ചെറുവാഹനങ്ങളുടെ ടോള്‍പിരിവ് 16 വരെ നിര്‍ത്തിവച്ചു
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍പിരിവിനെതിരേ നാട്ടുകാരും സമരസമിതിയും നടത്തിവന്ന സമരം താല്‍കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ 16ന് ചര്‍ച്ചയ്ക്ക് വിളിച്ചതിനെതുടര്‍ന്നാണ് സമരം താല്‍കാലികമായി അവസാനിപ്പിച്ചത്. 16വരെ ചെറുവാഹനങ്ങളില്‍ നിന്ന് ടോള്‍പിരിക്കില്ലെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജനകീയ മാര്‍ച്ചില്‍ വനിതകളുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ടോള്‍പ്ലാസയ്ക്ക് സമീപം വച്ച് മാര്‍ച്ച് പൊലിസ് തടഞ്ഞു. തുടന്ന് നടന്ന സമ്മേളനം മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സോന ജയരാജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ബെന്നി,വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വി.സി പ്രസന്നന്‍, ജോണ്‍ പി.ആര്‍ , ടി.ഡി മെന്‍ഡസ്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം അനിശ്ചിതകാല സമരം നടത്തുന്ന ട്രക്ക് ഉടമകളുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രക്കുകളുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കണ്ടെയ്‌നര്‍ മോണിറ്ററിങ് കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് പറഞ്ഞു. അമിതടോള്‍ നിരക്ക് ഏകപക്ഷീയമായ തീരുമാനത്തിലൂടെ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് അധികൃതര്‍ നടപ്പാക്കുന്നതെന്ന് ട്രക്ക് ഉടമകള്‍ പറഞ്ഞു. ട്രക്കുകളുടെ സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.അധികൃതര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാതെ സമരക്കാരെ അടിച്ചമര്‍ത്തുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ടോള്‍നിരക്ക് കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ട്രക്ക് ഉടമകള്‍. സര്‍വിസ് റോഡ് ഒരുക്കണമെന്നും പ്രദേശവാസികളെ ടോളില്‍ നിന്ന് ഒഴിവാക്കമെന്നുമാവശ്യപ്പെട്ട് പ്രദേശവാസികള്‍ ടോള്‍പിരിവിനെതിരെ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.വഴിവിളക്കുകള്‍ സ്ഥാപിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.തുടര്‍ന്ന് ജനകീയ സമിതി കലക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് സമരം കൂടുതല്‍ ശക്തമായത്. 16ന് കലക്ടറുമായി നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി.
നടപടി പ്രതിഷേധം
ലഘൂകരിക്കാന്‍: പി.ഡി.പി
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിച്ച ദേശീയ പാത അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസ ഉപരോധിച്ചു. വാണിജ്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കാനും യാത്രാവാഹനങ്ങളെ തല്‍ക്കാലം ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിച്ചത് ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനെ ലഘൂകരിക്കാനാണെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്‌റഹ്മാന്‍ പറഞ്ഞു.
ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധത്തിലൂടെ മാത്രമേ ടോള്‍ കൊള്ള നിര്‍ത്താന്‍ അധികാരികള്‍ തയാറാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, സെക്രട്ടറിയേറ്റ് അംഗം എന്‍.കെ മുഹമ്മദ് ഹാജി, ജില്ലാ ജോയിന്റ് സെക്രട്ടറി മെഹബൂബ് കൊച്ചി, ഫൈസല്‍ മാടവന, എന്‍.എം ഹസ്സന്‍, അന്‍സാര്‍ മലയന്‍കാട് തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."