ഭീതിക്കിടയിലും കുപ്പിവെള്ളക്കൊള്ളയ്ക്ക് അറുതിയില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി പടരുമ്പോഴും കുപ്പിവെള്ളക്കൊള്ളയ്ക്ക് അറുതിയായില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി ഏകീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും പഴയ വില തന്നെ ഈടാക്കി ജനങ്ങളെ പിഴിയുകയാണ് വ്യാപാരികള്‍.
20 മുതല്‍ 25 രൂപ വരെയാണ് ഇപ്പോഴും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. പുതുക്കിയ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം എത്തിയിട്ടില്ലെന്നും പഴയ സ്റ്റോക്കാണെന്നുമാണ് വ്യാപാരികളുടെ വാദം. പൊള്ളുന്ന വേനലിനൊപ്പം കൊവിഡ് ഭീതിയുമായതോടെ നിര്‍ജലീകരണം തടയാന്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരെയാണ് അമിത വില ഈടാക്കി വ്യാപാരികള്‍ കൊള്ളയടിക്കുന്നത്.
എന്നാല്‍ മില്‍മയും ചുരുക്കം ചില കമ്പനികളും 13 രൂപയ്ക്കു കുപ്പിവെള്ളം വിപണിയിലെത്തിച്ചിട്ടുണ്ട്. ഐ.ആര്‍.സി.ടി.സിയുടെ റെയില്‍ നീരിന്റെ വിലയിലും മാറ്റമില്ല. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഹില്ലി അക്വ 10 രൂപ നിരക്കില്‍ തന്നെയാണ് വില്‍പന തുടരുന്നത്. സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ തണുപ്പിച്ച വെള്ളത്തിന് 20 രൂപ ഈടാക്കി കൊള്ളലാഭം ഉണ്ടാക്കാനും ചില വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്. നിലവാരമില്ലാത്ത ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവും വിപണിയിലുണ്ട്.
മാര്‍ച്ച് 17നാണ് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 1986ല്‍ നിലവില്‍വന്ന അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊളളിച്ചാണ് വില കുറച്ചത്. 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനത്തില്‍ കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അനധികൃത കമ്പനികളുടെ വിപണനം തടയാന്‍ ബി.ഐ.എസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ ഇനി വില്‍ക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ബി.ഐ.എസ് അനുമതിയുള്ള 220 കുപ്പിവെള്ള കമ്പനികളും 200ലധികം അനധികൃത കുപ്പിവെള്ള കമ്പനികളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ആറു രൂപ മാത്രം നിര്‍മ്മാണച്ചെലവു വരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളം നികുതി അടക്കം എട്ടു രൂപയ്ക്കാണ് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇത് 20നും 25നും വില്‍ക്കുമ്പോള്‍ 12 മുതല്‍ 17 രൂപ വരെയാണ് വ്യാപാരികള്‍ക്കു ലാഭം. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പും വില കുറച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പും അറിയിച്ചു.
എന്നാല്‍, വില ഏകീകരിച്ചതുമായി ബന്ധപ്പെട്ട് ശക്തമായ ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
2018 മാര്‍ച്ച് 22ന് കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കാന്‍ തയാറാണെന്നറിയിച്ച് കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ രണ്ടു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനായിരുന്നു തീരുമാനം. തുടര്‍ന്ന് വിവിധ കുപ്പിവെള്ള കമ്പനി പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ വില 13 രൂപയായി കുറയ്ക്കാമെന്ന തീരുമാനത്തിലെത്തിയെങ്കിലും വന്‍കിട കുപ്പിവെള്ള കമ്പനികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വില ഏകീകരണം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വില ഏകീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."