സി.പി.എം ട്രാപ്പില്‍പ്പെടുത്തിയെന്ന് സുലൈമാന്‍ ഹാജി
നിലമ്പൂര്‍: തന്നെ ട്രാപ്പില്‍പ്പെടുത്തിയാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടട്ടതെന്നും അധികാരം നിലനിര്‍ത്താന്‍ തന്റെ പിന്നാലെ നടക്കുന്നതു സി.പി.എമ്മി നു നാണക്കേടാണെന്നും പോത്തുകല്‍ പഞ്ചായത്ത് യു.ഡി.എഫ് സ്വതന്ത്ര അംഗം സി.എച്ച് സുലൈമാന്‍ ഹാജി. താന്‍ വീണ്ടും സി.പി.എമ്മിലേക്കന്ന പ്രചാരണത്തിന് മറുപടിയെന്നോണമാണ് വാര്‍ത്താസമ്മേളനത്തിലൂടെ സി.പി.എമ്മിനെതിരേ ഇദ്ദേഹം രംഗത്തുവന്നത്. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനും മറ്റു നേതാക്കള്‍ക്കുമൊപ്പം സി. പി.എം ജില്ലാ നേതൃത്വവുമായി സുലൈമാന്‍ ഹാജി മലപ്പുറത്ത് നടത്തിയ ചര്‍ച്ച പുറത്തുവന്നിരുന്നു. സി.പി.എം പ്രാദേശിക നേതാക്കള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പാര്‍ട്ടിയിലേക്കു തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ഏരിയാ കമ്മിറ്റി ഓഫിസിലേക്കു ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവരികയും നിലമ്പൂരില്‍ ഇറക്കാതെ പിന്നീട് സി.പി.എം ജില്ലാ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ഭരണസമിതിയില്‍ താന്‍ യു.ഡി.എഫ് അംഗമായി തുടരും. ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല. ഇപ്പോള്‍ യു.ഡി.എഫിന്റെ സ്വതന്ത്ര അംഗമാണ്. എല്‍.ഡി.എഫ് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താലും യു.ഡി.എഫിനൊപ്പം നില്‍ക്കും. യു.ഡി.എഫ് പഞ്ചായത്തില്‍ അധികാരത്തില്‍ വന്നാല്‍ സി.എച്ച് സുലൈമാന്‍ ഹാജി തന്നെയായിരിക്കും പ്രസിഡന്റെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആര്‍ പ്രകാശ് പറഞ്ഞു. യു.ഡി.എഫ് ആറാം വാര്‍ഡ് വനിതാ അംഗത്തെയും സി.പി.എം പാളയത്തിലെത്തിക്കാന്‍ നീക്കം നടത്തിയതായും പ്രകാശ് പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സി.എച്ച് ഇഖ്ബാല്‍, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉബൈദ് കാക്കീരി, എസ്.ടി.യു മണ്ഡലം പ്രസിഡന്റ് അലവിക്കുട്ടി ആലായി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."