വയനാട്ടില്‍ നിന്നും നെയ്യാര്‍ഡാം പാര്‍ക്കില്‍ എത്തിച്ച കടുവ ചത്തു
സംഭവത്തില്‍ ദുരൂഹത
കാട്ടാക്കട: വയനാട്ടില്‍ നിന്നും നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കില്‍ ഇന്നലെ പുലര്‍ച്ചെ ഏഴുമണിയോടെ എത്തിച്ച കടുവ ചത്തു.
സംഭവത്തില്‍ ദുരൂഹത ഉള്ളതായി ആരോപണം. ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്ന എട്ടുവയസോളം പ്രായമുള്ള പെണ്‍ കടുവയെ ചികിത്സക്കായാണ് നെയ്യാര്‍ ഡാം പാര്‍ക്കില്‍ എത്തിച്ചത്. വയനാട്ടില്‍ നിന്നും പ്രതേക വാഹനത്തില്‍ എത്തിച്ച കടുവ ചികിത്സയും സുരക്ഷയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചത്തത്. കടുവയെ ഇവിടെ ഇറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ചാവുകയായിരുന്നു.
പിടികൂടുമ്പോള്‍തന്നെ അവശ നിലയിലായിരുന്ന കടുവയെ ഇത്രയും ദൂരം വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ അധികൃതര്‍ പാലിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടെ എത്തിച്ച ശേഷം വൃത്തിഹീനമായ ആഹാരം നല്‍കിയതായും പറയുന്നു. കടുവയെ അവശനിലയില്‍ ഇവിടെ എത്തിക്കുക എന്നത് ശ്രമകരമാണ് എന്ന് നേരത്തേതന്നെ അഭിപ്രായമുണ്ടായിരുന്നു. ഈ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്നലെ രാവിലെയോടെ കൊണ്ടുവന്ന കടവയെ നെയ്യാര്‍ഡാമിലെ സഫാരി
പാര്‍ക്കില്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിലും വീഴ്ചയുണ്ടായി. കൂട്ടില്‍ നിന്നും ഇറക്കുന്നതിനിടെ കടുവയ്ക്കു ശരീരത്തില്‍ ചതവ് പറ്റുകയും പരുക്കുകള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു. ഇതാണ് കടുവ ചാകാന്‍ കാരണമെന്നു പറയുന്നു.
അതേ സമയം മണിക്കൂറുകള്‍ക്കുള്ളില്‍ കടുവ ചത്തതായി വാര്‍ത്ത പരന്നതോടെ സ്ഥലത്തെത്തിയ നാട്ടുകാരെയോ സന്ദര്‍ശകരെയോ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല.
വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം സ്ഥലത്തെത്തുകയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി വാര്‍ഡന്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായി മണിക്കൂറുകളോളം രഹസ്യ ചര്‍ച്ച നടത്തി. അതിനു ശേഷമാണ് പോസ്റ്റാര്‍മോര്‍ട്ടം നടത്തിയത്. എന്നിട്ടും ചത്ത കടുവയെ കാണാന്‍ ആരെയും അനുവദിച്ചില്ല. ഉദ്യോഗസ്ഥരുടെ ഈ നിലപാടില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും സന്ദര്‍ശകരും പറയുന്നു. സഫാരി പാര്‍ക്കില്‍ കടുവയെ എത്തിച്ചത് എന്തിനെന്നും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.
വെള്ളിയാഴ്ചയാണ് വയനാട് പള്ളിവയല്‍ കാപ്പി തോട്ടത്തില്‍ നിന്നും വനപാലകര്‍ കടുവയെ കെണിവച്ചു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."