ഇവരുടെ ചിത്ര വിസ്മയങ്ങള്‍
രൂപത്തിലും വേഷത്തിലും ഭാവത്തിലും മാത്രമല്ല, ചിന്തയിലും അഭിരുചിയിലുമെല്ലാം അപൂര്‍വ സാമ്യതകൊണ്ട് വിസ്മയമാണ് ഈ ഇരട്ട സഹോദരങ്ങള്‍. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സ്വദേശി പരേതനായ പനയത്തില്‍ സയ്യിദ് മുത്തുക്കോയ തങ്ങളുടെയും ശരീഫ ബീവിയുടെയും എട്ടുമക്കളിലെ ഇരട്ട സഹോദരങ്ങളാണ് സയ്യിദ് ആബിദും സയ്യിദ് ഹാമിദും. മതപഠനം, ചിത്രരചന, ആയോധനകല, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം തങ്ങളുടെതായ മുദ്ര പതിപ്പിച്ചവരാണ് ഇരുവരും. അബൂദബിയിലെ മദീന സാഇദിലാണ് ഇരുവരും ജനിച്ചതും ബാല്യം ചെലവഴിച്ചതും. മദീന സാഇദ് ഹംദാന്‍ റോഡിലെ സാനി മുര്‍ശിദ് മസ്ജിദില്‍ ഇമാമായിരുന്നു പിതാവ് മുത്തുക്കോയ തങ്ങള്‍. വളരെ ചെറുതിലേ തന്നെ ചിത്രരചനയുടെ തോഴന്മാരായിരുന്നു ഇരുവരും. വീട്ടിലെ ചുവരുകളിലും വാതിലുകളിലും പെന്‍സിലുകള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. വീട്ടുചുമരും വാതിലും കടന്ന് വരയുടെ കാന്‍വാസ് പള്ളിയുടെ ചുമരുകളായതോടെ വീട്ടില്‍ നിന്ന് പെന്‍സില്‍ ലഭിക്കാതെയായി.
പക്ഷേ, വരകളോടുള്ള അഭിനിവേശം അതുകൊണ്ടൊന്നും ഇല്ലാതായില്ല. പെന്‍സിലുകള്‍ക്ക് പകരം ബാറ്ററിക്കകത്തെ കാര്‍ബണ്‍ പുറത്തെടുത്ത് വര തുടര്‍ന്നു. എട്ടു വര്‍ഷത്തോളം അബൂദബിയില്‍ ചെലവഴിച്ച ശേഷം നാട്ടില്‍ വന്നതോടെ ചിത്രരചനയില്‍ കാര്യമായ പുരോഗതിയുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കരവമ്പ്രം വെസ്റ്റ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരായിരുന്ന തങ്കമ്മ ടീച്ചര്‍, ഇന്ദിര ടീച്ചര്‍ എന്നിവര്‍ ആബിദിന്റെയും ഹാമിദിന്റെയും വരയ്ക്കാനുള്ള കഴിവ് കണ്ടെത്തുകയും വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പഠിച്ച പട്ടര്‍കുളം എ.യു.പി സ്‌കൂളിലും ഇരുവരെയും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍ മുന്നോട്ടു വന്നു. പ്രധാനാധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റര്‍, ഉമര്‍ മാസ്റ്റര്‍, ജയശ്രീ ടീച്ചര്‍ തുടങ്ങിയവരുടെ പ്രോത്സാഹനങ്ങള്‍ ഇരുവര്‍ക്കും പുതിയ സാധ്യതകള്‍ തുറന്ന് കൊടുക്കുകയായിരുന്നു. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, അക്രിലിക് പെയ്ന്റിങ്, ഓയില്‍ പെയ്ന്റിങ് തുടങ്ങിയ മാധ്യമങ്ങളിലെല്ലാം ജീവസ്സുറ്റ രചനകള്‍ നടത്തിയിട്ടുണ്ട് ഇരുവരും.
നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണശാലീനതയും ഗൃഹാതുരമായ ഓര്‍മകളുടെ ആര്‍ദ്രതീരത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന കാഴ്ചകളും അപരിമേയനായ കലാകാരന്‍ പ്രകൃതിയില്‍ ചാര്‍ത്തിയ ഹരിതാഭയും പൂക്കളും പുല്‍മേടുകളും ജലാശയങ്ങളും ഗിരിനിരകളുമെല്ലാമാണ് ഇരുവരുടെയും സൃഷ്ടികളുടെ പ്രധാന വിഷയങ്ങള്‍.
സ്‌കൂള്‍ കലോത്സവങ്ങളില്‍ ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ഇരുവരുമിപ്പോള്‍ ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥികളാണ്. തങ്ങളുടെ ഒഴിവുസമയങ്ങളാണ് ചിത്രരചനയ്ക്കായി നീക്കിവയ്ക്കുന്നത്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ക്ക് നിറം പകരുന്ന ഇരുവരും ചിത്രരചനയില്‍ ഔദ്യോഗിക പരിശീലനങ്ങളോ ഔപചാരിക പഠനങ്ങളോ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഫിംഗര്‍ ടിപ്‌സ്
ചിത്രരചനാ രംഗത്തെ സുപ്രധാനമായ ഒരു ചുവടുവയ്പ്പായിരുന്നു 'ഫിംഗര്‍ ടിപ്‌സ് 'എന്ന് നാമകരണം ചെയ്ത് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ഈ മാസം 8 മുതല്‍ 12 വരെ സംഘടിപ്പിച്ച സയ്യിദ് ആബിദിന്റെ ചിത്രപ്രദര്‍ശനം. ആറു മാസത്തിനിടെ ഒഴിവുസമയങ്ങളില്‍ രചന നടത്തിയ മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. കാലിക്കറ്റ് പ്രസ് ക്ലബ് അധ്യക്ഷന്‍ കമാല്‍ വരദൂരാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സുഹൃത്തുക്കളുടെ പിന്തുണയും കുടുംബത്തിന്റെ പ്രോത്സാഹനവുമാണ് പ്രദര്‍ശനം നടത്താന്‍ പ്രചോദനമായതെന്ന് സയ്യിദ് ആബിദ് പറയുന്നു. പ്രഥമ പ്രദര്‍ശനത്തില്‍ നിന്ന് ലഭിച്ച പ്രചോദനം ഊര്‍ജമാക്കി വീണ്ടും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനുള്ള ആവേശത്തിലാണ് ഇരുവരും. മതവിദ്യാര്‍ഥികള്‍ കൂടിയായ ഇവരുടെ വരുന്ന പ്രദര്‍ശനം അറബിക് കാലിഗ്രഫിയിലായിരിക്കുമെന്നും ഇവര്‍ പറയുന്നു.
ആയോധനകല
കാന്‍വാസില്‍ ചായങ്ങള്‍ കൊണ്ട് ചമയം തീര്‍ക്കുന്ന ഇരുവരും ആയോധനകലയിലെ രാജാവായ ചൈനീസ് കുങ്ഫു അഭ്യാസികളുമാണ്. അബൂദബിയിലെ ജീവിതകാലത്താണ് ആയോധനകലകളോട് ഇരുവര്‍ക്കും ആഗ്രഹം ഉടലെടുക്കുന്നത്. അറബിപ്പിള്ളേര്‍ കരാട്ടെയുടെയും കുങ്ഫുവിന്റെയും യൂണിഫോമുകളണിഞ്ഞ് തെരുവില്‍ പരീശീലനം നടത്തുന്നത് തുടര്‍ച്ചയായി കണ്ട ആബിദിനും ഹാമിദിനും കൈയും കാലും തരിച്ചു കയറി. പരിശീലനം കണ്ട ആവേശത്തില്‍ പലപ്പോഴും അറബിപ്പിള്ളേരുമായി അടിയുണ്ടാക്കുകയും തരക്കേടില്ലാത്ത തരത്തില്‍ അടി വാങ്ങിക്കുകയും ചെയ്തിരുന്നു.
തങ്ങള്‍ക്കും അവരെ പോലെ പഠിക്കണമെന്ന് വീട്ടില്‍ പറഞ്ഞ് വാശി പിടിച്ചുവെങ്കിലും നാട്ടില്‍ നിന്നും വ്യത്യസ്തമായ സാഹചര്യമായതിനാലും ഒന്നുമഭ്യസിക്കാതെ തന്നെ ഇരുവരും ഒപ്പിച്ചുവയ്ക്കുന്ന എട്ടിന്റെ പണികള്‍ അറിയാവുന്നതു കൊണ്ടും ആയോധനാഭ്യാസത്തിന് വീട്ടില്‍ നിന്നും സമ്മതം ലഭിച്ചില്ല. പിന്നീട് നാട്ടിലെത്തിയതിനു ശേഷമാണ് ആയോധന പരിശീലനം ആരംഭിക്കുന്നത്. കളരിയഭ്യാസി കൂടിയായ സ്വന്തം സഹോദരന്‍ സയ്യിദ് ഹാഷിമായിരുന്നു ആദ്യഗുരു.
തൃശൂര്‍ സ്വദേശി ഷാജഹാന്‍ മാസ്റ്റര്‍ വെട്ടേക്കാടിന്റെ കീഴില്‍ ചൈനീസ് കുങ്ഫു അഭ്യസിക്കുകയാണ് ഇരുവരുമിപ്പോള്‍. ചൈനീസ് കുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് ലെവല്‍ എത്തിയിരിക്കുകയാണ് ഇരുവരും.
സകലകലാ കുടുംബം
ഒരു സമ്പൂര്‍ണ കലാ കുടുംബമാണ് ഇവരുടേത്. പിതാവും സഹോദരങ്ങളുമെല്ലാം ചിത്രരചനയില്‍ കഴിവു തെളിയിച്ചവരാണ്. ഈ രംഗത്ത് സജീവമായത് ഇരുവരുമാണെന്ന് മാത്രം. പലപ്പോഴും വീട്ടില്‍ ചിത്രരചനാ മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെന്ന് ഇരുവരും പറയുന്നു. ആയോധന കലയിലും ഇവര്‍ സമ്പൂര്‍ണ കുടുംബമാണ്. ജ്യേഷ്ഠന്‍ സയ്യിദ് ഹാഷിം കളരിയഭ്യാസി, അനുജന്മാരായ സയ്യിദ് ആദിലും സയ്യിദ് സ്വാദിഖും തൈക്വോണ്‍ഡോ അഭ്യസിക്കുന്നു. ഇരുവരുമിപ്പോള്‍ ഹോഴ്‌സ് റൈഡിങ് പരിശീലനം കൂടി നടത്തുന്നുണ്ട്. കെണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദ് ദര്‍സിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ക്കും മതരംഗത്ത് നിന്നുകൊണ്ട് തന്നെ ചിത്രരചനയും ആയോധന പരിശീലനവും തുടരാനാണ് താത്പര്യം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഇവരുടെ സഹോദരിഭര്‍ത്താവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."