വേനല്‍ക്കാല ടൂറിസം; കിഴക്കിന്റെ വെനീസിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ആലപ്പുഴ: വേനല്‍ കനത്തതോടെ കിഴക്കിന്റെ വെനീസിലേക്ക് സ്വദേശികളും വിദേശികളുമടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നു.
അവധിക്കാലം ആസ്വദിക്കാനും പൊള്ളുന്ന ചൂടില്‍ കായല്‍പരപ്പിലെ തണുപ്പ് തേടിയുമാണ് ആലപ്പുഴയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ ഹൗസ്‌ബോട്ടുകള്‍ക്ക് കൊയ്ത്തുകാലമായി. വേനലവധി വന്നതോടെ ടൂറിസം മേഖല ഇടക്കാലത്തെ മാന്ദ്യത്തിന് ശേഷം വീണ്ടും സജീവമായി തുടങ്ങി.
സഞ്ചാരികളെ ആകര്‍ഷിക്കാനായി വേനലവധി പാക്കേജുകള്‍ തന്നെ അവതരിപ്പിച്ചാണ് സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനും സ്വകാര്യ വിനോദ സഞ്ചാര സംരംഭകരും ഒരുങ്ങിയിരിക്കുന്നത്.
ഹൗസ്‌ബോട്ടില്‍ നിന്ന് ലഭിക്കുന്ന തനത് കേരള വിഭവങ്ങളോടാണ് സഞ്ചാരികള്‍ക്ക് പ്രിയം. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ച് പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറുന്ന പലരുചികളുമായാണ് ഇവര്‍ സഞ്ചാരികളെ വലവീശാനായി ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഹൗസ് ബോട്ടുകളുടെ വാടക പലതരത്തിലാണ്. സൗകര്യങ്ങള്‍ കൂടുന്നതിനുസരിച്ചും സമയത്തിനനുസരിച്ചും വാടകയും കൂടും.
ഒരുവട്ടം ഹൗസ്‌ബോട്ടില്‍ കയറിയ സഞ്ചാരികളെല്ലാം വീണ്ടും ഈ കായല്‍ അനുഭവം തേടിയെത്തുമെന്നതും പ്രത്യേകതയാണ്. കായല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ ആലപ്പുഴ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
അവധിക്കാലം ആരംഭിച്ചതോടെ വേമ്പനാട് കായലിലേക്ക് പതിവിലധികം സഞ്ചാരികളാണ് എത്തിയിരിക്കുന്നത്. വിദേശികളല്ല ഇപ്പോള്‍ ആഭ്യന്തര സഞ്ചാരികളാണ് കൂടുതലായെത്തുന്നതെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നും ധാരാളം പേരെത്തുന്നുണ്ട്. കൂടാതെ ഇതര ജില്ലകളില്‍ നിന്നും കുടുംബങ്ങളുമായി സ്‌കൂള്‍ അവധിക്കാലം ആസ്വദിക്കാന്‍ എത്തുന്നതും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."