കാലാവസ്ഥാനുസൃത കൃഷി: കൊയ്ത്തുത്സവം നടത്തി
മങ്കൊമ്പ് : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം കുട്ടനാട്ടിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതിയുടെ കൊയ്ത്തുത്സവം നടത്തി.
പദ്ധതിയുടെ ഭാഗമായി 2016-17 ലെ പുഞ്ചകൃഷിയില്‍ നടപ്പാക്കിയ വിഭവസംരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദവുമായ നെല്‍കൃഷിയാണ് കിഴക്കേ മുണ്ടുവേലിപ്പറമ്പ് പാടത്ത് നടപ്പിലാക്കിയത്. കിഴക്കേമുണ്ടുവേലിപ്പറമ്പ് പാടത്തെ 60 ഏക്കര്‍ പാടശേഖരത്തിനു പുറമെ ഗ്രാമപഞ്ചായത്തിലെ 125 ഹെക്ടര്‍ സ്ഥലത്ത് ഇതേ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് കൃഷിയിറക്കിരിക്കുന്നത്.
ഇതിനു പുറമെ കുട്ടനാട്ടിലെ സമീപ ഗ്രാമപഞ്ചായത്തുകളായ എടത്വ, തകഴി, നീലംപേരൂര്‍, രാമങ്കരി, തലവടി എന്നിവിടങ്ങളിലും വിഭവസംരക്ഷിത നെല്‍കൃഷിക്ക് പ്രചാരം ഏറിവരികയാണ്. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. അമിതമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃഷിക്കു പകരമായി കൃഷി വിജ്ഞാനകേന്ദ്രം കൊണ്ടുവന്ന ഇത്തരം കൃഷിരീതികള്‍ കുട്ടനാട്ടില്‍ വ്യാപിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം പോലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ വഴി കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണം ഉറപ്പുവരുത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗംങ്ങളായ എം.കെ ജോസഫ്, റജിമോള്‍ പുരുഷോത്തമന്‍, കൃഷി വജ്ഞാനകേന്ദ്രം മേധാവി പി മുരളീധരന്‍, മുട്ടാര്‍ കൃഷി ഓഫിസര്‍ ശ്രീകുമാരപണിക്കര്‍, കൃഷിവിജ്ഞാനകേന്ദ്രം ഉദ്യോഗസ്ഥരായ എം.എസ് രാജീവ്, റീമാ ആനന്ദ്, കര്‍ഷകരായ അലക്‌സാണ്ടര്‍ ആന്റണി, പി.ഡി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."