കൊവിഡ് 19: സഊദിയിൽ രണ്ടാമത്തെ മരണം, പുതുതായി 133 പേർക്ക് കൂടി സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ കൊവിഡ് -19 വൈറസ് ബാധയേറ്റ ഒരാൾ കൂടി മരിച്ചു. പുതുതായി 133 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി ഉയർന്നു. ഇന്നത്തെ മരണം സ്ഥിരീകരിച്ചത് മക്കയിലാണ്. 46 കാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് 19 ബാധിച്ചു രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം രണ്ടായി ഉയർന്നു. ഇന്നലെ മദീനയിൽ അഫ്ഗാനിസ്ഥാൻ പൗരനാണ് ആദ്യ മരണത്തിനു കീഴടങ്ങിയത്.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച 133 കേസുകളിൽ 83 എണ്ണം തലസ്ഥാന നഗരിയായ റിയാദിലാണ്. ദമാമിൽ 13, ജിദ്ദ 10, മദീന 06, ഖത്വീഫ് 06, ഖോബാർ 05, നജ്‌റാൻ 04, അബഹ 02, ദഹ്റാൻ 01, അൽ ജുബൈൽ 01 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകൾ. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 18 എണ്ണം സമീപകാലത്ത് യാത്ര കഴിഞ്ഞെത്തിയവരാണ്. ഇവർ രാജ്യത്ത് എത്തിയത് മുതൽ ക്വറന്റൈനിൽ ആയിരുന്നു. മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."