രാഷ്ട്രീയത്തില്‍ ഇടപെടേണ്ട
ഇസ്‌ലാമാബാദ്: പാക് രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിവരുന്ന ചാരസംഘടന ഐ.എസ്.ഐക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി. രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നും ഭീകരപ്രവര്‍ത്തനം, വിദ്വേഷരാഷ്ട്രീയം എന്നീ വിഷയങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ നോക്കൂവെന്നും ജഡ്ജിമാരായ ഖാസി ഫാഇസ് ഈസയും മുശീറുല്‍ ആലമും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
പാകിസ്താനിലെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ കക്ഷികളിലൊന്നായ തഹ്‌രീകെ ലബ്ബൈക് 2017ല്‍ ഫൈസാബാദില്‍ നടത്തിയ കുത്തിയിരിപ്പു ധര്‍ണയുമായി ബന്ധപ്പെട്ട കേസില്‍ വിധി പുറപ്പെടുവിക്കവെയാണ് ഐ.എസ്.ഐയുടെ നിലപാടിനെതിരേ പാക് സുപ്രിംകോടതി ആഞ്ഞടിച്ചത്. വിദ്വേഷത്തിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വാദിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പ്രവിശ്യ സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.
തീവ്രവാദത്തിന്റെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും വക്താക്കളെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെയും നിയമപ്രകാരം വിചാരണചെയ്യണം. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും, പ്രത്യേകിച്ച് ഐ.എസ്.ഐയെ പോലുള്ളവ നിയമപ്രകാരം അനുവദിച്ചവരുടെ പരിധിക്കുള്ളില്‍ നിന്നുവേണം പ്രവര്‍ത്തിക്കാന്‍. പാക് സൈന്യത്തിന് ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ അഭിമുഖ്യം പാടില്ല. അതിനാല്‍ ഏതെങ്കിലും വ്യക്തികള്‍ അവരുടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ പ്രതിരോധമന്ത്രാലയത്തിനും കര- വ്യോമ- നാവിക സേനാ മേധാവികളോടും നിര്‍ദേശിക്കുന്നുവെന്നും ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി.
ഉത്തരവില്‍ തഹ്‌രീകെ ലബ്ബൈക്കിന്റെ പ്രതിഷേധപരിപാടികള്‍ ശരിവച്ച കോടതി, നിയമപ്രകാരം ആര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കാമെന്നും സമാധാനമപരമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാമെന്നും വ്യക്തമാക്കി. പാക് സര്‍ക്കാരിനെ പോലെ തന്നെ സമാന്തര അധികാരകേന്ദ്രമായ സൈന്യം, പാക് രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനശക്തിയാണ്. ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സൈന്യം അദ്ദേഹത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ഇന്നലത്തെ സുപ്രിംകോടതിയുടെ ഇടപെടലുകള്‍. 1947ല്‍ രാജ്യം സ്വതന്ത്രമായതിനുശേഷം നിരവധി തവണയാണ് പാകിസ്താനില്‍ പട്ടാള അട്ടിമറി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."