നിളാ ഹെറിറ്റേജ് കലാഗ്രാമം: പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; ഉദ്ഘാടനം 19ന്
പൊന്നാനി: ഭാരതപ്പുഴയുടെ തീരത്ത് ലോകോത്തരനിലവാരത്തില്‍ നിര്‍മിക്കുന്ന നിളാ ഹെറിറ്റേജ് മ്യൂസിയവും കലാഗ്രാമവും യാഥാര്‍ഥ്യത്തിലേക്ക്. പൊന്നാനിയുടെ ഈ സ്വപ്‌നപദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ക്യൂറേഷന്‍ വര്‍ക്കുകളുടെ ഉദ്ഘാടനം 19ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. നിളാ നദിയുടെ ചരിത്ര സാംസ്‌കാരിക പൈതൃകവും പൊന്നാനിയുടെയും വന്നേരിനാട് അടങ്ങുന്ന വള്ളുവനാടിന്റെയും കലാസാംസ്‌കാരിക പൈതൃകവും പുതുതലമുറക്ക് അനുഭവേദ്യമാക്കുന്ന തരത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. പദ്ധതി അടുത്ത വര്‍ഷത്തോടെ പൂര്‍ണതോതില്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കും.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.5 കോടിയും ടൂറിസം വകുപ്പില്‍നിന്ന് 5.5 കോടിയും ഉപയോഗിച്ചാണ് നിര്‍മാണം. 2016ലാണ് നിര്‍മാണം ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
സാന്നിധ്യമറിയിച്ച പൊന്നാനി സാഹിത്യകളരിയുടെ ശില്‍പങ്ങളും മ്യൂസിയത്തിന്റെ ആകര്‍ഷണങ്ങളാണ്. കാഴ്ച പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സജ്ജമാക്കിയ രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്.
ഇതിനായി ഇവര്‍ക്ക് സുഗമമായി നടക്കുന്നതിനായി മാര്‍ഗദര്‍ശന ടാക്ട് ടൈലും നിലത്ത് പാകിയിട്ടുണ്ട്. ഓരോ ഇടത്തും തയാറാക്കിയ കിയോസ്‌കുകളിലൂടെ നയനേതര കാഴ്ചക്കാര്‍ക്ക് ഗ്രഹിക്കുവാനും ആസ്വദിക്കാനും കഴിയും. വലിയ ജുമുഅത്ത് പള്ളിയും തൃക്കാവ് ക്ഷേത്രത്തിന്റെ പ്രസിദ്ധിയും മ്യൂസിയത്തില്‍ തയാറാക്കുന്നുണ്ട്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയിലാണ് മ്യൂസിയം ഒരുങ്ങുന്നത്.
പൗരാണിക ചരിത്രത്തിന്റെ ഭാഗമായിരുന്ന പാണ്ടികശാലയും സാംസ്‌കാരിക നായകര്‍ ഒത്തുകൂടിയിരുന്ന ഭാരതപ്പുഴയിലെ മോത്തിലാല്‍ ഘട്ട്, പൊന്നാനിയിലെ കലാ, സാഹിത്യ രംഗത്തെ മഹാപ്രതിഭകളായിരുന്ന ഉറൂബ്, ഇടശ്ശേരി, കെ.സി.എസ് പണിക്കര്‍, പത്മിനി, മുസ്‌ലിം നവോത്ഥാന നായകന്‍മാരായിരുന്ന ഉമര്‍ഖാസി, മഖ്ദൂമുമാര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളെ പുതുതലമുറക്ക് കലാഗ്രാമത്തിലൂടെ പരിചയപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."