ഇന്ത്യ - ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തിന് ഔദ്യോഗികമായി ആരംഭമായി
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: 2019 ഖത്തര്‍ ഇന്ത്യ സാംസ്‌കാരിക വര്‍ഷമായി തെരഞ്ഞടുത്തതോടെ സാംസ്‌കാരിക വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വര്‍ണാഭമായ ചടങ്ങില്‍ തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ അതിഥികളെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ക്കും ഖത്തര്‍ സര്‍ക്കാരിനും അംബാസഡര്‍ നന്ദി അറിയിച്ചു. സാംസ്‌കാരികവര്‍ഷം വിജയകരമാക്കുന്നതില്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ് അല്‍മയാസ നല്‍കുന്ന പിന്തുണയ്ക്കും നന്ദി അറിയിച്ചു.
ഇന്ത്യ ഖത്തര്‍ സംസ്‌കാരിക ബന്ധത്തിന്റെ വര്‍ഷം മുഴുവന്‍നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഇന്ത്യന്‍ എംബസി ഈ വര്‍ഷം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. നിരവധി സാംസ്‌കാരിക ഷോകളും പരിപാടികളും അരങ്ങേറും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആഴത്തിലുള്ള സാംസ്‌കാരിക വേരുകളും ജനങ്ങള്‍ക്കിടയിലുള്ള ബന്ധവും പ്രതിഫലിക്കുന്നതായിരിക്കും പരിപാടികള്‍. ഖത്തര്‍ മ്യൂസിയംസ്, കത്താറ, സാംസ്‌കാരിക കായിക മന്ത്രാലയം, ദേശീയ ടൂറിസം കൗണ്‍സില്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ വര്‍ഷം പ്രമുഖ ഇന്ത്യന്‍ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോയും ഇന്ത്യന്‍ സംഗീതപ്രതിഭകളുടെ ഷോകളും ഇതിനോടകം സംഘടിപ്പിക്കാനായി. നൃത്തപ്രകടനങ്ങള്‍, സംഗീതപരിപാടികള്‍, ഫിലിം ഫെസ്റ്റിവലുകള്‍, പെയിന്റിങ്, ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍, ഭക്ഷ്യോത്സവം, ഫാഷന്‍ ഷോകള്‍, കാലിഗ്രഫി പ്രദര്‍ശനങ്ങള്‍, ടെക്‌സ്‌റ്റൈല്‍ പ്രദര്‍ശനം, യോഗ എന്നിവയെല്ലാം വരും ആഴ്ചകളിലായി നടക്കും. ഫെബ്രുവരി എട്ടിന് ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ച് നവീന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഗീത ഷോ ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മാര്‍ച്ചില്‍ വിഖ്യാത ബോളിവുഡ് സംഗീതസംവിധായകരായ വിശാല്‍ശേഖറിന്റെ ഷോ നടക്കും. ഖത്തരി ഗായകന്‍ ഫഹദ് അല്‍കുബൈസിയെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നു.
മാര്‍ച്ച് അവസാനം ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്റെ ഷോ നടക്കും. കത്താറ സ്റ്റുഡിയോസാണ് സംഘടിപ്പിക്കുന്നത്. ഖത്തരി കംപോസര്‍ ദന അല്‍ഫര്‍ദാന്റെ സഹകരണവുമുണ്ടാകും. ഖലീഫ സ്റ്റേഡിയത്തിലായിരിക്കും ഷോ. 40,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി കൂടുതല്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും. മാര്‍ച്ചില്‍ നടക്കുന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യോത്സവത്തില്‍ ഇന്ത്യയിലെ രണ്ടു പ്രമുഖ ഷെഫുമാരുടെ സാന്നിധ്യമുണ്ടാകും.
ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി ഇന്ത്യ പങ്കെടുക്കും. ഖത്തര്‍ മ്യൂസിയംസ് ആക്ടിങ് സി.ഇ.ഒ അഹമ്മദ് അല്‍ നംലയും ചടങ്ങില്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയായ ബോളിവുഡിനുള്ള ആദരവായി ടിക്കറ്റ് റ്റു ബോളിവുഡ് എന്ന ട്രൂപ്പിന്റെ പരിപാടി അരങ്ങേറി. ശുഭ്ര ഭരദ്വാജ് സംവിധാനം ചെയ്ത ഷോയ്ക്ക് നൃത്തസംവിധാനം നിര്‍വഹിച്ചത് പ്രവര്‍സെന്‍ യെസംബ്രെയാണ്. വി.ഐ.പികള്‍ക്കും അതിഥികള്‍ക്കുമായുള്ള പ്രത്യേക പരിപാടിയായിരുന്നു. ഇതേ പരിപാടി ഇന്ത്യന്‍ കമ്യൂണിറ്റിക്കായി ഇന്നു വീണ്ടും കത്താറയില്‍ അരങ്ങേറും.
അമേരിക്ക, ചൈന, കരീബിയന്‍സ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 18 രാജ്യങ്ങളില്‍ 700ലധികം വിജയകരമായ ഷോകള്‍ സംഘടിപ്പിച്ചശേഷമാണ് ടിക്കറ്റ് ബോളിവുഡ് ഖത്തറിലേക്കെത്തിയത്.
[caption id="attachment_690450" align="alignnone" width="620"] കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തിന്റെ ഉദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ നിന്ന്[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."