മാനന്തവാടി ബിവറേജ് ഔട്ട്‌ലറ്റ്; വനിതാദിനത്തില്‍ ആദിവാസി അമ്മമാരുടെ വേറിട്ട സമരം
മാനന്തവാടി: കഴിഞ്ഞ 400 ദിവസമായി വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലറ്റിന് മുന്നില്‍ സമരം നടത്തി വരുന്ന ആദിവാസി വീട്ടമ്മമാര്‍ വനിതാ ദിനത്തില്‍ വേറിട്ട സമരം നടത്തി ശ്രദ്ധേയമായി. രാവിലെ ഗാന്ധി പാര്‍ക്കിന് മുന്നിലാണ് വിലാപസമരം നടത്തിയത്. സമരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരുമായ നിരവധിപേര്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ വിലാപത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് തൊട്ടടുത്ത എം.എല്‍.എ ഓഫിസിലേക്ക് ശയന പ്രദക്ഷിണം നടത്തി. സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളാണ് റോഡിലൂടെ കിടന്നുരുണ്ട് കൊണ്ട് സമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കാത്തതിലുള്ള പ്രതിഷേധം എം.എല്‍.എയെ അറിയിച്ചത്. തുടര്‍ന്ന് ഔട്ട്‌ലെറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുകയും നിരന്തരം പുതുക്കി നല്‍കുകയും ചെയ്യുന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുകയും ചെയ്തു.
ധര്‍ണ നരഗസഭാ കൗണ്‍സിലര്‍ അഡ്വ. റഷീദ് പടയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സമരങ്ങള്‍ക്ക് മാക്ക പയ്യമ്പള്ളി, വെള്ളസോമന്‍, കമല, ഓമന, ശാന്തകുമാരി, മെഴ്‌സി മാത്യു, ജാനു, സുബൈര്‍ ഓണിവയല്‍, കെ.എം റഫീഖ്, മുഹമ്മദ് ആരങ്ങാടന്‍, കെ.ആര്‍ ഗോപി, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ധര്‍ണയില്‍ ജഷീര്‍ പള്ളിവയല്‍, എം. മണികണ്ഠന്‍, ഫാ.മാത്യുകാട്ടറത്ത്, ജോണ്‍മാസ്റ്റര്‍, പി.കെ മാധവന്‍, ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദിവാസി ഫോറം, മദ്യനിരോധന സമിതി, മദ്യവിരുദ്ധ ജനകീയ മുന്നണി, ഗാന്ധിദര്‍ശന്‍വേദി, എസ്.സി, എസ്.ടി കോണ്‍ഫെഡറേഷന്‍, കെ.സി.ബി.സി തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ സമരങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."