കൃഷി നാശം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ തയ്യാറാകാതെ അധികൃതര്‍
ചങ്ങനാശേരി: കുട്ടനാട് അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരെ അധികൃതര്‍ തീര്‍ത്തും കൈവെടിഞ്ഞു. വേനല്‍മഴയില്‍ നെല്‍കൃഷി പാടെ നശിച്ചിട്ടും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാതിരിക്കാന്‍ അധികൃതര്‍ മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത വേനല്‍മഴയില്‍ വിളവെടുക്കാറായ ഏക്കറുകണക്ക് സ്ഥലത്തെ നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുകയും അധികൃതര്‍ നിരാകരിക്കുകയായിരുന്നുവെന്ന് പറയുന്നു.
കൃഷി ഇറക്കിയ സമയത്ത് എല്ലാ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഏക്കറിനു നൂറ് രൂപാ എന്ന നിരക്കില്‍ എല്ലാവരോടും പ്രീമിയം വാങ്ങുകയും ചെയ്തു. കൃഷി ഇറക്കി 120 ദിവസം കഴിഞ്ഞതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. ഇതോടെ ഇന്‍ഷുറന്‍സിന്റെ പേരില്‍ നടക്കുന്ന മറ്റൊരു തട്ടിപ്പാണ് പുറത്തു വന്നത്. 120 ദിവസം എന്ന് പറയുന്നത് അംഗീകരിച്ചാല്‍ പോലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടതാണെന്നാണ് കര്‍ഷകരുടെ വാദം. വേനല്‍മഴ തുടങ്ങി പാടത്ത് വെള്ളം പൊങ്ങിയപ്പോള്‍ നെല്ല് കൊയ്യാന്‍ രണ്ടാഴ്ച കുടി ബാക്കിയുണ്ടായിരുന്നു.
വെള്ളപ്പൊക്കത്താല്‍ കൃഷി നാശത്തിന്റെ വക്കിലാണെന്ന് കര്‍ഷകര്‍ കൃഷി ഓഫീസറെയും മറ്റ് അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു എന്നാല്‍ ആ സമയത്തൊന്നും തിരിഞ്ഞു നോക്കാത്ത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതാകട്ടെ കൃഷി പാടേ നശിച്ച ശേഷവും. നെല്ലിന്റെ പ്രായം 120 ദിവസം ആകും മുമ്പ് തന്നെ കൃഷി നശിച്ചതായും കര്‍ഷകര്‍ പറയുന്നു. വിള ഇന്‍ഷുറന്‍സ് എടുത്തിരുന്ന കര്‍ഷകര്‍ കൃഷി പാടെ നശിച്ചിട്ടും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അധികൃതര്‍ പൂര്‍ണ്ണമായും കൈവിട്ടതോടെ നെല്‍കൃഷിയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് കര്‍ഷകര്‍.
വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന പുഞ്ചപാടശേഖരം ഏറെ പണിപെട്ട് കൃഷിയോഗ്യമാക്കിയ കര്‍ഷകരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. തരിശ് പാടങ്ങള്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന വിശ്വാസത്തില്‍ കൃഷിയ്ക്കിറക്കിയവരാണ് ഇവിടത്തെ കര്‍ഷകര്‍. ഇനിയും ഏക്കര്‍ കണക്കിന് പാടം കൃഷിയിറക്കാതെ കിടപ്പുണ്ട്. ഈ വര്‍ഷം ഈ പാടങ്ങളില്‍ കൃഷിയിറക്കണമെന്ന ആഗ്രഹത്തിലിരുന്ന കര്‍ഷകരാണ് നിരാശയിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."