പുലാമന്തോള്‍ പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിച്ചേക്കും
കൊപ്പം: പെരിന്തല്‍മണ്ണ പട്ടാമ്പി പാതയില്‍ കുന്തിപ്പുഴക്ക് കുറുകെയുള്ള പാലത്തില്‍ നടക്കുന്ന ടോള്‍പിരിവ് നിര്‍ത്തലാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പത്തു കോടിയില്‍ കുറവുള്ള പാലങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കണമെന്നതീരുമാനമുള്ളപ്പോള്‍ മൂന്നു കോടി ചെലവുള്ള ഈ പാലത്തില്‍ ടോള്‍ പിരിവ് നടത്തുന്നതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ടോള്‍ പിരിവ് വിഷയത്തില്‍ രാഷ്ട്രീയമായി ഏറെ പഴികേട്ട വ്യക്തിയായിരുന്നു മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്.
ടോള്‍ പിരിവിനെതിരേ സമരം ചെയ്ത് സി.പി.എം പ്രവര്‍ത്തകര്‍ ജയിലില്‍വരെ പോകേണ്ടിവന്നിട്ടുണ്ട്. കേരള ഭരണത്തോടൊപ്പം പട്ടാമ്പിയും ഇടത്തോട്ട് മാറിയതാണ് ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന പ്രതീക്ഷക്ക് വീണ്ടും ചിറകു മുളച്ചത്. ടോളിനെതിരേ നിരന്തരം സമരമുഖത്തുണ്ടായിരുന്ന സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണി ഭരണത്തിലെത്തിയപ്പോള്‍ ടോള്‍ പിരിവ് നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിയുടെ പ്രദേശിക ഘടകത്തിലും ശക്തമായതായി അറിയുന്നു.
പ്രത്യേകിച്ച് യുവജന സംഘടന പ്രവര്‍ത്തകര്‍ ഈ ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്തു വരുന്നുണ്ട്. ടോള്‍ പിരിവിന്റെ കാലാവധി 2019-ലാണ് അവസാനിക്കുന്നത്.
അതിനു മുന്‍പേ ടോള്‍ പിരിവ് നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ഇതിന്റെ തുടക്കമായി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ സാനിധ്യത്തില്‍ തിരുവനന്തപുരത്തെത്തി പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തി. ആറു മാസത്തിനകം ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന ഉറപ്പ് ലഭിച്ചതായാണ് വിവരം. അതിനിടെ കരാറുകാരന്‍ ടോള്‍ പിരിവ് കര്‍ശനമാക്കാന്‍ വേണ്ടി പുതിയ ലെവല്‍ ക്രോസ് സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."