സഊദി യാത്രാവിലക്ക്; പിഴ ഒഴിവാക്കാൻ എക്സിറ്റ് വിസ, റീഎൻട്രി റദ്ദാക്കണം
റിയാദ്: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ സഊദി ഏർപ്പെടുത്തിയ യാത്രാ വിലക്കിനെ തുടർന്ന് നാട്ടിലേക്ക് പോകാനായി അടിച്ചു വെച്ച വിസകൾ കാലാവധി കഴിയുന്നതോടെ പിഴ വരുമെന്നതിനാൽ അതൊഴിവാക്കാനായി എക്സിറ്റ് വിസ, റീഎൻട്രി വിസ അടിച്ച് രാജ്യത്ത് കഴിയുന്ന വിദേശികൾ കാലാവധി തീരും മുമ്പ് വിസ റദ്ദാക്കണമെന്ന് പാസ്പോർട്ട് ഡയക്ടറേറ്റ് ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശയനുസരിച്ച് രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും റോഡ്, കപ്പൽ മാർഗമുള്ള യാത്രകളും നിർത്തിവെച്ചതിനെ തുടർന്നാണിതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു. വിസകളുടെ കാലാവധി ആഭ്യന്തര വകുപ്പിെൻറ ഇലക്ട്രോണിക് സേവനങ്ങളായ അബ്ഷിർ, മുഖീം എന്നിവ വഴി പരിശോധിച്ച് ഉറപ്പുവരുത്താനാകും. അബ്ഷിർ വഴിയോ മുഖീം വഴിയോ റദ്ദാക്കാമെന്നും ജവാസാത്ത് ഡയറക്റ്ററേറ്റ് അറിയിച്ചു.
അതേസമയം, തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോട്ട കേസുകളിൽ (ഹുറൂബ്) വിദേശ തൊഴിലാളികൾക്ക് കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ ഭാഗമായ ലെവി ഇളവ് അനുകൂല്യം ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ലെവി ഇളവ് ആനുകൂല്യം ഹുറൂബുകാർക്കു ലഭിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് വ്യക്തമാക്കിയത്. മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇഖാമ കാലാവധി അവസാനിക്കുന്ന വിദേശികൾക്ക് മൂന്നു മാസത്തേക്കാണ് ലെവി ഇളവ് നൽകുന്നത്. ലെവി ഇളവ് ലഭ്യമാകുന്നവർക്ക് ഈ ആനുകൂല്യം സഊദി അറേബ്യക്കകത്ത് കഴിയുന്ന വിദേശികൾക്കും നിലവിൽ രാജ്യത്തിനു പുറത്തു കഴിയുന്നവർക്കും ഒരുപോലെ ലഭിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് സൂചന നൽകി. ലെവി ഇളവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗിക പ്രസ്താവനയിലൂടെ പിന്നീട് അറിയിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."