HOME
DETAILS

വോളിബോളിന് വളക്കൂറുള്ള 'വയനാടന്‍' മണ്ണ്

  
backup
April 30 2018 | 02:04 AM

%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

വയനാടന്‍ ഗ്രാമങ്ങളിലെ വൈകുന്നേരങ്ങള്‍ സ്മാഷുകളും ബ്ലോക്കുകളും കൊണ്ടുള്ള അലയൊലികള്‍ തീര്‍ത്ത ആ 18 മീറ്റര്‍ നീളവും ഒന്‍പത് മീറ്റര്‍ വീതിയുമുള്ള കളിക്കളങ്ങളില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയത് എണ്ണിയാലൊടുങ്ങാത്ത താരങ്ങളാണ്.
ദേശീയ അന്തര്‍ദേശീയ ഗ്രൗണ്ടുകളില്‍ തങ്ങളുടെ സ്മാഷിന്റെയും ബ്ലോക്കിന്റെയും സര്‍വുകളുടെയും തീപാറുന്ന പ്രഹരശേഷി പുറത്തെടുത്ത് അവര്‍ ഉയരങ്ങള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. വയനാടിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന് അങ്ങിനെ നിരവധി താരങ്ങള്‍ വോളിബോളെന്ന ജനപ്രിയ കായികയിനത്തിലെ മികവ് കൊണ്ട് ഇന്ന് രാജ്യമറിയുന്ന താരങ്ങളായി മാറി.
അവര്‍ക്കായി കയ്യടിച്ചും കളി പറഞ്ഞു നല്‍കിയും വോളിബോളിനെ നെഞ്ചേറ്റിയ ഒരു ജനതയാണ് തങ്ങളെന്ന് ഇന്നാട്ടുകാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ഓരോ ഗ്രാമങ്ങള്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാവും ഒരു സംസ്ഥാന താരത്തിനെയെങ്കിലും.
അംഗീകാരങ്ങള്‍ വാരിക്കൂട്ടി അവരൊക്കെ ഇപ്പോഴും വോളിബോളെന്ന കായിക ഇനത്തിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുമുണ്ട്. വയനാടന്‍ ജനതയുടെ ജനകീയ വിനോദമായ വോളിബോളിനെയും താരങ്ങളെയും കുറിച്ച്...

 

കായിക ചരിത്രത്തിനൊപ്പം വോളിബോളും


വയനാടിന്റെ കായിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട കായിക ഇനമാണ് വോളിബോള്‍. വോളിബോളില്‍ ഒട്ടേറെ അന്താരാഷ്ട്ര കളിക്കാരെ സംഭാവന ചെയ്യാന്‍ വയനാടിന് സാധിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും നല്ല ബ്ലോക്കര്‍ മുതല്‍ മിനിവോളിബോള്‍ ക്യാപ്റ്റനടക്കം 200ലധികം താരങ്ങളെ വാര്‍ത്തെടുത്ത നാടാണ് വയനാട്.
മിനിവോളിബോള്‍ മുതല്‍ സീനിയര്‍ വരെ എല്ലാതലങ്ങളിലും വയനാടന്‍ താരങ്ങള്‍ മാറ്റുരക്കാറുമുണ്ട്. സംഘാടന മികവിന്റെ കാര്യത്തിലും വയനാട് മുന്‍പന്തിയിലാണെന്ന് തെളിയിക്കുന്നതാണ് സീനിയര്‍ തലത്തില്‍ രണ്ടുതവണ ഇന്റര്‍ക്ലബിനും രണ്ടുതവണ സംസ്ഥാന ചാംപ്യന്‍ഷിപ്പിനും വയനാട് വേദിയായത്.
ഒപ്പം ഒരുപാട് തവണ സംസ്ഥാന ചാംപ്യന്‍ഷിപ്പിനെ ഇവിടത്തുകാര്‍ ചുരംകയറ്റിയിട്ടുമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക കളിക്കാരും വയനാട്ടില്‍ നടന്നിട്ടുള്ള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരുമാണ്.
സ്‌കൂള്‍തലം മുതല്‍ സീനിയര്‍ തലംവരെ എല്ലാ മത്സരങ്ങളിലും ക്ലബ്ബുകളും സ്‌കൂളുകളും അവരവരുടെ ടീമിനെ പങ്കെടുപ്പിക്കാന്‍ കാണിക്കുന്ന ആവേശം കണ്ടാല്‍ മനസിലാകും ഇവിടത്തുകാരുടെ വോളിബോളിനോടുള്ള കൂറ്. എല്ലാതലങ്ങളിലും കേരളാ ടീമില്‍ വയനാട്ടില്‍ നിന്ന് ഒരു താരമെങ്കിലും എന്നതാണ് നിലവലില്‍ വയനാടന്‍ വോളിബോളിന്റെ വളര്‍ച്ചയുടെ ആധാരം.
ഒരുകാലത്ത് മിനിവോളിബോള്‍ മുതല്‍ സീനിയര്‍ തലംവരെ പെണ്‍കുട്ടികളുടെ ടീം വയനാട്ടുകാരാല്‍ സമ്പന്നമായിരുന്നു.
ഒട്ടുമിക്ക മേഖലയിലും വയനാടിന്റെ താരങ്ങള്‍ വോളിബോളിലെ മികവ് കൊണ്ട് ജോലി ചെയ്യുന്നുണ്ട്. റെയില്‍വേ, ആര്‍മി, ഇന്ത്യന്‍ നേവി, കെ.എസ്.ഇ.ബി തുടങ്ങി അനവധി കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലാണ് വയനാടിന്റെ വോളിതാരങ്ങള്‍ കളിക്കൊപ്പം ജോലിയും ചെയ്യുന്നത്്.

 

നമ്മുടെ വോളിബോള്‍ ഗ്രാമങ്ങള്‍


വോളിബോളിനെ ഇഷ്ടപ്പെടുന്നതിനൊപ്പം അതിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും എല്ലാവര്‍ഷങ്ങളിലും കോച്ചിംഗ് ക്യാംപുകള്‍ നടത്തി നാളെയുടെ വാഗ്ദാനങ്ങളെ വളര്‍ത്തിയെടുക്കുന്ന നാട്ടിന്‍പുറങ്ങള്‍ നിരവധിയുണ്ട് വയനാട്ടില്‍.
അവിടെയുള്ള ക്ലബുകളിലൂടെ കളി പഠിച്ചു വന്നവരാണ് ഇന്ന് സംസ്ഥാനത്തിന്റെ പലഭാഗത്തും ക്വാര്‍ട്ടില്‍ തിളങ്ങുന്നത്.
കല്ലൂര്‍ വോളി അക്കാദമി, സെന്റ് മേരീസ് കോളേജ് അക്കാദമി, യുവപ്രതിഭ കേണിച്ചിറ, വോളിക്ലബ് പുല്‍പ്പള്ളി, പാരഡൈസ് കെല്ലൂര്‍, യുവശക്തി കോട്ടത്തറ, ഉദയ പാപ്ലശ്ശേരി, യവനാര്‍കുളം വോളി ക്ലബ്, പടിഞ്ഞാറത്തറ വോളി ക്ലബ്, വോളി ക്ലബ് കെല്ലേരി, ഡബ്ല്യു.എം.ഒ മുട്ടില്‍ അങ്ങിനെ നിരവധി ക്ലബുകള്‍ വയനാട്ടിലുണ്ട്. ഒരു കാലത്ത് വോളി ഗ്രൗണ്ടിലെ ഇടിമുഴക്കങ്ങളായിരുന്നു യുവപ്രതിഭ കേണിച്ചിറയും വോളിക്ലബ് പുല്‍പ്പള്ളിയും.


ഇവര്‍ വയനാടിന്റെ അഭിമാനമായവര്‍


വോളിബോള്‍ കൊണ്ട് ജീവിതം കരുപ്പിടിച്ച് വയനാടിന്റെ യശസ്സ് പുറംലോകത്ത് ഉയര്‍ത്തിക്കാണിക്കുന്ന നിരവധി താരങ്ങള്‍ ഇന്ന് വോളിബോള്‍ ക്വാര്‍ട്ടില്‍ പറന്നുല്ലസിക്കുന്നുണ്ട്.
അവരില്‍ ഏറ്റവും പ്രധാനപ്പെട്ട താരം ഏഷ്യയിലെ മികച്ച ബ്ലോക്കറായി തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേയുടെ കുന്തമുന ബെറ്റ്‌സിയാണ്. വിയറ്റ്‌നാമില്‍ നടക്കുന്ന യൂത്ത് ഇന്റര്‍നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ജഴ്‌സിയണിയുന്ന ഏക മലയാളി ഗ്ലാഡീസ് തോമസ്, ദേശീയ ടീമിന്റെയും കെ.എസ്.ഇ.ബിയുടെയും ലിബറോ ആയ ജിഷ പി വര്‍ക്കി, ദേശീയ ടീമിന്റെയും റെയില്‍വേയുടെയും സെറ്ററായ മര്‍ഷാദ് സുഹൈല്‍, റെയില്‍വേ താരം ഹാഷിം പൊറ്റമ്മല്‍, യൂത്ത് ഇന്ത്യന്‍ ക്യാമ്പില്‍ ഇടംനേടിയ അഞ്ജലി, ലോക മിലിട്ടറി ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നേവി താരം ക്രിസ്‌റ്റോ, നേവിയുടെ ഷിന്റോ ഏലിയാസ്, സര്‍വീസസിന്റെ എം.എസ് സുമേഷ്, റയില്‍വേയുടെ ചിഞ്ചു ഏലിയാസ്, ജിലിന്‍ അന്ന ജോണ്‍സണ്‍, ഷാന്റി ഏലിയാസ്, ദേശീയ യൂത്ത് താരം ഐബിന്‍ ജോസ്, യൂത്ത് ദേശീയ താരങ്ങളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരങ്ങളുമായ വിജിന, കാവ്യഞ്ജലി, അബിത, അശ്വതി, ജൂനിയര്‍ ദേശീയ താരങ്ങളായ ഹരിശ്രീ, പി.ആര്‍ അശ്വതി, ഐശ്വര്യ, അഞ്ജലി, വി.എ അശ്വതി, മിനിവോളിബോള്‍ ദേശീയ താരങ്ങളും യൂനിവേഴ്‌സിറ്റി താരങ്ങളുമായ അമല്‍ ജോയ്, അരുണ്‍ ജിത്ത്, കേരളത്തിനായി യൂത്ത് ടീമില്‍ കളിച്ച ആല്‍വിന്‍ സെബാസ്റ്റിയന്‍, ജൂനിയര്‍ കേരള താരം ഷഫീഖ് അസ്‌ലം തുടങ്ങിയ നിരവധി താരങ്ങളാണ് വയനാടന്‍ പെരുമ പുറംലോകത്തെത്തിച്ചവര്‍.


കളി നിയന്ത്രിക്കാനും ഇവിടെ ആളുണ്ട്

കളി നിയന്ത്രിക്കാന്‍ പൂര്‍ണ സജ്ജരായ 17ലധികം വി.എഫ്.ഐ രജിസ്‌റ്റേര്‍ഡ് റഫറിമാരും വയനാട്ടിലുണ്ട്. ഇക്കഴിഞ്ഞ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കളികള്‍ നിയന്ത്രിക്കാന്‍ വയനാട്ടില്‍ നിന്നും രണ്ടു പേരുണ്ടായിരുന്നു. ബിനീഷ് വര്‍ഗീസ്, വിജേഷ് എന്നിവരാണ് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കളി നിയന്ത്രിച്ചത്. പി.ബി ശിവന്‍, ജോസ് എള്ളുമന്ദം, എം.പി ഹരിദാസ്, വി.എം അശോകന്‍, ടി.എസ് സുന്ദ്രേന്‍, സുരേഷ് വാളവയല്‍, രതീഷ് ബാബു, കെ.എന്‍ നിഷാന്ത്, ജോഷി, അനീഷ്, കുരുവിള, പി.എസ് ജയകുമാര്‍, ഷിജു വര്‍ഗീസ്, ഷിബു മാത്യു, അശോകന്‍ ചൂതുപാറ തുടങ്ങി 17ലധികം റഫറിമാരാണ് ജില്ലയിലിന്ന് കളി നിയന്ത്രിക്കുന്നത്.

 

 

കല്ലൂരാണ് വോളിയുടെ ജില്ലാ ആസ്ഥാനം


വയനാടന്‍ വോളിയുടെ ആസ്ഥാനമാണ് കല്ലൂര്‍ എന്ന ഗ്രാമം. ദേശീയ പാതയില്‍ നായ്ക്കട്ടിക്ക് സമീപത്തെ ഈ കൊച്ചു ഗ്രാമത്തില്‍ നിന്ന് വോളിബോള്‍ പഠിച്ച് രാജ്യത്തിന്റെ അകത്തും പുറത്തും ക്വാര്‍ട്ടുകളില്‍ തിളങ്ങിനില്‍ക്കുന്ന നൂറിലധികം താരങ്ങളുണ്ട്.
2002ല്‍ കല്ലൂര്‍ വോളി അക്കാദമി സ്ഥാപിച്ചത് മുതലാണ് ഇവിടുത്തെ കുട്ടികളുടെ കളി പുറംലോകമറിയുന്നത്. അതിനും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇവിടം വോളിബോളിന്റെ ഈറ്റില്ലമായിരുന്നു. വോളിബോളിനെ നെഞ്ചേറ്റിയ ജനതയാണ് കല്ലൂരിലേത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി വോളിബോള്‍ കളിച്ച് മാത്രം ജോലി നേടിയ 36 താരങ്ങളുണ്ട് ഈ കൊച്ചുഗ്രാമത്തില്‍. ഇത് ഇന്ത്യയില്‍ തന്നെ അപൂര്‍വമായ സംഭവമായിരിക്കും. ഇവിടെ രണ്ടാംതരം മുതലുള്ള കുട്ടികള്‍ക്ക് ക്യാമ്പ് നല്‍കിയാണ് താരങ്ങളെ വാര്‍ത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് സ്വന്തം ക്ലബിലെ താരങ്ങളെ മാത്രം അണിനിരത്തി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന ടീമും കല്ലൂര്‍ വോളി അക്കാദമിയായിരിക്കും.
കുട്ടികള്‍ക്ക് നൂല്‍പ്പുഴ പഞ്ചായത്തിന്റെ സഹായത്തോടെ തികച്ചും സൗജന്യമായാണ് ഇവര്‍ പരിശീലനം നല്‍കുന്നത്. വോളിബോളിനെ നെഞ്ചേറ്റിയ ഈ നാട് തങ്ങള്‍ക്ക് ലഭിച്ച നാല് സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ ആഥിത്യ മര്യാദ കൊണ്ടും വാര്‍ത്തകളില്‍ ഇടം നേടിയവരാണ്.
മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ടീമുകളെ ഓരോ വീട്ടുകാര്‍ തങ്ങളുടെ അഥിതികളായി വീട്ടില്‍ തന്നെ താമസിപ്പിച്ചും മത്സരങ്ങള്‍ക്ക് അവര്‍ തന്നെ ക്വാര്‍ട്ടിലെത്തിച്ചും ടീമുകളെ പോലും അമ്പരപ്പിച്ചവരാണ് ഈ നാട്ടുകാര്‍.
ഏഷ്യയിലെ മികച്ച ബ്ലോക്കറായ ബെറ്റ്‌സി മുതല്‍ വിയറ്റ്‌നാമില്‍ നടക്കുന്ന യൂത്ത് ഇന്റര്‍നാഷണല്‍ ചാമ്പ്യഷിപ്പില്‍ രാജ്യത്തിനായി ജഴ്‌സിയണിയുന്ന ഏക മലയാളി ഗ്ലാഡീസ് തോമസ് അടക്കം 100ലധികം പേരാണ് കല്ലൂര്‍ വോളി അക്കാദമിയില്‍ നിന്ന് കളി പഠിച്ച് രാജ്യത്തെ വിവിധ ടീമുകള്‍ക്കായി ജഴ്‌സിയണിയുന്നത്.
ദേശീയ പാതക്കരികിലായി നിര്‍മിച്ച കളിമണ്‍ ക്വാര്‍ട്ടിലാണ് ഈ നാടിന്റെ ഓരോ സ്പന്ദനവും. പോള്‍ ആലുങ്കല്‍ പ്രസിഡന്റും സലീം കല്ലൂര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

 

സെന്റ് മേരീസ് വോളി അക്കാദമി


വി.എം അശോകന്റെ പരിശീലന മികവിലാണ് സെന്റ് മേരീസ് വോളി അക്കാദമി ഇന്ന് കാണുന്ന നിലയിലേക്കെത്തിയത്. വെറും നാല് വര്‍ഷങ്ങള്‍ കൊണ്ട് സെന്റ് മേരീസ് കോളജ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ ചാമ്പ്യന്‍മാരായി മാറി.
അക്കാദമിയിലെ ചിട്ടയായ പരിശീലനം കൊണ്ട് ഇവര്‍ തകര്‍ത്തെറിഞ്ഞത് 34 വര്‍ഷത്തെ സെന്റ് ജോസഫ് ഇരിഞ്ഞാലക്കുടയുടെ വനിതാ വോളിയിലെ അപ്രമാദിത്യമാണ്. ആദ്യ വര്‍ഷം ഇന്റര്‍സോണില്‍ മൂന്നാം സ്ഥാനക്കാരായ ടീം രണ്ടും മൂന്നും വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. നാലാം വര്‍ഷത്തില്‍ മുഴുവന്‍ കണക്കും തീര്‍ത്ത് ചാമ്പ്യന്‍പട്ടം വയനാടന്‍ ചുരം കയറ്റിയാണ് ഇവര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മടങ്ങിയത്.
ഈ ടീമിലെ ഏഴ് താരങ്ങളാണ് ആള്‍ ഇന്ത്യ യൂനിവേഴ്‌സിറ്റി ചാമ്പ്യഷിപ്പില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കായി കളത്തിലറങ്ങിയത്.
സംസ്ഥാന ഹയര്‍സെക്കന്‍ഡറി വോളി ചാമ്പ്യന്‍ഷിപ്പിലും നിലവിലെ ജേതാക്കളാണ് സെന്റ് മേരീസ് വോളി അക്കാദമി. സംസ്ഥാന മിനിവോളിബോള്‍ ചാംപ്യന്‍ഷിപ്പിലും സെന്റ് മേരീസിന്റെ കുട്ടികള്‍ തന്നെയാണ് നിലവില്‍ ചാംപ്യന്‍മാര്‍.

 

വയനാടിന്റെ നെടുംതൂണുകളാണിവര്‍


കളത്തില്‍ തിളങ്ങി ചുരത്തിന് മുകളിലെ വോളിബോള്‍ പെരുമ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് മുന്‍ ആര്‍മി താരവും പരിശീലകനും ദീര്‍ഘകാലം വയനാട് ജില്ലാ അസോസിയേഷന്റെ സെക്രട്ടറിയുമായിരുന്ന രവീന്ദ്രനാഥന്‍ നായര്‍, വയനാടിന്റെ വോളിബോള്‍ മേഖലയിലെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച കേരള വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.ബി ശിവന്‍, വോളിബോളിനെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന പരിശീലകനും റഫറിയുമായ ഇ.എം അശോകന്‍, മിനിവോളിബോള്‍ സംസ്ഥാന ടീമിന്റെ മാനേജരായി മിസോറാമില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന നിലവിലെ അസോസിയേഷന്‍ സെക്രട്ടറി ഹരിദാസ്, വളര്‍ന്നുവരുന്ന തലമുറക്ക് മികച്ച പിന്തുണ നല്‍കി സംസ്ഥാന താരങ്ങളാക്കി ഉയര്‍ത്താന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന റിട്ടയേര്‍ഡ് ആര്‍മി ഓഫിസറും പരിശീലകനുമായ മണി എന്നിവര്‍.

 

രവീന്ദ്രനാഥന്‍നായര്‍

വയനാട്ടില്‍ നിന്നും കളിപഠിച്ച് ആര്‍മി ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി, പിന്നീട് ആര്‍മി ടീമിന്റെ കോച്ചായും തിളങ്ങിയ താരം. നിലവിലെ ദേശീയ ടീമിന്റെ കോച്ചായ ജി ശ്രീധരന്‍, വയനാട്ടില്‍ ഇന്ന് വളര്‍ന്നുവന്ന മിക്ക കളിക്കാരെയും പരിശീലകരെയും കളി പരിശീലിപ്പിച്ച പട്ടാളക്കാരന്‍. അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായി വര്‍ഷങ്ങളോളം തന്റെ അനുഭവസമ്പത്ത് വയനാടിന് പകര്‍ന്നു തന്നയാള്‍. മനസ്സ് കൊണ്ട് പ്രായത്തെ തോല്‍പ്പിക്കുന്ന വയനാടിന്റെ റിയല്‍ ഹീറോയാണ് ഈ പട്ടാളക്കാരന്‍. കേരളം കിരീടം ഉയര്‍ത്തിയ കോഴിക്കോട് നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ ടീം മാനേജറും ഈ പട്ടാളക്കാരനായിരുന്നു.


വി.എം അശോകന്‍

വയനാട് ജില്ലാ താരമായി വോളിബോള്‍ ഗ്രൗണ്ടിലേക്കിറങ്ങിയ സെറ്റര്‍. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ പരിശീലനമില്ലാതെ മത്സരിക്കേണ്ടി വന്നതിനാല്‍ മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായ തന്റെ നാട്ടില്‍ നിന്നും ഒരാളെയെങ്കിലും വോളിബോളില്‍ നാടറിയുന്ന താരമാക്കണമെന്ന് ആഗ്രഹിച്ച് പരിശീലകന്റെ കുപ്പായമണിഞ്ഞവന്‍. 1995ല്‍ പരീശീലനക്കളരിയിലേക്കിറങ്ങിയ അശോകനെ രാകിമിനുക്കിയെടുത്തത് കോഴിക്കോട്ടുകാരനായ എം.കെ പ്രേമനും വയനാടിന്റെ സ്വന്തം രവീന്ദ്രനാഥന്‍ നായരുമാണ്. അവരില്‍ നിന്ന് പഠിച്ചെടുത്ത വിദ്യകള്‍ കൊണ്ട് അശോകന്‍ തന്റെ വോളിബോള്‍ അക്കാദമിയില്‍ നിന്ന് 150ലധികം താരങ്ങളെ നാടറിയുന്നവരാക്കി മാറ്റി. പലരും ഇന്ന് ഉന്നതയിടങ്ങളില്‍ ജോലി ചെയ്യുകാണിപ്പോള്‍. മറ്റു പലരും ക്വാര്‍ട്ടില്‍ മികവ് കാട്ടുന്നുമുണ്ട്. കല്ലൂര്‍ വോളി അക്കാദമിയില്‍ നിന്ന് പരിശീലനം തുടങ്ങിയ അശോകന്‍ ഇന്ന് സെന്റ് മേരീസ് അക്കാദമിയുടെ പരിശീലകനാണ്. ജില്ലയിലെ ഒട്ടുമിക്ക അക്കാദമികളിലും പരിശീലകനായി അശോകന്‍ എത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍, സ്‌കൂള്‍സ് സംസ്ഥാന ചാമ്പ്യന്‍സ്, മിനിവോളി സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ വയനാട്ടിലേക്കെത്തിച്ചതും അശോകന്റെ പരിശീലന മികവാണ്.

 

പി ബി ശിവന്‍
വയനാടന്‍ വോളിബോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ എന്നും ഓര്‍ക്കപ്പെടേണ്ട താരം. ജില്ലാ-സംസ്ഥാന-ദേശീയ മത്സരങ്ങളിലെ നിറസാന്നിധ്യം, വയനാട്ടില്‍ നിന്നുള്ള ആദ്യത്തെ വോളിബോള്‍ റഫറി, സംസ്ഥാന വോളിബോള്‍ അസോസിയേഷനിലും നിറസാന്നിധ്യം.ഇപ്പോഴത്തെ സംസ്ഥാന വൈസ് പ്രസിഡന്റ്. തന്റെ അനുഭവ സമ്പത്തും കളിയോടുള്ള ഇഷ്ടവും ആത്മാര്‍തഥയും കൊണ്ട് സംസ്ഥാന ദേശീയ മത്സരങ്ങള്‍ ചുരംകയറ്റി വയനാട്ടില്‍ എത്തിച്ചയാള്‍.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago