മരണങ്ങള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്, മനസ് മരവിച്ചിരിക്കുന്നു; ഇറ്റലിയില്‍ നിന്നും ശബ്ദമിടറി അവള്‍ പറയുന്നു
ഇറ്റലിയില്‍ കൊറോണ വ്യാപനം നിയന്ത്രണാതീതമാവുകയാണ്. കഴിഞ്ഞ ഒറ്റ ദിവസംതന്നെ 601 പേരാണ് മരണപ്പെട്ടത്. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 6000കവിഞ്ഞു. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
ഇറ്റലിയിലെ കൊവിഡ് 19 രോഗഭീതിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന ലംബോര്‍ഡി റീജിയനില്‍ നിന്നുള്ള മൈക്രോബയോളജി വിദ്യാര്‍ഥിനിയായ വിനീതയുടെ ഫേസ്ബുക്ക് ലൈവ്. നിരീക്ഷത്തില്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് ഇഷ്ടമില്ലാത്തതിനാലല്ല, അവിടെയുള്ള ആര്‍ക്കും ഒന്നും വരരുതെന്ന് വിചാരിച്ചിട്ടാണെന്നും വിനീത ഇടറിയ ശബ്ദത്തില്‍ പറയുന്നു.
വിനീതയുടെ വാക്കുകള്‍:
'ഇറ്റലിയില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോര്‍ഡി റീജിയനില്‍ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാര്‍ഥിനിയാണ്. ഇവിടെ ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ സമയം 4.30 ആയി. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം, വീടിനുള്ളില്‍ ഉറങ്ങിയിരുന്ന ഞാന്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ട് പെട്ടെന്ന് ഉണര്‍ന്നതാണ്. ഇതിവിടെ ഇപ്പോള്‍ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഇവിടെ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു.
അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം പുറത്തു പോകും. ഫാര്‍മസികള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. ആര്‍മി വണ്ടികള്‍ വരിവരിയായി പോയിക്കൊണ്ടിരിക്കുകയാണ്. അതില്‍ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യര്‍.'
ഒന്നും പറയാനില്ല, ദിവസവും ഇതു കാണുമ്പോള്‍ മനസ്സ് മരവിച്ച അവസ്ഥയാണ്. പേടിയാവുകയാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്നോര്‍ക്കുമ്പോള്‍.
ആറായിരത്തില്‍ കൂടുല്‍ ആളുകള്‍ മരിച്ചുകഴിഞ്ഞു. എന്നു വച്ചാല്‍ ഇന്‍ഫെക്ഷന്‍ വന്നതില്‍ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യന്‍ പോപ്പുലേഷന്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമേ ഉള്ളു. പക്ഷേ ഈ രോഗം ഇന്ത്യയില്‍ വന്നു കഴിഞ്ഞാല്‍ അതും ഇപ്പോള്‍ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാന്‍ നമുക്കൊന്നും വിചാരിക്കാന്‍ പറ്റാത്ത അത്രയും, ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.
ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്‌കരിക്കാനുള്ള സ്ഥലം പോലും ഇല്ല. ഇത്രയും ദിവസം അവര്‍ മോര്‍ച്ചറിയില്‍ ബോഡി ശേഖരിച്ചു വച്ച് സംസ്‌കരിക്കാന്‍ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി മുതല്‍ അങ്ങനെ അല്ല, ശനിയാഴ്ച്ച മുതല്‍ ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്‌കരിക്കാന്‍ പോകുകയാണെന്നും കേള്‍ക്കുന്നു.
ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തില്‍ ഇത്രയും മുന്‍കരുതല്‍ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവര്‍. ഈ സിറ്റി ലോക്ഡൗണ്‍ നേരത്തെ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഇവിടെ സംഭവിക്കില്ലായിരുന്നു.സ
ഇവിടെയിരുന്നുകൊണ്ട് കേരളത്തിന്റെ കാര്യം, ഇത്രയും ജനസാന്ദ്രതയുള്ള ഇന്ത്യയുടെ കാര്യം ആലോചിക്കുമ്പോള്‍ പേടിയാകുന്നു.
എന്റെ വീട്ടുകാര്‍ക്കും എന്റെ കൂട്ടുകാര്‍ക്കും എല്ലാവര്‍ക്കും എന്നെക്കുറിച്ച് നല്ല ആശങ്കയുണ്ട്. മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ നിന്നോളാം എന്ന് പറഞ്ഞ കുറേ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ട്. ആവര്‍ക്കൊന്നും വീട്ടില്‍ വരാന്‍ ആഗ്രമില്ലാഞ്ഞിട്ടല്ല. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങള്‍ വന്ന് അവിടാര്‍ക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്.
മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് ഗവണ്‍മെന്റും കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് അനുസരിക്കുക.
ഞാനൊരു മൈക്രോബയോളജി വിദ്യാര്‍ഥിനി ആയതിനാല്‍ത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."