പാര്‍ലമെന്റിനെപ്പോലും ഫാസിസ്റ്റുവല്‍ക്കരിക്കാന്‍ ശ്രമം: സുധീരന്‍
കോഴിക്കോട്: പാര്‍ലമെന്റിനെപ്പോലും ഫാസിസ്റ്റുവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പാര്‍ലമെന്റില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചെറിയ ബഹളത്തിന്റെ പേരില്‍ നീട്ടിക്കൊണ്ടുപോയതും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് ഏകപക്ഷീയമായി അധ്യക്ഷന്‍ തള്ളിക്കളഞ്ഞതും ആശങ്കയുളവാക്കുന്നതാണ്.
കോഴിക്കോട് സുപ്രഭാതം ആസ്ഥാനം സന്ദര്‍ശിച്ചശേഷം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്റും ഭരണകൂടവും ജുഡീഷ്യറിയും സംശയത്തിന്റെ നിഴലിലാകുന്ന കാലത്ത് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് കോര്‍പ്പറേറ്റുകള്‍ക്ക് പങ്കുണ്ടെന്ന് പറയുകയും മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സ്വന്തം വിധി തന്നെ അട്ടിമറിക്കുകയും ചെയ്ത കോടതികളുടെ വിധിപ്രസ്താവങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്.
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം വലിയ പങ്കുവഹിക്കുന്നുണ്ട്.
എന്നാല്‍ അവിടെയും പലരീതിയിലുള്ള സ്വാധീനങ്ങള്‍ പിടിമുറുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുഖ്യധാരാ മാധ്യമങ്ങള്‍ അനേകം വര്‍ഷംകൊണ്ട് മാത്രം നേടിയെടുത്ത നേട്ടങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് കൈവരിക്കാന്‍ സുപ്രഭാതത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസ്‌നേഹത്തിന്റെ പാതയിലൂടെ ഭിന്നിപ്പിക്കലല്ല, ഒന്നിപ്പിക്കലാണ് വേണ്ടത് എന്ന ആശയം പുലര്‍ത്തുന്ന സമസ്തക്ക് കീഴില്‍ സംസ്ഥാനം കാതോര്‍ക്കുന്ന നിലപാടുകള്‍ വിളംബരം ചെയ്യാന്‍ സുപ്രഭാതത്തിന് സാധിക്കും.
പ്രചാരണങ്ങള്‍ക്കല്ലാതെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമസ്തയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങ് സുപ്രഭാതം എഡിറ്റര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഇഖ്‌റ പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി.
സുപ്രഭാതത്തിന്റെ ഉപഹാരം ഡയറക്ടറും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വി.എം സുധീരന് സമ്മാനിച്ചു.
മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."