത്തിയ ശേഷം ലഭിച്ച നീണ്ട ഒരു പകലിലായിരുന്നു ആ യാത്ര.
സുന്ദര്‍ബന്‍സിലേക്ക് പോകാനായി ബസ് സ്റ്റാന്റില്‍ കണ്ട ബസ് ജീവനക്കാരോട് വഴി ചോദിച്ചു. സയന്‍സ് സിറ്റിയില്‍ എത്തിയാല്‍ സുന്ദര്‍ബന്‍സിലേക്ക് ധാരാളം ബസ് കിട്ടുമെന്ന് ചിലര്‍ സൂചിപ്പിച്ചു. നഗരത്തിന്റെ ഗതാഗതക്കുരുക്കില്‍ മുങ്ങിത്താഴ്ന്ന് സയന്‍സ് സിറ്റിയില്‍ എത്താന്‍ രണ്ടു മണിക്കൂറോളം വേണ്ടി വരുമെന്നതിനാലാണ് സയന്‍സ് സിറ്റിക്കുള്ള ബസില്‍നിന്ന് ഇറങ്ങി ഹൗറയിലെ ഫെറിഘാട്ടിലേക്ക് വെപ്രാളപ്പെട്ട് നടന്നത്.
ഹൗറ ബോട്ട് ജെട്ടിയില്‍നിന്നു ലോഞ്ചില്‍ ബാബുഘാട്ടിലെത്തി ദരംതല വഴി പോകുന്ന ബസില്‍ സുന്ദര്‍ബന്‍സിലേക്ക് വേഗത്തില്‍ എത്താമെന്ന് ചില ബസ് ഡ്രൈവര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാബുഘാട്ടിലേക്ക് നീങ്ങിയത്. ഈ ഭാഗത്ത് ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, ബോട്ട് ജെട്ടി എന്നിവയെ ബന്ധിപ്പിച്ച് അതിവിശാലമായ ഭൂഗര്‍ഭപാത പണിതതിനാല്‍ കാല്‍നട യാത്ര സുഖകരമാണ്.
സമയം 7.15 ആയിട്ടേയുള്ളൂ. കടത്ത് ഏഴരക്കേ ആരംഭിക്കൂ. ടിക്കറ്റ് കൗണ്ടറില്‍ നേരത്തെ എത്തിയ ഏതാനും പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കരികില്‍ നിന്നു. അഞ്ചു രൂപയുടെ ടിക്കറ്റെടുത്ത് ഹൂഗ്ലി നദിയെ മുറിച്ചുകടന്ന് ലോഞ്ചില്‍ ബാബുഘാട്ടിലെത്തി. കണ്ടുമുട്ടിയവര്‍ക്കൊന്നും സുന്ദര്‍ബന്‍സിലേക്കുള്ള വഴിയോ ബസോ നിശ്ചയമില്ല.
ദരംതലയില്‍നിന്നു ബസ് കിട്ടുമെന്ന ധാരണയില്‍ ബാബുഘാട്ട് ജെട്ടിയോട് ചേര്‍ന്ന റോഡ് കുറുകേ കടന്ന് തൊട്ടപ്പുറത്തെത്തി സ്റ്റാന്റിലേക്ക് ബസ് കയറി. ആ സ്റ്റാന്റില്‍ എത്തിയിട്ടും ബസിനെക്കുറിച്ചുള്ള അനിശ്ചിതത്വം നീങ്ങാന്‍ നേരമെടുത്തു.
പത്തോര്‍ പോത്തിമ- ലാസ്റ്റ് സ്‌റ്റോപ്പ്
അപരിചിതമായ ഇടങ്ങളില്‍, അതും കൊല്‍ക്കത്തപോലൊരു മഹാനഗരത്തില്‍ എത്തിപ്പെട്ടാല്‍ ആര്‍ക്കും എല്ലാം കൂടിക്കുഴഞ്ഞുപോകും. വിദൂര പ്രദേശങ്ങളാവുമ്പോള്‍ നഗരവാസികളില്‍നിന്ന് കൃത്യമായ ഉത്തരം ലഭിക്കാത്തതില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല.
എട്ടരയ്ക്ക് ഒരു ബസ് ഉണ്ടെന്നും അവസാന സ്‌റ്റോപ്പില്‍ ഇറങ്ങി മറ്റൊരു ബസ് കയറിയാല്‍ സുന്ദര്‍ബന്‍സിന്റെ അതിരില്‍ എത്താമെന്നും ഒരു ബസ് ജീവനക്കാരന്‍ പറഞ്ഞു. 8.10ന് പുറപ്പെടുന്ന മറ്റൊരു ബസ് കണ്ടെത്താനായത് മഹാഭാഗ്യമായി. ആ ബസ് നേരിട്ട് സുന്ദര്‍ബന്‍സിലേക്ക് പോകുന്നതായിരുന്നു. കടലുപോലെ വിശാലമായ സുന്ദര്‍ബന്‍സിന്റെ ഒരറ്റമായ പത്തോര്‍ പോത്തിമയിലേക്കായിരുന്നു ആ ബസ്.
പശ്ചിമബംഗാളില്‍ സര്‍വ സാധാരണമായ പഴകിയ ഒരു ബസ്. സീറ്റുപോലും സുഖപ്രദമായിരുന്നില്ല. ഡയമണ്ട് ഹാര്‍ബറിലേക്ക് ഗംഗാ സംഗമം അന്വേഷിച്ച് പോയ അതേ റൂട്ടിലൂടെയാണ് പോകേണ്ടത്. നാലു മണിക്കൂര്‍ യാത്രയുണ്ട്. 70 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 10.40 ആയപ്പോഴേക്കും ഡയമണ്ട് ഹാര്‍ബറിലെത്തി.
ഡയമണ്ട് ഹാര്‍ബര്‍ പിന്നിട്ടതോടെ പുറംകാഴ്ചകളില്‍ കൗതുകം വര്‍ധിച്ചു. വിശാലമായ പാടശേഖരങ്ങള്‍ക്കിടയിലൂടെ നെടുനീളത്തിലുള്ള റോഡ്. സാമാന്യം ഭേദപ്പെട്ട വേഗത്തിലാണ് ബസ് ഓടുന്നത്. പശ്ചിമബംഗാളിലെ ബസുകളുടെ പൊതുസവിശേഷതയാണത്. ഓടും പുല്ലും മേഞ്ഞ വൃത്തിയുള്ള മണ്‍ചുവരുള്ള കൊച്ചുവീടുകള്‍. കര്‍ഷക ഭവനങ്ങളാവണം അവ. 11 മണിയായപ്പോള്‍ കുല്‍പി അങ്ങാടിയില്‍ എത്തി. ആ ഭാഗത്ത് കണ്ട എല്ലാ പട്ടണങ്ങളെയുംപോലെ തിരക്കുപിടിച്ച ഒരെണ്ണം.
വീടുകള്‍ക്കും പരിസരങ്ങള്‍ക്കും കാര്യമായ മാറ്റമൊന്നും കണ്ണില്‍ പതിഞ്ഞില്ല. പുല്ലുമേഞ്ഞ കുടിലുകള്‍ക്ക് മുകളില്‍ മത്തനും ചുരങ്ങയും എളവനുമെല്ലാം പടര്‍ന്നുപന്തലിച്ചു മുറ്റിത്തെഴുത്ത വള്ളികളുമായി ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. ചില വള്ളികളില്‍ മുഴുത്ത എളവനും മത്തനുമെല്ലാം വെയില്‍കായുന്നു. വയലുകളോട് ചേര്‍ന്നുള്ളവയായിരുന്നു ആ വീടുകളെല്ലാം. മിക്ക വീടുകളോട് ചേര്‍ന്നും കുളങ്ങള്‍. മരപ്പലക നാട്ടിയ കടവുകളില്‍ സ്ത്രീകള്‍ പാത്രം കഴുകുന്നു. ചില വീടുകള്‍ക്ക് രണ്ട് കുളങ്ങളുണ്ടായിരുന്നു. അത്തരം ചിലതില്‍ വസ്ത്രം അലക്കുന്നവരെ കണ്ടു. നഗ്‌നരായ കുഞ്ഞുങ്ങളെ അമ്മമാര്‍ സോപ്പ് പതപ്പിച്ച് ഉരച്ചു കഴുകി കുളിപ്പിക്കുന്നു. തൊട്ടടുത്തുള്ള വൃത്തിയുള്ള കുളം കുടിവെള്ളത്തിനായുള്ളതാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. ബംഗാളില്‍ മത്സ്യമുള്ള കുളങ്ങളായിരുന്നു സ്ത്രീധനമായി നല്‍കുകയെന്ന് വായിച്ചത് ഓര്‍ത്തു.
11.45ന് ഞങ്ങളുടെ ബസ് കക്കദ്വീപില്‍ എത്തി. മൂന്നര മണിക്കൂറോളം ഓടിയിരിക്കുന്നു. ലഘുഭക്ഷണം കഴിക്കാനായി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്ലാം പുറത്തിറങ്ങി. നിരവധി വാഹനങ്ങളാണ് അവിടെ റോഡരികില്‍ നിര്‍ത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ടാക്‌സികളും അവയ്ക്കിടയില്‍ ധാരാളം. യാത്രക്കാര്‍ കടകള്‍ക്ക് മുന്‍പില്‍ വെള്ളവും ലഘുപലഹാരങ്ങളും വാങ്ങാന്‍ തിരക്കുകൂട്ടുന്നു. ആ പട്ടണത്തില്‍ ധാരാളം ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തിയിരുന്നു.
15 മിനുട്ടിന് ശേഷമാണ് ബസ് പുറപ്പെട്ടത്. ഇതുവരെ സഞ്ചരിച്ചതിനെ അപേക്ഷിച്ച് വയലോളം താഴ്ന്ന പ്രദേശത്തുകൂടിയാണ് പ്രയാണം. ചുറ്റുപാടുകള്‍ക്ക് വെള്ളക്കെട്ടിന്റെ പ്രതീതി. കുറേക്കൂടി പോന്നതോടെ ഇടതിങ്ങിയ വൃക്ഷങ്ങള്‍ക്കിടയിലൂടെ തണ്ണീര്‍ത്തടങ്ങള്‍ ദൃശ്യമായി. പാടങ്ങള്‍ സൃഷ്ടിച്ച പച്ചപ്പിന്റെ പ്രകൃതി അപ്പോഴേക്കും കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്നു.
പത്തോര്‍ പോത്തിമയായിരുന്നു ഞാന്‍ കയറിയ ബസിന്റെ അവസാന സ്റ്റോപ്പ്. സമയം ഒരു മണിയായിരിക്കുന്നു. ആ സ്റ്റോപ്പില്‍ ഇറങ്ങാന്‍ മൂന്നു നാലു പേരെ അവശേഷിച്ചിരുന്നുള്ളൂ. ബസ് നിര്‍ത്തിയ ഇടം ഒരു ഓണംകേറാമൂലയാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. റോഡ് കഴിഞ്ഞാല്‍ ചുറ്റും ചതുപ്പ് പ്രദേശമായിരുന്നു. വെള്ളം വലിഞ്ഞ ചില കുഴികളില്‍ മൂന്നോ, നാലോ ഇഞ്ചു മാത്രം നീളമുള്ള പല്ലിയെപ്പോലുള്ള ജീവികള്‍ പിടയുകയും ഇടറിനീങ്ങുകയും ചെയ്യുന്നു. എന്തായാലും അത്രയും ചെറുത് മുതലക്കുഞ്ഞുങ്ങളാവില്ല.
ഗലിയിലൂടെ ടോട്ടോയില്‍
സമീപത്തെ മുറുക്കാന്‍ കടക്കാരനോട് സന്ദര്‍ബന്‍സിനെക്കുറിച്ച് അന്വേഷിച്ചു. നേരെ കാണുന്ന ഗലിയിലൂടെ കുറേക്കൂടി മുന്‍പോട്ടു നടന്നാല്‍ ടോട്ടോ കിട്ടുമെന്ന് ഇടതുവശത്തേക്ക് കൈചൂണ്ടി അയാള്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത വഴിയിലൂടെ നടന്നു. മൂന്നു നാലുപേരുമായി പോകാന്‍ ഒരുങ്ങുകയാണ് ഒരു ടോട്ടോ. എല്ലാവരും ആ പ്രദേശത്തെ പാസ്‌പോട്ടുള്ളവരാണ്. രണ്ടു പേര്‍ കൂടി കയറിയതോടെ അത് നീങ്ങി. കഷ്ടി രണ്ടു മീറ്ററേ വീതിയുണ്ടായിരുന്നു ആ വഴിക്ക്. എതിരേ വന്ന സൈക്കിള്‍ പ്രയാസപ്പെട്ടാണ് ടോട്ടോയെ കടന്നുപോയത്. ഫുട്പാത്തുപോലെ തോന്നിച്ച ആ വഴിയുടെ ഇരുവശങ്ങളിലും കൊച്ചുകൊച്ചു വീടുകള്‍ ചിതറിക്കിടക്കുന്നു. ചില ഭാഗങ്ങളില്‍ വഴിക്ക് കൂടുതല്‍ വീതി അനുഭവപ്പെട്ടു. മൂന്നു കിലോമീറ്ററോളം പോയതോടെ ടാര്‍ ചെയ്ത മറ്റൊരു റോഡിനരികില്‍ ടോട്ടോ എത്തി. ആളുകളെല്ലാം പണം നല്‍കി ആ റോഡിലേക്ക് നടന്നു. സമീപത്തായി കണ്ട ബോട്ടു ജെട്ടിയിലേക്കാണ് കൂടുതല്‍ പേരും പോകുന്നത്. അവര്‍ക്കൊപ്പം നടന്നു.
വേലിയിറക്കമായതിനാല്‍ മിതംഗബങ്ക ഉള്‍വലിഞ്ഞാണ് ഒഴുകുന്നത്. നദിയുടെ മറുകരയില്‍ ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍. സുപ്രസിദ്ധമായ സുന്ദര്‍ബന്‍സിന്റെ ഒരറ്റമായിരുന്നു ആ പ്രദേശം. സാമാന്യം വലുപ്പമുള്ള ഒരു ബോട്ടിലായിരുന്നു യാത്ര. ഗംഗയുടെ വീതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ആ പുഴ ചെറുതായിരുന്നു. ഒരുപക്ഷേ ഗംഗയുടെ പല ശാഖകളില്‍ ഒന്നാവാനും മതി ഈ മിതംഗബങ്ക. എന്തായാലും ഗംഗയിലെ ജലം അതിലുണ്ടാവുമെന്ന് ഉറപ്പ്.
പുഴകളുടെ സാമ്രാജ്യവും കടന്ന്
ചിത്രങ്ങളില്‍ കണ്ട സുന്ദര്‍ബന്‍സിന്റെ അതേ പ്രകൃതിഭംഗി. എക്കല്‍ അടിഞ്ഞ് ചളിക്കുളമായ തീരങ്ങള്‍. ബോട്ട് പുഴയുടെ മധ്യത്തിലെത്തിയതോടെ അനേകം കൈവഴികള്‍ ആ പുഴയില്‍ വന്നു ചേരുന്നത് കണ്ടു. അതൊരു പുഴകളുടെ സാമ്രാജ്യമായിരുന്നു. നിരവധി തോടുകളും പുഴകളുമാണ് ചാലുകള്‍ കീറിയപോലെ കിടക്കുന്നത്. ഒരു പുഴ തന്നെ കണ്ടലുകള്‍ക്കിടയില്‍ ചാലുകളായി ഒഴുകുന്നതുമാവാം.
മിതംഗബങ്കയുടെ ഇരുകരകളിലും ചെറിയ ജെട്ടികളായിരുന്നു. സുന്ദര്‍ബന്‍സിന്റെ ഭാഗമായ ഭഗവദ്പൂര്‍ പ്രദേശമായിരുന്നു ഞാന്‍ ബോട്ടിറങ്ങിയ ഇടം. ബോട്ടിലെ സഹയാത്രികനായ യുവാവ് രാമഗംഗ ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി. ബോട്ടില്‍ കയറിയ ഉടന്‍ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് വരുന്ന പത്രപ്രവര്‍ത്തകനായതിനാലാവണം അവന് ഉത്സാഹം.
സുന്ദര്‍ബന്‍സിന്റെ ഈ ഭാഗം ഉള്‍പ്പെടുന്നത് ആ റെയ്ഞ്ച് ഓഫിസിന് കീഴിലായിരുന്നു. ബിമല്‍ മൈത്തിയെന്ന കാഴ്ചക്ക് അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയായിരുന്നു റെയ്ഞ്ച് ഓഫിസര്‍. സുന്ദര്‍ബന്‍സിനെക്കുറിച്ച് കേരളത്തില്‍നിന്ന് എഴുതാനായി തനിച്ച് വന്നതാണെന്ന് ആ യുവാവ് ബംഗാളിയില്‍ അയാളോട് പറഞ്ഞു.
റെയ്ഞ്ചര്‍ ഹാര്‍ദ്ദവമായാണ് സ്വീകരിച്ചത്. ഒത്ത ഉയരവും വണ്ണവുമുള്ള ആളായിരുന്നു ഇരുനിറമുള്ള ആ ഉദ്യോഗസ്ഥന്‍. സുന്ദര്‍ബന്‍സിലെ കടുവാ സംരക്ഷണം ഭാരിച്ച ഉത്തരവാദിത്തമാണെന്ന് ഓഫിസും ആ മനുഷ്യന്റെ മുഖത്തെ ഭാവവുമെല്ലാം വ്യക്തമാക്കി. കടുവകള്‍ വസിക്കുന്ന ഭാഗത്തേക്ക് 300 മുതല്‍ 350 കിലോമീറ്റര്‍വരെ ബോട്ടില്‍ സഞ്ചരിക്കണമെന്ന് ബിമല്‍ മൈത്തി പറഞ്ഞു. കടുവകള്‍ കൂടുതലുള്ള പ്രദേശങ്ങളെക്കുറിച്ച് അവിടെ സ്ഥാപിച്ച ഭൂപടത്തിലൂടെ കൈ ചലിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ ഭാഗങ്ങളിലേക്ക് കടുവകള്‍ അത്യപൂര്‍വമായേ വരാറൂള്ളൂവെന്നതും ആ വാക്കുകളില്‍നിന്ന് ബോധ്യമായി.
കടുവകളെ കാണാന്‍
ഹൗറയില്‍ വച്ച് സുന്ദര്‍ബന്‍സിനെക്കുറിച്ച് സംസാരിക്കവേ വഴിപോക്കരില്‍ ഒരാളായിരുന്നു നേരിട്ട് സുന്ദര്‍ബന്‍സില്‍ ചെന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ കടുവയെ കാണാമെന്ന് പറഞ്ഞത്. മീന്‍പിടുത്തക്കാരായ ബോട്ടുകാര്‍ക്ക് ചെറിയ തുക നല്‍കിയാല്‍ കടുവകളുടെ വിഹാരഭൂമിയായ കണ്ടലുകള്‍ക്ക് ഇടയിലൂടെ ചുറ്റിയടിക്കാന്‍ കൂട്ടുപോന്നേക്കുമെന്ന ആ മനുഷ്യന്റെ വാക്കുകള്‍ക്ക് ലഹരിയുടെ വീര്യമുണ്ടായിരുന്നു.
സുന്ദര്‍ബന്‍സിലേക്ക് ഓടിയെത്താന്‍ പ്രചോദനമായ മനുഷ്യന്‍ ഇപ്പോഴും ഏതോ തെരുവിലൂടെ നടക്കുന്നുണ്ടാവാം. ഓരോ വര്‍ഷവും അന്‍പതോളം മനുഷ്യരെയാണ് ഇവിടെ കടുവ ഭക്ഷണമാക്കുന്നത്. കടുവയാല്‍ വിധവകളായ നിരവധി മുക്കുവസ്ത്രീകള്‍ താമസിക്കുന്ന ഒരു ഗ്രാമവും സുന്ദര്‍ബന്‍സിന്റെ ഏതോ ഒരു കോണില്‍ ഉള്ളതായി വായിച്ചിരുന്നു.
ഇരകളുടെ അപര്യാപ്തതയാവാം മനുഷ്യമാംസം രുചിക്കാന്‍ കടുവകളെ പ്രേരിപ്പിക്കുന്നത്. രണ്ടോ, മൂന്നോ ദിവസത്തെ പാക്കേജായി വന്നാലെ റോയല്‍ ബംഗാള്‍ കടുവകളുടെ ദര്‍ശന സൗഭാഗ്യം ലഭിച്ചേക്കൂ. രാവും പകലും കണ്ടലുകളിലൂടെ സുന്ദര്‍ബന്‍സിന്റെ പല ഭാഗങ്ങളിലും കറങ്ങിയിട്ടും ഒരൊറ്റ കടുവയെയും കാണാതെ നിരാശരായി മടങ്ങേണ്ടി വരുന്നവരെക്കുറിച്ചും ആ റെയ്ഞ്ച് ഓഫിസറില്‍നിന്ന് അറിയാനായി.
ബിമല്‍ മൈത്രിയോട് യാത്രപറഞ്ഞ് ഓഫിസ് കെട്ടിടത്തിന്റെ കോണിയിറങ്ങി റോഡിലേക്ക് വന്നു. അഞ്ചു മണിക്കൂറിലധികം സഞ്ചരിച്ചാണ് സുന്ദര്‍ബന്‍സ് തേടി ഈ ഓണംകേറാമൂലയില്‍ എത്തിയിരിക്കുന്നത്. അതിന് ഒരു പ്രയോജനവും ഇല്ലാതായിരിക്കുന്നു. നിരാശ ഉള്ളിലൊതുക്കി സമീപത്തെ ഒരു ഹോട്ടലില്‍ കയറി മട്ടനും ചോറും കഴിച്ചു. പ്ലാസ്റ്റിക്‌പോലുള്ള എന്തോ ചവയ്ക്കുന്നപോലെ അനുഭവപ്പെട്ടു നീളമുള്ള നേര്‍ത്ത ചോറ്. മട്ടന്‍ കറിയും മെച്ചമൊന്നുമില്ല. എങ്ങനെയെല്ലാമോ ഏതാനും പിടി ഉരുട്ടിവിഴുങ്ങി. ബോട്ട് ജെട്ടിയിലേക്ക് തിരിച്ചുനടന്നു. ബോട്ട് മറുകരയിലേക്ക് പുറപ്പെട്ടിട്ടേയുള്ളൂ. അത് തിരിച്ചെത്താന്‍ സമയമെടുക്കും.
ബപന്‍ ദാസ്
സുന്ദര്‍ബന്‍സിന്റെ ചുണക്കുട്ടി
ജെട്ടിയില്‍ ചുറ്റുപാടുകള്‍ നിരീക്ഷിക്കവേയാണ് ഫോറസ്റ്റ് വകുപ്പിന്റെ ബോട്ട് ഡ്രൈവറായ ബപന്‍ ദാസിനെ കണ്ടുമുട്ടിയത്. പുഴക്കരയില്‍ കെട്ടിനിര്‍ത്തിയ ഏതെങ്കിലും ഒരു ബോട്ടില്‍ ചുറ്റിയടിക്കാന്‍ സംവിധാനം ഉണ്ടാക്കാമെന്ന് അവന്‍ അറിയിച്ചു. ഏതോ ഒരു നമ്പറിലേക്ക് വിളിച്ചു. ആള്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്നും കാത്തുനില്‍ക്കാനും ഫോണ്‍ കട്ടുചെയ്ത ശേഷം അവന്‍ പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നിരന്തരം ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ പലപ്പോഴായി റോയല്‍ ബംഗാള്‍ കടുവകളെ അടുത്തു കണ്ട അനുഭവങ്ങള്‍ അവന്‍ അയവിറക്കി. പല ആവശ്യങ്ങള്‍ക്കുമായി രാവും പകലും ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യാറുണ്ട്. ഇരുട്ടില്‍ തിളങ്ങുന്ന കടുവകളുടെ കണ്ണുകള്‍ ഓര്‍ത്താല്‍ ഏത് ധൈര്യശാലിയും കിടുങ്ങിപ്പോകുമെന്ന വാക്കുകള്‍ ഇപ്പോഴുമുണ്ട് ഉള്ളില്‍, നടുക്കമായി. ബോട്ട് ജെട്ടിയിലേക്ക് നയിക്കുന്ന വീതികുറഞ്ഞ കോണ്‍ക്രീറ്റ് പാലത്തിന് സമീപത്തായി പുതഞ്ഞ ചളിയില്‍ ഒരു ബോട്ട് കയറ്റിവച്ചിരുന്നു. നേര്‍ത്തൊരു പലകയിലൂടെയാണ് ബോട്ടിലേക്ക് പോകേണ്ടത്. തറയില്‍നിന്ന് മൂന്നു നാലു മീറ്റര്‍ ഉയരത്തിലായിരുന്നു അലക്ഷ്യമായി ഇട്ടിരുന്ന ആ പലക. അതിലൂടെ ബോട്ടിലേക്ക് പോകാമോയെന്ന് അവന്‍ ചോദിച്ചപ്പോള്‍ എന്റെ സര്‍വമാന അസ്ഥികളും കോച്ചിവലിഞ്ഞു. ഞാന്‍ നോക്കിനില്‍ക്കേ ഒരു ചെറുചിരിയോടെ കുരങ്ങിന്റെ ചടുലതയോടെ അവന്‍ രണ്ടു തവണ ബോട്ടില്‍ പോയി മടങ്ങിവന്നു.
അവിശ്വസനീയതയോടെ ഉറ്റുനോക്കവേ താന്‍ സുന്ദര്‍ബന്‍സിന്റെ പുത്രനാണെന്ന് ചെറു ചിരിയോടെ അവന്‍ പറഞ്ഞു. ഞാന്‍ കയറിയിരുന്നെങ്കില്‍ ആദ്യ രണ്ടടി വയ്ക്കുമ്പോഴേക്കും വിറച്ച് പലകയോടൊപ്പം താഴത്തെ ചളിയില്‍ ആണ്ടുപോവുമെന്ന് തീര്‍ച്ച. അവന്റെ സ്‌നേഹത്തിനും സഹായ മനസ്തകയ്ക്കും നന്ദിപറഞ്ഞു പിരിഞ്ഞു.
സുന്ദര്‍ബന്‍സ് സന്ദര്‍ശനത്തിനായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണെന്ന് പശ്ചിമബംഗാള്‍ വിനോദസഞ്ചാര വികസന കോര്‍പറേഷ (ഡബ്ല്യു.ബി.ടി.ഡി.സി)ന്റെ ഓഫിസില്‍ ചെന്ന അവസരത്തില്‍ അറിഞ്ഞിരുന്നു. അവരുടെ ബ്രോഷറിലെ നിരക്കുകളും ഓര്‍മയിലേക്കെത്തി.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍വരെയുളള കാലത്താണ് സുന്ദര്‍ബന്‍സ് ട്രിപ്പുകള്‍ കോര്‍പറേഷന്‍ നടത്തുന്നത്. ഒരു രാവും രണ്ടു പകലും ഉള്‍പ്പെട്ട പാക്കേജിന് രണ്ടുപേര്‍ക്കുള്ള കൂപ്പെയില്‍ എം.വി ചിത്രരേഖ എന്ന വെസലിന് 11,800 രൂപയാണ് ഈടാക്കുന്നത്. ക്യാബിനില്‍ യാത്രചെയ്യാന്‍ ഒരാള്‍ക്ക് 5,280 രൂപയും ബര്‍ത്തിന് 4,730ഉം ലോവര്‍ ഡെക്കിന് 3,740 രൂപയുമാണ് നല്‍കേണ്ടത്. ഇതോടൊപ്പം നികുതിയും നല്‍കണം. ഇതുപോലെ വ്യത്യസ്തമായ നിരക്കുള്ള നിരവധി സര്‍വിസുകള്‍ കോര്‍പറേഷന് കീഴിലുണ്ട്. എന്നാല്‍ മൂന്നും നാലും ദിവസം നീളുന്ന പാക്കേജ് ട്രിപ്പുകള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ അയ്യായിരം മുതല്‍ പതിനായിരം വരെയാണ് വിവിധ ടൂര്‍ കമ്പനികള്‍ തലയെണ്ണി ഈടാക്കുന്നത്. ഡബ്ല്യു.ബി.ടി.ഡി.സിക്ക് കീഴിലും ഇത്തരം പാക്കേജുകളുണ്ട്.
ദരംതല, കാക്കദ്വീപ് വഴിയായിരുന്നു പത്തോര്‍ പോത്തിമയില്‍ എത്തിച്ചേര്‍ന്നതെങ്കില്‍ മറുകരയായ ഭഗവല്‍പ്പൂരില്‍നിന്നു ദോല വഴിയായിരുന്നു ഹൗറയിലേക്ക് മടങ്ങിയത്. 3.15ന് ആയിരുന്നു ബസ് പുറപ്പെട്ടത്. വന്ന വഴിയേ അപേക്ഷിച്ച് കുറച്ചുകൂടി നീര്‍വാര്‍ച്ചയുള്ള പ്രദേശമായിരുന്നു. പത്തോര്‍ പോത്തിമയില്‍ എത്തിച്ചേരാറായപ്പോള്‍ തണ്ണീര്‍ത്തടങ്ങളും വെള്ളക്കെട്ടുകളും ധാരാളമായി കണ്ടിരുന്നു. ഈ ഭാഗത്ത് വയലും കരപ്രദേശങ്ങളുമായിരുന്നു കൂടുതലും.
വൃത്തിയിലും വെടിപ്പിലും വസ്ത്രം ധരിച്ചവരായിരുന്നു എല്ലാവരും. സ്ത്രീകള്‍ മിക്കവരും പരുത്തി തുണികൊണ്ടുളള സാരികളായിരുന്നു അണിഞ്ഞിരുന്നത്. വിവാഹം കഴിയാത്ത പെണ്‍കുട്ടികളുടെ വേഷം ചൂരിദാറായിരുന്നു. പശ്ചിമബംഗാളിന്റെ ഡ്രസ് കോഡ് അതാണെന്ന് കൊല്‍ക്കത്ത ദിനങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. മലയാളികളെപ്പോലെ പശ്ചിമബംഗാള്‍ ജനതയും കുളിക്കും വൃത്തിക്കും പ്രാമുഖ്യം നല്‍കുന്നവരായിരുന്നു.
4.45 ആയപ്പോഴേക്കും കുല്‍പിയില്‍ എത്തിച്ചേര്‍ന്നു. പിന്നീട് രാവിലെ വന്ന വഴിയിലൂടെ ബസ് പ്രയാണം തുടര്‍ന്നു.
വൈകുന്നേരമായതിനാല്‍ കുല്‍പിയില്‍ തിരക്ക് പാരമ്യത്തിലെത്തിയിരുന്നു. തുടര്‍ച്ചയായി ഹോണ്‍മുഴക്കിയാണ് സമ്മേളനനഗരിയുടെ തൊട്ടു മുന്നിലൂടെയെന്നവണ്ണം തിരക്കിലൂടെ വാഹനങ്ങള്‍ ശ്രമപ്പെട്ട് നീങ്ങുന്നത്. പുലര്‍ച്ചെ ഇറങ്ങിയതാണ്. നേരം സന്ധ്യയോട് അടുക്കുന്നു. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയപ്പോഴേക്കും സന്ധ്യമൂടിയിരുന്നു. ഇനിയൊരു പകല്‍കൂടി ഈ നഗരത്തില്‍ അലയാനില്ലെന്ന ദു:ഖവുമായി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പുരിക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയമുണ്ട്. ഹൗറയിലെ തിരക്കിലൂടെ ഒരിക്കല്‍ കൂടി അലയാനുള്ള നഗരത്തിന്റെ വിളിയെ തടുക്കാനായില്ല. വെറുതെ നടന്നു. ആ വഴികളിലൂടെ എത്ര തവണ നടന്നാലും മതിവരില്ല. ഇനിയും ഒരുപാട് കാഴ്ചകള്‍ ഈ നഗരത്തില്‍ കാണേണ്ടതായുണ്ട്. മാസങ്ങള്‍ ചെലവഴിച്ചാലും കണ്ടു തീരാത്ത നഗരമാണ് കൊല്‍ക്കത്തയെന്ന് നഗരവാസികള്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണ്. ഇനിയും ഇതുവഴി എന്നെങ്കിലും വരാനായെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."