സാമൂഹ്യ ശരിദൂരം അതിജീവനത്തിന്
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് - 19 ലോകം കീഴടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ കൈയിലുള്ള ഒരു പ്രധാന ആയുധമാണ് സാമൂഹ്യ ശരിദൂരം അഥവാ സോഷ്യല്‍ ഡിസ്റ്റന്‍സിങ്. സാമൂഹ്യ ശരിദൂരം എന്നത് സാമൂഹ്യ സമ്പര്‍ക്ക വിലക്ക് എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യ ശരിദൂരം എന്ന ആശയം നാം എല്ലാവരും മനസ്സിലാക്കേണ്ടതായുണ്ട്, അത് പാലിക്കപ്പെടേണ്ടതുണ്ട്.
എന്തിന്?
കൊവിഡ് -19 ദ്രുതഗതിയില്‍ പടരുന്നതാണെന്നു മനസിലാക്കണം. ഒരു രോഗ ബാധിതനില്‍നിന്ന് ശരാശരി മൂന്ന് പേര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടാകാം എന്നതാണ് കണക്കുകള്‍. നിപാക്ക് ഇത് വെറും 0.5 മാത്രമായിരുന്നു എന്നറിയുമ്പോള്‍ ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടും. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപ്പകര്‍ച്ചയും സാമൂഹ്യ വ്യാപനവും നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനം ആളുകള്‍ എത്ര തവണ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നതും ഓരോ സമ്പര്‍ക്കവും എത്രനേരം നീണ്ടുനില്‍ക്കുന്നു എന്നതുമാണ്. സാമൂഹ്യ ശരിദൂരം കൃത്യമായി പാലിച്ചാല്‍ വൈറസിന്റെ വ്യാപനം തടയാനോ അല്ലെങ്കില്‍ താമസിപ്പിക്കാനോ സാധിക്കും.
ആര്, എങ്ങനെ?
സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യ ശരിദൂരം പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. കഴിയുന്നത്ര ബന്ധുക്കളുള്‍പ്പെടെയുള്ള ആളുകളുമായുള്ള അടുത്ത സമ്പര്‍ക്കം സമൂഹത്തില്‍ കുറയ്ക്കുക എന്നത് തന്നെയാണ് ഇതിന്റെ സാമൂഹ്യ ശരിദൂരത്തിന്റെ അടിസ്ഥാന ആശയം. അനാവശ്യമായ യാത്രകള്‍, ഒത്തുചേരലുകള്‍, പൊതുസ്ഥല സന്ദര്‍ശനങ്ങള്‍ എ ഒഴിവാക്കുക എന്നതാണ് അതിന്റെ കാതല്‍. ആവശ്യമുള്ളത് ഒന്നും ഒഴിവാക്കേണ്ടതില്ല.
വീടിനു പുറത്തിറങ്ങാന്‍
പാടില്ല എന്നാണോ?
സാമൂഹ്യ ശരിദൂരം പാലിക്കുമ്പോള്‍ വീടിനു പുറത്തിറങ്ങാതിരിക്കുക തന്നെയാണ് നല്ലത്. എന്നാല്‍ അത്തരം കാര്‍ക്കശ്യമല്ല ഉദ്ദേശിക്കുന്നത്. അനാവശ്യ കാര്യങ്ങളും മാറ്റിവയ്ക്കാവുന്ന കാര്യങ്ങളും ഒഴിവാക്കണം എന്നുമാത്രം. നമ്മുടെ ജീവിത രീതികള്‍ കുറച്ച് നാളത്തേക്ക് ഒന്നു പുനക്രമീകരിക്കണം എന്ന് പറയുന്നതാവും കുറേക്കൂടി നല്ലതെന്നു തോന്നുന്നു. എല്ലാ ആഴ്ചകളിലും കടയില്‍ പോയിരുന്നത് മാസത്തില്‍ ഒന്നാക്കാന്‍ കഴിയില്ലേ എന്ന് നമുക്ക് ചിന്തിച്ചുകൂടേ? ആഴ്ചയില്‍ മൂന്ന് ദിവസം കടയില്‍ പോയിരുന്നത് ആഴ്ചയില്‍ ഒന്നാക്കാന്‍ കഴിയുമോ? ഒരുപാട് ദൂരെയുള്ള കടയില്‍ ഇടയ്ക്കിടെ പോകുന്നതിന് പകരം തൊട്ടടുത്തുള്ള കടയില്‍ പോകാന്‍ കഴിയുമോ? ഇതെല്ലാം നമ്മളാല്‍ കഴിയും വിധം പുനക്രമീകരിക്കണം എന്ന് മാത്രം. വാങ്ങുന്ന സാധനങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോള്‍ സമൂഹ സമ്പര്‍ക്കം സ്വാഭാവികമായും താല്‍ക്കാലികമായി കുറയും. ഇതുവഴി നിങ്ങള്‍ സ്വയ രക്ഷയും സമൂഹത്തിന്റെ രക്ഷയും ഉത്തരവാദിത്തത്തോടെ ചെയ്യുന്നു എന്നാണര്‍ഥം.
ഹോട്ടലുകളില്‍ പോകാന്‍
സാധിക്കുമോ?
നിങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു അത്യാവശ്യ കാര്യങ്ങളും വേണ്ടന്നുവയ്ക്കണമെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പക്ഷെ, വീടിനടുത്തുള്ള തിരക്കൊഴിഞ്ഞ ഹോട്ടലില്‍ പോകാം. അല്ലെങ്കില്‍ പാഴ്‌സല്‍ വാങ്ങി വീട്ടില്‍ പോയി കഴിക്കാം. അല്ലെങ്കില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഹോട്ടലുകളില്‍ തന്നെ ഒരു മീറ്റര്‍ അകലത്തില്‍ ടേബിളുകള്‍ ക്രമീകരിക്കാം. സാമൂഹ്യ ശരിദൂരം പാലിക്കുമ്പോള്‍ത്തന്നെ ഒരടി അപ്പുറത്തുള്ള ടേബിളിലുള്ള ആളിനോട് വര്‍ത്തമാനം പറഞ്ഞ് ആഹാരം കഴിക്കുന്നതോടെ ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് രോഗത്തിലേക്ക് നയിക്കും.
വ്യായാമം ചെയ്യാന്‍ കഴിയുമോ?
തീര്‍ച്ചയായും ചെയ്യണം. പലരും വന്നുപോകുന്ന ജിം ഉപയോഗിക്കുന്നതിന് പകരം വീടിനടുത്ത് നടക്കാനോ, ഓടാനോ പോകാം. സൈക്കിള്‍ ചവിട്ടാം, വീടിനകത്ത് തന്നെ വ്യായാമം ചെയ്യാം. അങ്ങനെ വ്യായാമ രീതികള്‍ പുനക്രമീകരിക്കണം എന്ന് മാത്രം.
ഓഫിസ് അവധി നല്‍കിയിട്ടില്ല,
അത് പ്രശ്‌നമാകില്ലേ?
ആവശ്യമുള്ള ഒരു കാര്യങ്ങള്‍ക്കും തടസമില്ല. ജോലി ചെയ്യുക തന്നെവേണം. ഐ.ടി കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ എടുക്കാം. മീറ്റിങ്ങുകളും പരിശീലനങ്ങളും ഓണ്‍ലൈന്‍ ആക്കാം. ഉച്ചഭക്ഷണ സമയത്ത് എല്ലാവരും ഒരുമിച്ച് ഒത്തുകൂടുന്നതിന് പകരം പല ഷിഫ്റ്റുകള്‍ ആക്കാം.
പൊതുഗതാഗത സംവിധാനം
ഉപയോഗിക്കാമോ?
ആവശ്യമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്ന് മാത്രം. എങ്കിലും സുരക്ഷിതത്വം നിങ്ങളുടെ കൈകളില്‍ തന്നെയാണ്. അടുത്തുള്ള ആളില്‍ നിന്ന് രോഗം പകര്‍ന്നേക്കാം. അപ്പോള്‍ യാത്രകള്‍ ഒഴിവാക്കി സ്വയം സൂക്ഷിക്കുന്നതുതന്നെയല്ലേ നല്ലത്.
കുട്ടികള്‍ വീടിനു പുറത്തിറങ്ങി
കളിക്കാമോ?
കുട്ടികള്‍ വീടിനു പുറത്തിറങ്ങി കളിക്കുന്നതില്‍ തെറ്റില്ല. ഒരുപാട് കുട്ടികള്‍ ഒരുമിച്ച് വേണ്ട എന്ന് മാത്രം. നമ്മുടെ വീട്ടിലെ കുട്ടികളും അപ്പുറത്തെ വീട്ടിലെ കുട്ടികളും കൂടി മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന് കളിക്കട്ടെ. അസുഖമുള്ളത് ഇത്തരുണത്തില്‍ ബുദ്ധിമുട്ടാകും. വലിയ പാര്‍ക്കുകള്‍ ഒഴിവാക്കാം. വീടിനടുത്തുള്ള ചെറിയ പാര്‍ക്കുകളില്‍ തിരക്കൊഴിഞ്ഞ സമയം പോകാം. അനാവശ്യ വിനോദയാത്രകള്‍ ഒഴിവാക്കാം.
മറ്റു മുന്‍കരുതലുകള്‍
വേണ്ട എന്നാണോ?
അല്ല. ഇതോടൊപ്പം കൈകള്‍ കഴുകുക എന്ന ശീലവും രോഗമുള്ളവരുടെ അടുത്ത് അനാവശ്യ സമ്പര്‍ക്കം ഒഴിവാക്കുകയും നമുക്ക് ശ്വാസകോശ രോഗലക്ഷണം ഉണ്ടെങ്കില്‍ വീടിനുള്ളില്‍ കഴിയുക എന്നതും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ തോര്‍ത്തോ ഉപയോഗിച്ച് വായ് മൂടുക എന്നതും കൃത്യമായി പാലിക്കപ്പെടണം. വിടിനുള്ളില്‍ പ്രവേശിച്ച ഉടനെയും മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കും കൈ കഴുകുന്നത് ശീലമാക്കണം.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ശരിദൂരം പാലിച്ചാല്‍ പോരെ?
പോര. ഇത് സമൂഹത്തിലെ ഓരോ പൗരനും പാലിക്കണം. അങ്ങനെ ആണെങ്കില്‍ മാത്രമേ വൈറസ് വ്യാപനം നമുക്ക് ഫലവത്തായി തടയാനാകൂ.
സമൂഹ ബന്ധങ്ങള്‍ക്ക്
വിള്ളലുണ്ടാകില്ലേ?
അത് ഉണ്ടാകാതെ ബോധപൂര്‍വം ശ്രമിക്കാവുന്നതേയുള്ളൂ. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഫോണ്‍, വിഡിയോ കോള്‍ തുടങ്ങിയവയിലൂടെ നിരന്തര സമ്പര്‍ക്കം തുടരണം, പ്രത്യേകിച്ച് പ്രായമായ ആളുകളുമായി.
എങ്ങനെ കാണണം?
സാമൂഹ്യ ശരിദൂരം ഭയത്തോടെ ചെയ്യേണ്ട ഒന്നല്ല. പൗര ബോധത്തോടെ നാടിനു വേണ്ടി തീര്‍ത്തും പോസിറ്റീവായി കാണണം. അനാവശ്യ കാര്യങ്ങള്‍ മാറ്റിവയ്ക്കുമ്പോള്‍ ലഭിക്കുന്ന അധിക സമയം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. കുടുംബാംഗങ്ങളുടെ കൂടെ അധികം സമയം ചെലവഴിക്കാം, സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താം, വ്യായാമം ചെയ്യാം, പുസ്തകം വായിക്കാം, പുതിയ കാര്യങ്ങള്‍ പഠിക്കാം, ആഹാരം പാകം ചെയ്യാം, അയല്‍ക്കാരുമായി സൗഹൃദം പങ്കിടാം തുടങ്ങി സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു കാലഘട്ടമായി ഇതിനെ കാണണം.
നമുക്ക് ആവശ്യമുള്ള ഒരു കാര്യങ്ങളും ചെയ്യാന്‍ തടസമില്ല, പക്ഷേ അനാവശ്യ കാര്യങ്ങള്‍ പാടില്ലതാനും. ബോധപൂര്‍വം നാടിനു വേണ്ടി ചെയ്യുന്ന ജീവിതചര്യയിലെ ഒരു മാറ്റമാണിത്. ഷേക്ക് ഹാന്‍ഡിനു പകരം നമസ്‌കാരവും സലാമും ശീലമാക്കാം. ഒരു മീറ്റര്‍ അകലം പൊതുസ്ഥലങ്ങളില്‍ എല്ലാവരുമായി പാലിക്കാം. പക്ഷേ ആവശ്യം വന്നാല്‍ സഹായിക്കാന്‍ കരങ്ങള്‍ നീട്ടാന്‍ ഒരു മടിയും കാണിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."