മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായുള്ള പോരാട്ടം
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യം ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിച്ചു. തൊട്ടുപിറ്റേന്നുതന്നെ കേരളമടക്കമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചുപൂട്ടി. യു.പി, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടി. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ലോക ജനതയ്‌ക്കൊപ്പം കൊവിഡ് മഹാമാരി ചെറുക്കാനുള്ള ഐതിഹാസിക പോരാട്ടത്തിലാണ്. ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് 190 ലേറെ രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കിലും വിവിധ ഇടങ്ങളിലായി 170 കോടി ജനങ്ങള്‍ 50 രാജ്യങ്ങളിലായി അടച്ചുപൂട്ടലിന് വിധേയമാണ്. ലോകത്തെ ഏറ്റവും വികസിത രാജ്യമായ അമേരിക്കയില്‍ തലസ്ഥാനമായ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ പ്രമുഖ നഗരങ്ങള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച അടച്ചിടാനും പട്ടാളത്തെയിറക്കാനും പ്രസിഡന്റ് ട്രംപിന് ഉത്തരവിടേണ്ടിവന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ പുച്ഛത്തോടെ അവഗണിച്ചിരുന്നു ട്രംപ്. നൂറിലേറെ പേര്‍ സ്വന്തം രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടികളിലേക്ക് ട്രംപ് നീങ്ങിയത്.
ചരിത്രത്തില്‍ മനുഷ്യവംശം നേരിടുന്ന നിലനില്‍പിന്റെ ആദ്യ പരീക്ഷണമാണ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ആ നിലയ്ക്ക് ഓരോ പൗരനും ലോകരാഷ്ട്രങ്ങള്‍ തന്നെയും ഈ മാരകരോഗത്തെ നേരിടുന്നതിലേക്ക് ഇത്രയും ഉയര്‍ന്നു ചിന്തിക്കേണ്ടതുണ്ട്. പ്രശ്‌നം കേരളത്തിന്റെയോ ഇന്ത്യയുടെയോ പരിധിയില്‍ ഒതുങ്ങുന്നതോ പരിഹരിക്കാവുന്നതോ അല്ല. ഐക്യരാഷ്ട്രങ്ങളുടെ തലത്തില്‍തന്നെ ഏറ്റെടുത്ത് ആരോഗ്യവും സമാധാനവും സഹകരണവും ഈ നൂറ്റാണ്ടില്‍ പുലരാനുള്ള നിമിത്തമായി ഇതിനെ കാണേണ്ടതുണ്ട്. മഹാമാരി അഴിച്ചുവിട്ട രാഷ്ട്രങ്ങളാകെ ആ നിലയ്ക്ക് ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്. അത്തരമൊരു വഴിത്തിരിവിലാണ് ലോകം എത്തിയിട്ടുള്ളതെന്നും ആ ലക്ഷ്യത്തിലേക്ക് നീങ്ങേണ്ടതാണ് ഈ പോരാട്ടമെന്നും രാഷ്ട്രങ്ങള്‍ തിരിച്ചറിയേണ്ടതുമുണ്ട്.
സമൂഹ ചലനത്തിന്റെ ചങ്ങലക്കണ്ണി പൊട്ടിക്കുകയെന്ന അസാധാരണ പരീക്ഷണമാണ് ഞായറാഴ്ച ഇന്ത്യയില്‍ നാം പരീക്ഷിച്ചത്. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും മറ്റെല്ലാ അവശ്യവിഭാഗത്തില്‍ പെട്ടവരുമായ നമ്മുടെ സഹോദരി സഹോദരന്മാര്‍ ഈ മഹാമാരിയെ തോല്‍പിക്കാന്‍ സ്വന്തം ജീവിതവും കുടുംബജീവിതവും സമര്‍പ്പിച്ച് പോരാടി വരികയാണ്. അതിനിര്‍ണായകമായ ഈ സേവനത്തിന് രാജ്യം എത്ര നന്ദി പ്രകടിപ്പിച്ചാലും അതു പകരമാകില്ല. കൊതുകോ, മാരക രോഗാണുക്കളോ അല്ല ലോകത്താകെയുള്ള നമ്മള്‍ മനുഷ്യരാണ് ഈ മഹാമാരിയെ ലോകമാകെ വ്യാപിപ്പിക്കുന്നത്. ഈ യാഥാര്‍ഥ്യം ജനങ്ങള്‍ എന്ന് അറിയപ്പെടുന്ന മനുഷ്യരായ നമ്മള്‍ ഇനിയും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. അതിന്റെ ഫലമാണല്ലോ കാസര്‍കോട് ജില്ലയിലടക്കം കേരളമാകെയും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്.
ഊര്‍ജ്ജിതശ്രമം നടത്തുന്നുണ്ടെങ്കിലും ഈ പുതിയ മഹാമാരി തടയുന്നതിനുള്ള വാക്‌സിനോ പ്രതിരോധ മരുന്നുകളോ ലോകത്തെവിടെയും ഇനിയും കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മ്മനിയുടെ ചാന്‍സലര്‍ അംഗലേയ മെര്‍ക്കല്‍ ജനങ്ങളോട് പറഞ്ഞത് ശ്രദ്ധിക്കുക: കൊറോണ വൈറസ് ബാധയ്‌ക്കെതിരായ സമയം നീട്ടിക്കിട്ടാനുള്ള ഏക മാര്‍ഗമാണ് അതിന്റെ സമൂഹ വ്യാപനം തടയാനുള്ള ജര്‍മ്മനിയിലെ നടപടി എന്നത്.
അന്ധവിശ്വാസവും കക്ഷിരാഷ്ട്രീയവും മനുഷ്യന്റെ ജീവന്റെ കാര്യത്തില്‍പോലും കുത്തിക്കലര്‍ത്തുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും നമ്മുടെ നാട്ടില്‍ പ്രബലരാണ്. അതുകൊണ്ടാണ് ശംഖ് ഊതിയും മണിനാദം മുഴക്കിയും ഭാരതമാതാവിന് ജയ് വിളിച്ചും ഉത്തരേന്ത്യയില്‍ പലേടത്തും ജനങ്ങള്‍ നേതാക്കള്‍ക്കൊപ്പം ആനന്ദനൃത്തം ചവിട്ടിയത്. കൊവിഡ്-19 ന്റെ വിളയാട്ടത്തിന് ഇന്ത്യന്‍ സമൂഹത്തിലേക്ക് ഞായറാഴ്ച വരവേല്‍പ് തന്നെ നടത്തിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് യുദ്ധവിരുദ്ധ പ്രചാരണം നടത്തി സമൂഹത്തെയാകെ ഉണര്‍ത്തിയ പാരമ്പര്യമുള്ള നാടാണ് കേരളം. പിന്നീട് തുടര്‍ന്നുപോന്ന ആ സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയുടെയും മേല്‍ കരിപുരട്ടുന്നതായി പത്തനംതിട്ടയിലും ഒടുവില്‍ കാസര്‍കോട് ജില്ലയിലും മറ്റും വിദേശത്തുനിന്നു വന്ന മലയാളികള്‍ കൊറോണ വൈറസ് നാടുനീളെ പരത്തിയത്. അതുകൊണ്ടാണ് കേരള സമൂഹം ഇത്രപെട്ടെന്ന് അത്യാപത്തിന്റെ വക്കിലേക്ക് തട്ടിനീക്കപ്പെട്ടത്. ഏറെ മുന്‍കൂട്ടി തന്നെ നമ്മുടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ സാമൂഹിക വകുപ്പ് തുടങ്ങിവയ്ക്കുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറാകെ പരിഭ്രാന്തി സൃഷ്ടിക്കാതെ ജനങ്ങളെ ജാഗ്രതപ്പെടുത്തി മഹാമാരിക്കെതിരായ നടപടികള്‍ ഏകോപിപ്പിച്ചിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായ ആ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുംവിധം സാമൂഹിക വിരുദ്ധരെപ്പോലെ ചിലര്‍ പ്രവര്‍ത്തിച്ചു എന്നത് മാപ്പര്‍ഹിക്കുന്നില്ല.
എന്നാല്‍ ശാസ്ത്രീയമായും പ്രായോഗികമായും ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത് രാജ്യമായ ഇന്ത്യക്ക് വിശേഷിച്ച് ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തിന് സാമൂഹിക അകലം പാലിച്ച് ആളുകള്‍ വീടുകളില്‍ തങ്ങിയതുകൊണ്ട് മാത്രം ഈ പോരാട്ടം നമുക്ക് ജയിക്കാനാവില്ല. ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഡ്‌നോം ഗെബ്രിയേഹസ് പറയുന്നത് നോക്കുക: ശാരീരികമായി അകല്‍ച്ച പാലിക്കുന്നത് വൈറസ് പരക്കുന്നത് കുറയ്ക്കുന്നതിന് സമയം വാങ്ങാന്‍ സാധിക്കും. ആ പ്രതിരോധ നടപടികൊണ്ടായില്ല. നമുക്ക് ജയിക്കണം. അതിന് വൈറസിനെതിരേ ഏറ്റവും രൂക്ഷമായ ആക്രമണം അഴിച്ചുവിടുകയും അടവുകള്‍ ലക്ഷ്യമിടുകയും വേണം. ഇത് സംശയിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ഏകാന്തവാസത്തിലാക്കുകയും ഉറപ്പായ കേസുകളില്‍ ക്വാറന്റൈനില്‍ വയ്ക്കുകയും ചികിത്സ നല്‍കുകയുമാണ് വേണ്ടത്. അടുത്ത ബന്ധം ഒഴിവാക്കണം'.
ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ്, കോംകോ, അര്‍ജന്റീന തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ നിര്‍ബന്ധിത അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാല്‍ക്കണിയില്‍നിന്ന് കൈയടിച്ചും പാട്ടുപാടിയും രാജ്യത്തെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മാതൃക കാട്ടിയത് സ്‌പെയിന്‍ തലസ്ഥാന നഗരിയായ മാഡ്രിഡ് ആയിരുന്നു. 60 ലക്ഷത്തോളം പൗരന്മാരെ കൊവിഡ്-19 ഭീഷണിയെതുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിന്‍ അടച്ചുപൂട്ടിയിട്ടും അവിടെ മരണം 24 മണിക്കൂറിന്നുള്ളില്‍ 462 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 33,000നുമേലും ഇതേ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ ഏപ്രില്‍ 11 വരെ നീട്ടാന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിര്‍ബന്ധിതനായത്. അവിടെ നാലായിരത്തില്‍ താഴെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തന്നെ ലോകത്ത് രോഗബാധയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്‌പെയിനില്‍ തകര്‍ന്ന നിലയിലാണ്.
എന്നാല്‍ ലോകത്ത് ആരോഗ്യ പരിരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇന്നും നിലകൊള്ളുന്ന ക്യൂബ ഈ മഹാമാരിയെ നേരിടുന്നതിന് കാണിക്കുന്ന മാതൃക ലോകത്തിലെ വന്‍ രാജ്യങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്. വെള്ളക്കുപ്പായക്കാരുടെ പട്ടാളം (അൃാശല െീള ംവശലേ ൃീയല)െ എന്ന പേരില്‍ കാസ്‌ട്രോയുടെ പടങ്ങളുമേന്തി ഡോക്ടര്‍മാരുടെ സംഘം ഇറ്റലി, വെനസ്വല, നിക്കരാഗ, ജമൈക്ക എന്നീ രാജ്യങ്ങളില്‍ സേവന സന്നദ്ധരായി പ്രതിരോധ സംവിധാനങ്ങളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
പുറം രാജ്യങ്ങളില്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 80 ശതമാനം അതത് ഗവണ്‍മെന്റുകള്‍ ഉറപ്പ് നല്‍കുന്ന സ്ഥിതിയുണ്ട്. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ പോലും 20,000 കോടിയുടെ സഹായ പദ്ധതി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കും മുന്നോട്ടുവച്ചാണ് കൊവിഡിനെതിരായ പോരാട്ടം തുടരുന്നത്. എന്നാല്‍ മോദി ഗവണ്‍മെന്റ് കാര്യമായ സാമ്പത്തിക സഹായ പാക്കേജോ സാമ്പത്തിക ഉത്തേജക പാക്കേജോ മുന്നോട്ടുവച്ചില്ല. പ്രതിപക്ഷ ബെഞ്ചുകളില്‍നിന്നുള്ള ആവശ്യത്തോട് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ല. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധന ബില്‍ അവതരിപ്പിച്ച് പാസാക്കിയപ്പോഴും പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകപോലും ചെയ്തില്ല. കൊവിഡ്-19 ന്റെ ഭീഷണിയില്‍ പാര്‍ലമെന്റ് പിരിഞ്ഞത് ഗവണ്‍മെന്റിന്റെ ഈ നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണ്.
130 കോടി ജനങ്ങളെ സാമൂഹിക സ്പര്‍ശത്തില്‍നിന്ന് തടയുക എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ ജീവിതാവസ്ഥ എന്തായിത്തീരുമെന്ന് ഒരു നിമിഷം ചിന്തിക്കുക. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. എന്നിട്ടും അവിടത്തെ ചേരികളില്‍ ലക്ഷക്കണക്കായ മനുഷ്യര്‍ പണിയില്ലാതെ പട്ടിണിയായി തുടരുകയാണ്. നഗരഹൃദയത്തിലെ ചേരിയില്‍ മാത്രം വേറിട്ട് ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയാത്തതുമൂലം കാല്‍ ലക്ഷം മനുഷ്യര്‍ അവിടെ കുടിലുകളില്‍ ക്വാറന്റൈനില്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സ്ഥിതിയില്‍ രാജ്യത്തിനകത്തുനിന്നുള്ള വ്യാപനവും ഇന്ത്യയ്ക്കു പുറത്തുനിന്നു വരുന്നവരില്‍ നിന്നുള്ള വൈറസ് വ്യാപനവും രാജ്യം എങ്ങനെ പ്രതിരോധിക്കും.
പ്രധാനമന്ത്രി ഇപ്പോഴും സാമ്പത്തിക നടപടിയുടെ കാര്യത്തില്‍ വാണിജ്യമണ്ഡലങ്ങളുമായും മറ്റും ചര്‍ച്ച തുടരുകയാണത്രെ. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര സംവിധാനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഫെബ്രുവരിയില്‍ തന്നെ കൊവിഡ്-19 നെ സംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യം ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. ചൈനയില്‍നിന്നുള്ള വ്യാപന സാധ്യതകള്‍ സംബന്ധിച്ച് അതിനനുസരിച്ച് പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടു. പ്രത്യേകിച്ചും വിമാനത്താവളങ്ങളില്‍വച്ചുതന്നെ രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിനെത്തിക്കുന്നതിലും വ്യാപനം തടയുന്നതിലും. പ്രസിഡന്റ് ട്രംപിന്റെ കൊവിഡ്-19 നെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് പ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ പോള്‍ ക്രൂഡ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയത് മോദിയുടെ കാര്യത്തില്‍ ഇവിടെയും ശരിയാണെന്നു തോന്നുന്നു. ട്രംപിനെ വിശ്വസിക്കാതിരിക്കുക എന്നതുതന്നെ മോദിയുടെ കാര്യത്തിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."