ജലവൈദ്യുത പദ്ധതികളില്‍ മുന്നേറ്റവുമായി ജില്ലാ പഞ്ചായത്ത്
കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ജലവൈദ്യുത പദ്ധതിയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബി ക്ക് വിതരണം ചെയ്തത് 7,689,230 യൂനിറ്റ് വൈദ്യുതി. ഇതിലൂടെ നേടിയത് 36,585,357 രൂപ. ഇന്ത്യയില്‍ തന്നെ ഒരു ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മീന്‍വല്ലം. പദ്ധതിക്കായി നബാര്‍ഡില്‍ നിന്നും കടമെടുത്ത 77,932,000 രൂപയില്‍ 57,887,716 രൂപ അടച്ചുതീര്‍ത്തതായി മീന്‍വല്ലം പ്രൊജക്ട് ചീഫ് എന്‍ജിനീയര്‍ ഇ.സി പത്മരാജന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കാന്‍ പോകുന്ന മറ്റൊരു ജലവൈദ്യുത പദ്ധതിയാണ് പാലക്കുഴി പദ്ധതി. ആലത്തൂര്‍ ബ്ലോക്കിലെ പാലക്കുഴി പുഴയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ മീന്‍വല്ലം ടൈല്‍ റൈസിങ്, ചെമ്പുക്കട്ടി, കൂടം എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളും എറ്റെടുത്ത് നടത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്. തെങ്കര ഡിവിഷനു കീഴിലുള്ള കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലേക്കുള്ള കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനായി സ്ഥാപിച്ച പദ്ധതിയാണ് പൂതുക്കുടി ലിഫ്റ്റ് ഇറിഗേഷന്‍. നിലവിലുണ്ടായിരുന്ന പദ്ധതിക്ക് പത്ത് ലക്ഷം രൂപ അധികമായി വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കുന്തിപ്പുഴയില്‍ നിന്നാണ് വെള്ളം ലഭ്യമാക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ മറ്റ് പദ്ധതികള്‍ വെള്ളിനേഴി, നാഗലശ്ശേരി, വാണിയംകുളം ഗ്രാമപഞ്ചായത്തുകളില്‍ ബാലവിഹാരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ സ്ഥലം ലഭ്യമാക്കി കുട്ടികള്‍ക്ക് വായിക്കാനും കളിക്കാനും സൗകര്യമുള്ള പാര്‍ക്കുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിച്ചെടുക്കലാണ് ബാലവിഹാരം പദ്ധതി വഴി ലക്ഷ്യമിടുന്നത്.
തെരുവ് നായ്ക്കളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് തെരുവുനായ പ്രജന നിയന്ത്രണ പദ്ധതി. നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി വിടുന്നതിനാല്‍ ഇവയെ കൊല്ലാതെ തന്നെ വംശവര്‍ധനവ് തടയാന്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെയായി 17,261 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഇതിനായി 21,500,000 രൂപയോളം ചെലവായി.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായാണ് തുക കണ്ടെത്തുന്നത്. നെല്ലിക്കാട് ലക്ഷംവീട്, സ്രാമ്പിക്കല്‍, കയറാടി, ചോലക്കാവ്, ഗണപതിപ്പാറ, ചെറുവത്തൂര്‍ കോളനികളുടെ സമഗ്രവികസനം, നിരവധി റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, അങ്കണവാടികള്‍ എന്നിവയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ ജില്ലയിലെ വിവിധ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായുള്ള നടപടികളും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."