കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍
തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും കൃഷി - തോട്ടം - ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ചട്ടം 377 പ്രകാരമാണ് എം.പി ഈ ആവശ്യമുന്നയിച്ച് പ്രസംഗിച്ചത്. സഭ നിര്‍ത്തിവെച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പി അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്‍കിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും കേരളത്തിലെ 123 വില്ലേജുകളിലെയും കൃഷി - തോട്ടം - ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ തീരുമാനം എടുത്ത സാഹചര്യത്തില്‍ ഈ നിര്‍ദേശം പരിഗണിച്ച് ആക്ഷേപ കാലാവധിയായ 60 ദിവസം കഴിഞ്ഞാല്‍ ഉടന്‍ തന്നെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ജോയ്‌സ് ജോര്‍ജ് ആവശ്യപ്പെട്ടത്.
കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ 4152 വില്ലേജുകള്‍ ഇ.എസ്.എ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ 2013 നവംബര്‍ 13 ലെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.
നേരത്തെ കേരളം നല്‍കിയ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തള്ളിയ സാഹചര്യത്തില്‍ ഒരു വില്ലേജിനുള്ളില്‍ തന്നെ ഇ.എസ്.എയും നോണ്‍ ഇ.എസ്.എയും ഉള്‍പ്പെടാതെ കൃത്യമായി നിര്‍വചിച്ച് നിര്‍ദേശം സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ജോയ്‌സ് ജോര്‍ജ് ആവശ്യപ്പെട്ടു.
കേരളത്തിലെ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം മാത്രം ഇ.എസ്.എ ആയി നിജപ്പെടുത്തിയും വനത്തിന് പുറത്തുള്ള തോടും ചതുപ്പും പുഴയും ചേര്‍ന്നിട്ടുള്ള 876 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സംരക്ഷിക്കുമെന്നും അതുകൊണ്ട് വനമല്ലാത്ത ഒരിടവും ഇ.എസ്.എയില്‍ ഉള്‍പ്പെടാതെ അതായത് കൃഷി - തോട്ടം - ജനവാസ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭ തീരുമാനം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞുവെന്നും ഇനി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചെയ്യേണ്ടതെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."