യൂറോപ്പില്‍ മരണം 5,000 കവിഞ്ഞു
റോം: തുടക്കവും ആദ്യഘട്ടത്തിലെ കൂട്ടമരണങ്ങളും ചൈനയിലായിരുന്നെങ്കിലും, നിലവില്‍ കൊവിഡ് കൂടുതല്‍ ഭീതി പരത്തുന്നത് യൂറോപ്പിലാണ്. ഇതില്‍, ഇറ്റലിയിലാണ് കൊവിഡിന്റെ സംഹാരതാണ്ഡവം. ചൈനയെ പിന്നിലാക്കി, ഇറ്റലിയില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. സര്‍വവിധത്തിലും പ്രതിരോധത്തിലായ ഇറ്റലി, മറ്റു രാജ്യങ്ങളോട് സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയില്‍ 627 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍വച്ച് ഏറ്റവും കൂടിയ കണക്കാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത് നാലാമത്തെ ആഴ്ചയിലൂടെയാണ് ഇറ്റലി ഇപ്പോള്‍ കടന്നുപോകുന്നത്. നിലവില്‍ ഇറ്റലിയിലെ മരണസംഖ്യ 4,032 ആണ്. ചൈനയില്‍ 3,248 ആയിരുന്നു മരണസംഖ്യ. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നു മാത്രമല്ല, പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതും കുറവാണ്. അതേസമയം, സ്‌പെയിനിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1,002 ആയിരുന്നത് ഇന്നലെ 1,500 കടന്നിട്ടുണ്ട്.
കൊവിഡ് ഭീതിയെ തുടര്‍ന്ന് പാകിസ്താന്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും രണ്ടാഴ്ചത്തേയ്ക്ക് റദ്ദാക്കി. പാകിസ്താനില്‍ ഇതുവരെ മൂന്നുപേര്‍ മരിക്കുകയും 481 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നാലുപേര്‍ മരിക്കുകയും 273 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ഹോങ്കോങ്ങില്‍ എല്ലാ പരീക്ഷകളും മാറ്റിവച്ചു.
മൗറീഷ്യസിലും ഇന്നലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇവിടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ജിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീനില്‍ 52 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറാനില്‍ കഴിഞ്ഞ ദിവസം മാത്രം 123 പേര്‍ മരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,556 ആയി. 20,610 പേര്‍ക്കാണ് ഇറാനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫിലിപ്പൈന്‍സില്‍ പുതുതായി 45 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 307 ആയി. ഇന്തോനേഷ്യയില്‍ 450 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
38 പേര്‍ മരിച്ചു. ഒമാനിലും പുതിയതായി നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആസ്‌ത്രേലിയയിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം മുതല്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെത്തെ പബ്ബുകളും ഭക്ഷണശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു. കൂടാതെ അവധിയിലുള്ള ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങി എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."