അട്ടപ്പാടി കുടുംബശ്രീ മിഷന്‍ അഴിമതി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ അപവാദപ്രചരണം
പാലക്കാട്: അട്ടപ്പാടിയില്‍ നടന്നുവരുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആദിവാസി സംഘടനകളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും കുടുംബശ്രീ മിഷന്റെ നേതൃത്വം വഹിക്കുന്ന ചിലര്‍ അപവാദ പ്രചരണവും ഭീഷണിയും നടത്തുന്നു. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളാണെന്ന് കാണിച്ച് പൊലിസില്‍ പരാതി കൊടുക്കുമെന്നാണ് ഭീഷണി.
മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കുമെന്നും വിവിധ മാര്‍ഗങ്ങളിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും, ആദിവാസികള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കി പദ്ധതിയുടെ പണം മുഴുവന്‍ മിഷന്‍ ഓഫിസര്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചെലവഴിക്കുകയാണെന്നും ആദിവാസി ക്ഷേമസമിതി നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ചും, വര്‍ഷങ്ങളായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കുറുമ്പ സൊസൈറ്റികളെ ഇല്ലാതാക്കിയതിനു പുറമെ ഇവക്കുവേണ്ടി ലക്ഷങ്ങള്‍ നല്‍കി സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നിരവധി പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ ലക്ഷങ്ങള്‍ ചെലവഴിച്ച് തമിഴ്‌നാട്ടിലെ അംഗീകാരമില്ലാത്ത പരിശീലന കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി ആദിവാസികളെ അയച്ചതിനെക്കുറിച്ചായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. 2014ലാണ് 93 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ അട്ടപ്പാടിയില്‍ കുടുംബശ്രീ പദ്ധതി വിഭാവനം ചെയ്തത്. ഇതിനകം 25 കോടിരൂപയാണ് വിവിധ പേരുകളില്‍ ചെലവഴിച്ചുവെങ്കിലും ആര്‍ക്കും പദ്ധതിയുടെ ഗുണം കിട്ടിയിട്ടില്ല. അട്ടപ്പാടിയിലെ പഞ്ചായത്തുകളെ പൂര്‍ണമായും ഒഴിവാക്കി തന്നിഷ്ടപ്രകാരം പദ്ധതി നടപ്പാക്കുന്നതിനെതിരേ നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെ കുടുംബശ്രീ മിഷന്റെ പദ്ധതികളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
ഇതിനിടയില്‍ കുടുംബശ്രീ മിഷന്‍ അധികൃതര്‍ ചുളുവില്‍ ചില മാധ്യമപ്രവര്‍ത്തകരെ വിലക്കെടുക്കാനുള്ള ശ്രമങ്ങളും പാലക്കാട് കേന്ദ്രീകരിച്ച് നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പിന്‍വലിച്ചുവെന്നും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തുന്നത് തടഞ്ഞെന്നും മിഷന്‍ അധികൃതര്‍ പ്രചരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."