വീടുകളിലും ആശുപത്രികളിലും ചികിത്സ അത്യാവശ്യ രോഗികള്‍ക്കു മാത്രമാക്കണം: ഐ.എം.എ
തിരുവനന്തപുരം: കൊവിഡ്- 19 ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഐ.എം.എ. ആശുപത്രികളിലും വീടുകളിലും ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സകള്‍ അത്യാവശ്യ രോഗികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു നിര്‍ദേശിച്ചതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗികള്‍ സഹകരിക്കാത്ത അവസ്ഥയുണ്ടാകാന്‍ ഇടയുള്ളതിനാല്‍ എല്ലാ ആശുപത്രികളിലും പൊലിസ് എയ്ഡ് പോസ്റ്റ് അനുവദിക്കണം. ആശുപത്രി പരിസരം സംരക്ഷണമേഖലയായി പ്രഖ്യാപിച്ച് ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഇതുകൂടാതെ അത്യാവശ്യ ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാന്‍ ചെയ്യാവുന്ന ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കണം. രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരെ സന്ദര്‍ശനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഒ.പി നിര്‍ത്തിവച്ച് അത്യാവശ്യ സേവനങ്ങള്‍ ക്യാഷ്വാലിറ്റി വഴിയാക്കണം. ടെലികമ്യൂണിക്കേഷനിലൂടെ കണ്സള്ട്ടേഷന് നല്‍കണം. കൊവിഡ് ബാധ സംശയിക്കുന്നവരെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ കൂട്ടായി പ്രയത്നിക്കണമെന്നും അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരെ പ്രോത്സാഹിക്കുന്നതിനൊപ്പം അവര്‍ക്കു വേണ്ട സുരക്ഷാ ഉപകരണങ്ങളും നല്‍കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ മാര്‍ത്താണ്ഡപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി തുടങ്ങിയവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."