മരണസംഖ്യ 5,400 കടന്ന് ഇറ്റലി; ലോകം വ്യാപിച്ച് ഭീതി
റോം: ലോകമാകെ പ്രതിസന്ധിയിലാണ്. കൊവിഡ് രോഗം നൂറ്റി എഴുപതോളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒട്ടേറെ രാജ്യങ്ങളില്‍ മരണസംഖ്യ കൂടിവരികയും ചെയ്യുന്നതോടെ കര്‍ശന നിയന്ത്രണത്തിലേക്കാണ് രാജ്യങ്ങള്‍ നീങ്ങുന്നത്.
രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന കര്‍ശന നിയന്ത്രണങ്ങള്‍ക്കു പിന്നാലെ വന്‍ പ്രതിസന്ധിയില്‍നിന്നു കരകയറിയെങ്കിലും ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഏഷ്യയും ഇപ്പോഴും കൊവിഡ് ഭീഷണിയിലാണ്. അമേരിക്കയില്‍ രോഗം ബാധിച്ച് ഇതുവരെ 471 പേരാണ് മരിച്ചത്. 35,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ യാത്രാവിലക്കടക്കം കടുത്ത നിയന്ത്രണങ്ങളാണ് യു.എസില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൈനയ്ക്കു പിന്നാലെ രോഗവ്യാപനത്തില്‍ വന്‍ പ്രതിസന്ധിയിലകപ്പെട്ട ഇറ്റലി ഇതുവരെ കരകയറിയിട്ടില്ല. ചൈനയില്‍ 2,248 പേരാണ് മരിച്ചതെങ്കില്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 5,476 ആയി. ലോകത്താകെ മരണസംഖ്യ 14,500 പിന്നിട്ടിട്ടുണ്ട്. 3,36,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നതും നിരവധി രാജ്യങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നൈജീരിയയിലടക്കം ഇന്നലെ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗത്തിന്റെ സമൂഹ വ്യാപനം തടയാന്‍ ലോക രാജ്യങ്ങള്‍ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൈജീരിയയില്‍ 36 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 67കാരനായ രോഗിയാണ് ഇന്നലെ മരിച്ചത്.
തുര്‍ക്കിയില്‍ കുടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തുനിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ 17വരെയാണ് ഈ നിയന്ത്രണം. 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉസ്‌ബെക്കിസ്ഥാനും അവശ്യസര്‍വിസുകളെല്ലാത്തവയെല്ലാം നിര്‍ത്തി. 579 പേര്‍ക്ക് കൊവിഡ് ബാധിച്ച ഇവിടെ ഇതുവരെയുള്ള മരണസംഖ്യ 49 ആണ്.
ഫിലിപ്പൈന്‍സില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 462 ആയി. ഇന്നലെ മാത്രം 82 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മൂന്നു ഡോക്ടര്‍മാര്‍ മരിച്ചിരുന്നു.
ഡോക്ടര്‍മാരടക്കം ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗം സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലാണ്. ജര്‍മനിയില്‍ കഴിഞ്ഞ ദിവസം 31 പേര്‍ക്കൂടി മരിച്ചു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 86 ആയി. 22,672 പേര്‍ക്കാണ് ജര്‍മനിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തു ദിവസങ്ങള്‍തോറും രോഗം പടര്‍ന്നുപിടിക്കുന്നതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
രോഗവ്യാപനത്തെ തുടര്‍ന്ന് സഊദി അടക്കമുള്ള അറബ് രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. എന്നാല്‍, ചൈന പതിയെ കൊവിഡില്‍നിന്നു മുക്തി നേടുകയാണ്.
അതേസമയം, പുറത്തുനിന്നു രാജ്യത്തെത്തിയവര്‍ക്കു കഴിഞ്ഞ ദിവസവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 39 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
ദക്ഷിണ കൊറിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. ഇവിടെ 110 പേരാണ് ഇതുവരെ മരിച്ചത്.
ന്യൂസിലന്‍ഡിലും കാനഡയിലുമെല്ലാം കഴിഞ്ഞ ദിവസം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ സംഘര്‍ഷങ്ങള്‍ കാരണം അസ്ഥിരപ്പെട്ട സിറിയയിലും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രാജ്യത്തെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഗതാഗത നിയന്ത്രണമടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ച് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.വിദേശത്തുനിന്നെത്തിയ 20കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
അതേ സമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രസീലിലെ മിക്ക ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും നടത്തിപ്പുകാര്‍ സര്‍ക്കാരിനു കൈമാറി. കൊവിഡിനെ നേരിടുന്നതിനുള്ള പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നതിനായാണ് സ്റ്റേഡിയങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറിയത്. ബ്രസീലില്‍ ഇതുവരെ രോഗം ബാധിച്ച് 25 പേരാണ് മരിച്ചിരിക്കുന്നത്. 1,546 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."