എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി: ആദ്യദിനത്തില്‍ ആഹ്ലാദം; ഭാഷ എളുപ്പമായി
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യദിവസം വിദ്യാര്‍ഥികളില്‍ ആഹ്ലാദം. ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ ദിവസം ഭാഷാ വിഷയങ്ങളായിരുന്നു. മലയാളം, അറബിക്, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷാ വിഷയങ്ങളില്‍ നടന്ന പരീക്ഷ താരതമ്യേന എളുപ്പമായത് ആദ്യദിനത്തില്‍ തന്നെ കുട്ടികള്‍ക്ക് തൊല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്.
മലയാളത്തില്‍ 40 മാര്‍ക്കിനുളള മുഴുവന്‍ ചോദ്യങ്ങളും പാഠപുസ്തകത്തെ ആസ്പദമാക്കി ഉളളതായിരുന്നു. പുസ്തകം നന്നായി പഠിച്ച വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിക്കാന്‍ ഏറെ സാധ്യതയുളള തരത്തിലായിരുന്നു ചോദ്യങ്ങള്‍. പന്ത്രണ്ടാം ചോദ്യമായ ശരണ്‍കുമാര്‍ ലിംബാളെ എന്ന വടക്കെ ഇന്ത്യന്‍ സാഹിത്യകാരന്റെ ജീവിതസന്ദേശത്തെ കുറിച്ച് കുറിപ്പെഴുതാനുളള ചോദ്യം മിക്ക കുട്ടികള്‍ക്കും ഏറെ ഇഷ്ടമായി. പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാര്‍ഥികളോട് ഏറ്റവും നന്നായി എഴുതിയ ഉത്തരം ഏതെന്ന ചോദ്യത്തിന് ഒറ്റ മറുപടിയായിരുന്നു. ലിംബാളെയുടെ ജീവിതസന്ദേശമെന്ന്.
ഇന്നലെ നടന്ന അറബിക് ചോദ്യവും വളരെ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംസ്‌കൃതം, ഉറുദു വിഷയങ്ങളുടെയും ചോദ്യങ്ങള്‍ താരതമ്യേന എളുപ്പമാണെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."