റമദാന്‍ വിപണിയില്‍ ഈത്തപ്പഴം തന്നെ താരം
ദമാം: റമദാനില്‍ അഥവാ നോമ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പഴം ഈത്തപ്പഴമാണ്. പല തരം പഴങ്ങളും സുലഭമാണെങ്കിലും ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍ പ്രത്യേകം പുണ്യകരം എന്നതാണ് ഈത്തപ്പഴത്തെ നോമ്പു കാലത്തു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാക്കി മാറ്റുന്നത്. നോമ്പ് തുറക്കാന്‍ ഏറ്റവും ആദ്യം ഉപയോഗിക്കുന്ന പഴം എന്നതിലുപരി അറബികള്‍ക്ക് ഈന്തപ്പഴം ഒരു വികാരമാണ്. എന്നാല്‍ നാട്ടിലും മറുനാട്ടിലും അതൊരു ആചാരം കൂടിയാണ്.
റമദാന്‍ പിറന്നതോടെ വിപണിയാകെ ഈത്തപ്പഴ മികവ് കൊണ്ട് അലങ്കാര പൂരിതമാണ് അറബ് നാടുകളില്‍. അത്യുഷ്ണം അനുഭവപ്പെടുന്ന മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ മധുരവും അതോടൊപ്പം നിറയെ മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളും നിറച്ച് മനുഷ്യര്‍ക്ക് ഭൂമി കനിഞ്ഞരുളി തന്ന പഴവും കൂടിയാണ് ഈത്തപ്പഴം. പോഷകസമൃദ്ധിയും ഔഷധ സമൃദ്ധിയും കൊണ്ട് സമ്പന്നമാണ് ഈ കൊച്ചു പഴം. അറബ് നാടുകളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ഒരു ഉപജീവന മാര്‍ഗ്ഗം കൂടിയാണ് ഈത്തപ്പഴം. വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള ഈത്തപ്പഴം മാര്‍ക്കറ്റുകളില്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്ന കാഴ്ച തന്നെ ഏറെ ആകര്‍ഷകമാണ്. സഊദി അറബിയയിലെ ഈത്തപ്പഴത്തിനു പേര് കേട്ട സ്ഥലങ്ങളാണ് മദീനയും അല്‍ ഹസ്സയും, കൂടാതെ ജോര്‍ദാന്‍, ടുണീഷ്യ, ഒമാന്‍, അല്‍ ഐന്‍, ഇറാന്‍, ഇറാഖ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിപണിയികളിലേക്ക് ഈത്തപ്പഴങ്ങള്‍ എത്തുന്നത്.
ഇക്കൂട്ടത്തില്‍ ഈത്തപ്പഴങ്ങളുടെ രാജാവായി അറിയപ്പെടുന്ന മദീനയിലെ അജ്‌വ എന്ന ഈത്തപ്പഴത്തിനാണ് വിപണിയില്‍ ഏറെ പ്രാധാന്യം. അറബികളുടെ ഇടയിലും കൂടുതല്‍ പ്രിയം അജ്‌വക്കു തന്നെ. എന്നിരുന്നാലും മദീനയിലെ മറ്റു പഴങ്ങള്‍ക്കും പ്രത്യേകം ഡിമാന്റ് ഉണ്ട്. മുഴുവന്‍ പഴുക്കാതെ മുക്കാല്‍ ഭാഗം പഴുത്ത റുതാബ് എന്ന ഈത്തപ്പഴവും നോമ്പ് തുറയ്ക്ക് മുന്‍പന്തിയില്‍ ആണ്.
നമ്മുടെ നാടുകളില്‍ ഏറെ പ്രചാരണമുള്ള ഈത്തപ്പഴമാണ് തംര്‍. പൂര്‍ണ്ണമായും ഉണങ്ങിയ ഇത്തരത്തിലുള്ള ഈത്തപ്പഴം എല്ലാ നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവ തന്നെ. കൂടുതല്‍ കാലം നില്‍ക്കുന്നതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആയി കൊണ്ടുപോകുന്നവയും ഇത്തരത്തിലുള്ള ഉണക്ക ഈത്തപ്പഴങ്ങളാണ് .
മദീനയില്‍ എത്തുന്ന വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ വാങ്ങി കൂട്ടുന്നതും മദീനയിലെ അജ്‌വ എന്ന പ്രത്യേക ഈത്തപ്പഴം തന്നെയാണ്. പ്രവാചകന് ഏറ്റവും ഇഷ്ടമുള്ള വളരെ പ്രത്യേകതയുള്ള ഈ ഈത്തപ്പഴത്തിനു മാത്രമായി പ്രത്യേകം ഷോപ്പുകള്‍ തന്നെയുണ്ട്. സഊദിയില്‍ നിന്നു തന്നെയുള്ള സഫാവി, സകായി, സുകരി എന്നിവയും ജോര്‍ദാനില്‍ നിന്നെത്തുന്ന മസ്ദൂള്‍ എന്നിവയും രുചിയുടെ രാജാക്കന്മാരാണ്. കൂടാതെ മബ്‌റൂം, കുദാരിം, സഫാരി തുടങ്ങി പല തരത്തിലും പല നിറത്തിലും ഉള്ള ഈന്തപ്പഴങ്ങള്‍വിപണിയില്‍ സുലഭമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."