പഞ്ചായത്തിന്റെ വികസനം; ചെറുവത്തൂരില്‍ സമഗ്ര മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നു
ചെറുവത്തൂര്‍: പഞ്ചായത്തിന്റെ വികസനത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ എന്‍ജിനിയറിങ് കോളജ് സ്കൂള്‍ ഓഫ് ആര്‍കിടെക്ട് വിഭാഗം ചെറുവത്തൂരിലെത്തി. 1953ല്‍ ആണ് ചെറുവത്തൂര്‍ പഞ്ചായത്തില്‍ ഭരണം നിലവില്‍ വന്നത്. ആറര പതിറ്റാണ്ടിനിടയില്‍ പഞ്ചായത്ത് സമഗ്രമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.
എല്ലാ മേഖലകളിലും വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. തയാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഓരോ പദ്ധതികളായി പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചയാണ് പഞ്ചായത്ത് ഹാളില്‍ നടന്നത്. തീരദേശ മേഖലയും പാടശേഖരവും നീര്‍ത്തടങ്ങളും ടൂറിസം സാധ്യതകളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് പഞ്ചായത്ത്.
എല്ലാ സാധ്യതകളും പൂര്‍ണമായും വിനിയോഗിക്കുന്ന രീതിയിലാണ് പ്ലാന്‍ തയാറാക്കുക. ഒന്നാംഘട്ട പ്രവര്‍ത്തനം 18ന് ആരംഭിക്കും.
നാലുമാസം കൊണ്ട് പഞ്ചായത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതോടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി ചെറുവത്തൂരിനെ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പി. കരുണാകരന് എം.പിയുടെ നിര്‍ദേശ പ്രകാരം സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത മണ്ഡലത്തിലെ രണ്ടാമത്തെ പഞ്ചായത്താണ് ചെറുവത്തൂര്‍.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി. വി.കെ ദിലീപ്, ബെവിന്‍ ജോണ്‍ വര്‍ഗീസ്, കെ.വി രാജീവ്കുമാര്‍, സി.വി പ്രമീള, കെ. നാരായണന്, കെ.വി കുഞ്ഞിരാമന്, മാധവി കൃഷ്ണന്, സി.എ ബിന്ദു, അജിസല്‍ കെ. ഷാജി, സി. എച്ച് ഹസീന, ആരതി, പി. വിജയന്, അനൂപ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."