വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ: വാഹനാപകടങ്ങള്‍ പതിവാകുന്നു
തൊടുപുഴ: പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനായി വാട്ടര്‍ അതോറിറ്റി നഗരത്തിലെ റോഡുകളില്‍ കുഴിക്കുന്ന കുഴികള്‍ കൃത്യമായി മൂടാത്തതു മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു.
ഇന്നലെ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ വിമല പബ്ലിക് സ്‌കൂളിന് സമീപം പൈപ്പ് നന്നാക്കാനായി കുഴിച്ച കുഴിയില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാറമണലുമായി വന്ന ടിപ്പര്‍ ലോറിയാണ് റോഡിന് നടുവിലെ കുഴിയില്‍ താഴ്ന്നത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് വിമല പബ്ലിക് സ്‌കൂളിന് സമീപം വാട്ടര്‍ അതോറിറ്റി പൈപ്പ് നന്നാക്കാനായി കുഴിയെടുത്തത്.
നന്നാക്കിയ ശേഷം കരാറുകാരന്‍ അശ്രദ്ധമായി കുഴി മൂടിയതാണ് അപകടത്തിന് കാരണം. കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന നൂറുകണക്കിന് വാഹനങ്ങളാണ് കാഞ്ഞിരമറ്റം ബൈപ്പാസ് വഴി കടന്നു പോകുന്നത്. കൂടാതെ ന്യൂമാന്‍ കോളജ്, വിമല പബ്ലിക് സ്‌കൂളുകളിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.
നഗരത്തിലെ പല ഭാഗങ്ങളിലും വാട്ടര്‍ അതോറിറ്റി എടുക്കുന്ന കുഴികള്‍ നേരാവണ്ണം മൂടുന്നില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ഇടുക്കി റോഡില്‍ ടൗണ്‍ ഹാളിന് മുന്‍ വശത്തും പൊലിസ് സ്റ്റേഷന് സമീപത്തും കുഴിച്ച കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
റോഡുകളില്‍ കുഴിയെടുത്താല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നാണ് വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള ധാരണ.
എന്നാല്‍ വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഇത് കൃത്യമായി പാലിക്കാറില്ല. കരാറുകാരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലമാണ് കുഴികള്‍ കൃത്യമായി മൂടാത്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിന് ചില പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുന്നുണ്ട്.
കമ്മിഷന്‍ പറ്റുന്നതിന്റേയും കൈക്കൂലി വാങ്ങുന്നതിന്റെയും കേന്ദ്രമായി തൊടുപുഴയിലെ വാട്ടര്‍ അതോറിറ്റി ഓഫിസ് മാറിയിരിക്കുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
കുടിവെള്ളത്തിന്റെ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എത്തുന്ന ഉപഭോക്താക്കളെ പ്ലംബര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിഴിയുകയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
തൊടുപുഴ വാട്ടര്‍ അതോറിറ്റി ഓഫിസിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."