സീറ്റ് വിഭജനവും സാമുദായിക സന്തുലനവും
#ഇഖ്ബാല്‍ വാവാട്,
ഉബൈദുല്ല കോണിക്കഴി
മൂന്നാം സീറ്റിനു വേണ്ടിയുള്ള ലീഗിന്റെ താല്‍പര്യം പ്രകടമായി പുറത്തുവന്നതോടെ കോണ്‍ഗ്രസും ലീഗ് വിരുദ്ധരും ഒരു കാര്യത്തില്‍ ഐക്യത്തിലെത്തിയിരിക്കുന്നു, ലീഗിന് മൂന്നോ അതില്‍ കൂടുതലോ സീറ്റിന് അര്‍ഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും ലീഗിന്റെ പ്രകടനവും യു.ഡി.എഫിനോട് കാണിക്കുന്ന കൂറും ലീഗിന്റെ അര്‍ഹതയെ തള്ളിപ്പറയാന്‍ കഴിയാത്ത വിധം എതിരാളികളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പക്ഷെ, അര്‍ഹമായത് കൊടുക്കുന്നതിനു പകരം അതു നിഷേധിക്കാനുള്ള സാധ്യതകള്‍ തേടി ചര്‍ച്ചയെ രണ്ടാം ഘട്ടത്തിലേക്ക് അവര്‍ സൗകര്യപൂര്‍വം എത്തിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെയും അതിനായി കോണ്‍ഗ്രസിനു പരമാവധി സീറ്റ് കിട്ടേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കോണ്‍ഗ്രസുകാരും അല്ലാത്തവരും ലീഗിന് ക്ലാസെടുക്കുന്നതില്‍ വ്യാപൃതരാണ്. യു.ഡി.എഫ് മുന്നേറ്റമുണ്ടാവുമെന്ന പ്രവചനങ്ങളെ ഇതിന് ചേരുവയായി ചേര്‍ക്കാനും അവര്‍ മറക്കുന്നില്ല. കോണ്‍ഗ്രസും ലീഗ് വിരുദ്ധരും പുറത്തെടുത്തിരിക്കുന്ന രണ്ടാം അടവ് സാമൂഹിക അസന്തുലിതാവസ്ഥയാണ്. അഞ്ചാം മന്ത്രി വിവാദത്തില്‍ എന്‍.എസ്.എസ് അഴിച്ചുവിട്ട ഈ ആരോപണം ലീഗിനെ വേട്ടയാടാനും പ്രതിരോധത്തിലാക്കാനുമുള്ള മികച്ച ആയുധമാണെന്ന തിരിച്ചറിവില്‍ നിന്നാണ് അതു വീണ്ടും അധിക സീറ്റ് വിഷയത്തിലും ചര്‍ച്ചയാവുന്നത്.
പക്ഷെ, സാമൂഹിക അസന്തുലിതാവസ്ഥ എന്ന അടവ് ചില ന്യായമായ ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതു ലീഗിനെതിരേ മാത്രം ഉപയോഗിക്കാന്‍ രൂപപ്പെടുത്തിയതാണോ എന്നതും ഇതേ സന്തുലിതാവസ്ഥ കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസും യു.ഡി.എഫും കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നതും കോണ്‍ഗ്രസ് പറയുന്ന മാനദണ്ഡങ്ങള്‍ എത്ര മാത്രം യുക്തിപൂര്‍വമാണെന്നതും ലീഗിനു മൂന്ന് സീറ്റ് കിട്ടുന്നത് സന്തുലിതാവസ്ഥയ്‌ക്കെതിരാണെന്ന് വാദിക്കുന്ന ഇടതുപക്ഷമടക്കമുള്ളവര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇതേ സന്തുലിതാവസ്ഥ എത്രത്തോളം പരിഗണിച്ചു എന്നതും ഇതില്‍ പ്രധാനമാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക വഴി സന്തുലിതാവസ്ഥ എന്ന അടവിന്റെ രാഷ്ട്രീയം മനസിലാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, ഭാവിയിലും അസന്തുലിതാവസ്ഥയുടെ കണക്കുകള്‍ പതിവുപോലെ തുടരുമെന്നതിനാല്‍ ലീഗിന്റെ ഭാവിയെ അത് ഏതു രീതിയില്‍ ബാധിച്ചേക്കുമെന്നുമുള്ള ചിന്തയും അനിവാര്യമായിരിക്കുന്നു. നാഷണല്‍ ലീഗും എസ്.ഡി.പിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും പി.ഡി.പിയും ഇടതുപക്ഷം പോലും മുസ്‌ലിം വോട്ടുകളില്‍ നിന്ന് വിഹിതം പറ്റാനായി കിണഞ്ഞു ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടുപോവുകയും മുസ്‌ലിമേതര വോട്ടുകളില്‍ കൃത്യമായ പങ്ക് നേടുകയും ചെയ്യുന്ന ലീഗിന്റെ വളര്‍ച്ചയ്ക്ക് അതിരിടാനുള്ള കുതന്ത്രമായി അസന്തുലിതാവസ്ഥ മാറുമോ എന്നത് ലീഗ് നേതാക്കളും അണികളും ആലോചിക്കേണ്ടതാണ്. തങ്ങളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന മുസ്‌ലിമേതര വോട്ടുകള്‍ കൊണ്ടു കൂടിയാണ് ലീഗ് രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കുന്നത് എന്ന വസ്തുത സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗിന്റെ പരമാധികാരത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മറുവശത്ത് സന്തുലന വാദം ഉന്നയിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വളര്‍ച്ചയെ മതത്തിലേക്ക് ചുരുക്കുകയും ജനാധിപത്യ ബോധത്തെ മതവുമായി മാത്രം ചേര്‍ത്ത് വെക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിലെ അസന്തുലിതാവസ്ഥ എന്ന ചിന്തയുടെ ഉത്ഭവം ജനസംഖ്യാ ശതമാനത്തില്‍ നിന്നാണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്‌ലിംകളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. ഹിന്ദുക്കളില്‍ 29.90 ശതമാനം ഈഴവരും 12 ശതമാനം നായര്‍ വിഭാഗവുമുണ്ട്. ഇതിന് ആനുപാതികമായി സീറ്റ് വിഭജനം നടക്കണമെന്നാണ് കോണ്‍ഗ്രസും സമാനമനസ്‌കരും വാദിക്കുന്നതെങ്കില്‍ 20 സീറ്റുള്ള ലോക്‌സഭയില്‍ ഹിന്ദുക്കള്‍ക്ക് 11ഉം മുസ്‌ലിംകള്‍ക്ക് അഞ്ചും ക്രിസ്ത്യാനികള്‍ക്ക് നാലും സീറ്റുകളാണ് ലഭിക്കേണ്ടത്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഇതു പാലിച്ചോ എന്നു നോക്കാം. ലീഗിന്റെ രണ്ടു സീറ്റുകള്‍ക്കു പുറമെ രണ്ടു മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസ് ഈ മൂന്നു തെരഞ്ഞെടുപ്പുകളിലും സീറ്റ് നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിക്കു പുറമെ നാലു ക്രിസ്ത്യാനികള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. അഥവാ 11 ഹിന്ദുക്കളുടെ കാര്യത്തില്‍ സന്തുലനാവസ്ഥ കാണിച്ച കോണ്‍ഗ്രസ് മുസ്‌ലിംകളുടെ കാര്യത്തില്‍ ആ ശ്രദ്ധ കാണിച്ചിട്ടില്ല. മൂന്ന് തെരഞ്ഞെടുപ്പുകളിലും 20 ശതമാനം സീറ്റുകളേ മുസ്‌ലിംകള്‍ക്കു ലഭിച്ചിട്ടുള്ളൂ. അതേ സമയം 18 ശതമാനമുള്ള ക്രിസ്ത്യാനികള്‍ക്ക് 25 ശതമാനം സീറ്റുകളാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പുകളില്‍ സന്തുലന വാദികള്‍ എവിടെയായിരുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. ഈ കണക്കുകളെ ആശ്രയിച്ചാല്‍ ലീഗിനു മൂന്നാം സീറ്റ് ലഭിക്കുകയും അതില്‍ മുസ്‌ലിം സ്ഥാനാര്‍ഥി തന്നെ മത്സരിക്കുകയും കോണ്‍ഗ്രസ് രണ്ടു മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്താലും ഒരു സാമൂഹിക സന്തുലിതാവസ്ഥയും തകരില്ല. 26.56 ശതമാനക്കാര്‍ക്ക് 25 ശതമാനം സീറ്റ് കൊടുക്കുന്നത് ഏത് അസന്തുലിതാവസ്ഥയുടെ കണക്കിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുന്നത്? ഇനി സന്തുലന വാദം മുന്‍ നിര്‍ത്തി മുസ്‌ലിംകള്‍ക്ക് 20 ശതമാനമേ കൊടുക്കൂ എന്ന വാശി കോണ്‍ഗ്രസിനുണ്ടെങ്കില്‍ അത് നടപ്പാക്കേണ്ടത് ലീഗിന് അര്‍ഹതപ്പെട്ട അധിക സീറ്റ് നിഷേധിച്ചുകൊണ്ടല്ല. ലീഗിന്റെ മൂന്നിനു പുറമെ ഒരു മുസ്‌ലിമിനു മാത്രം സീറ്റ് കൊടുത്ത് അതു ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ആഭ്യന്തര തീരുമാനത്തെ ലീഗ് ചോദ്യം ചെയ്യില്ല. 2001ലെയും 2011ലെയും യു.ഡി.എഫ് മന്ത്രിസഭയില്‍ ലീഗിന് യഥാക്രമം നാല്, അഞ്ച് മന്ത്രിമാരുള്ളതിനാല്‍ ആര്യാടന്‍ മുഹമ്മദ് എന്ന മുസ്‌ലിം മന്ത്രിക്കു മാത്രം അവസരം നല്‍കിയ കോണ്‍ഗ്രസിന് അതേ നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്തുടരാവുന്നതാണ്. അഥവാ നാലു സീറ്റ് ലീഗിനു നല്‍കി ഒരു സീറ്റില്‍ മാത്രം മുസ്‌ലിമിനെ നിര്‍ത്തല്‍ എന്ന സന്തുലന പ്രക്രിയ. ജനസംഖ്യാനുപാതികമായി തന്നെ ലീഗ് മൂന്ന്, കോണ്‍ഗ്രസ് രണ്ട് എന്നും ലീഗ് നാല്, കോണ്‍ഗ്രസ് ഒന്ന് എന്നുമുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് അസന്തുലിതാവസ്ഥാ വാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നത് നിര്‍ഭാഗ്യകരമാണ്. അഥവാ സ്വന്തം വാദത്തിന് അനുയോജ്യമായ സീറ്റ് വിഭജനം പോലും നിലവില്‍ യു.ഡി.എഫില്‍ ഇല്ല എന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് വിസ്മരിക്കുന്നു.
കേരള ജനതയില്‍ 12 ശതമാനം മാത്രം വരുന്ന നായന്‍മാരുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിനെക്കൊണ്ട് അസന്തുലിതാവസ്ഥയുടെ കണക്കു പറയിപ്പിക്കുന്നത്. പക്ഷെ, എത്ര ശതമാനം നായര്‍ സമുദായക്കാര്‍ യു.ഡി.എഫിനു വോട്ട് ചെയ്യുന്നുവെന്ന കണക്ക് നോക്കിയാല്‍ ഇതിലെ പൊള്ളത്തരം മനസിലാക്കാവുന്നതേയുള്ളൂ. മാത്രമല്ല, എത്ര ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും യു.ഡി.എഫിന് വോട്ട് ചെയ്യുന്നു എന്ന കണക്കു നോക്കിയാല്‍ അസന്തുലിതാവസ്ഥ ഒരു കുതന്ത്രമാണെന്ന് ബോധ്യപ്പെടും.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നു എന്ന പ്രചാരണം നടത്തി എല്‍.ഡി.എഫ് കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ നേടിയതായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അന്നുപോലും ഭൂരിപക്ഷം മുസ്‌ലിംകള്‍ വോട്ട് ചെയ്തത് യു.ഡി.എഫിനു തന്നെയാണ്. ലോക്‌നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്, ന്യൂദല്‍ഹി) സര്‍വേയുടെ കണക്കെടുത്താല്‍ 23.5 ശതമാനം നായര്‍, ഈഴവ, എസ്.സി, എസ്.റ്റി വിഭാഗത്തിലുള്ള ഹിന്ദുക്കളും 52 ശതമാനം ക്രിസ്ത്യാനികളും 58 ശതമാനം മുസ്‌ലിംകളുമാണ് യു.ഡി.എഫിനു വോട്ട് ചെയ്തത്. ജനസംഖ്യയില്‍ 22 ശതമാനമുള്ള ഈഴവരില്‍ 28 ശതമാനം യു.ഡി.എഫിനു വോട്ട് ചെയ്തപ്പോള്‍ വെറും 20 ശതമാനം നായര്‍ വിഭാഗമാണ് യു.ഡി.എഫിന്റെ കൂടെ നിന്നത്. നായര്‍ വിഭാഗത്തില്‍ 34 ശതമാനം ബി.ജെ.പിക്കൊപ്പമായിരുന്നുവെന്ന സത്യവും ഇതോട് ചേര്‍ത്തു വായിക്കണം. ഓരോ മത, ജാതിയില്‍ നിന്ന് എത്ര പേര്‍ വോട്ട് ചെയ്തു എന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍ കൂടി ഈ സര്‍വേ ചില പൊതു യാഥാര്‍ഥ്യങ്ങളെ വരച്ചുകാണിക്കുന്നുണ്ട്. ഈ കണക്കുകള്‍ വച്ചു നോക്കിയാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ 38.8 ശതമാനത്തോടെ 78.1 ലക്ഷം വോട്ടുകള്‍ കരസ്ഥമാക്കിയ യു.ഡി.എഫിന് ഏകദേശം 31 ലക്ഷം മുസ്‌ലിംകളും 25 ലക്ഷം ഹിന്ദുക്കളും 19 ലക്ഷം ക്രിസ്ത്യാനികളുമാണ് വോട്ട് ചെയ്തിട്ടുണ്ടാവുക. 50 ലക്ഷത്തോളം വരുന്ന നായര്‍ വിഭാഗത്തിലെ പത്തു ലക്ഷത്തില്‍ താഴെ ആളുകളേ യു.ഡി.എഫിനു വോട്ട് ചെയ്തിട്ടുള്ളൂ എന്നുറപ്പാണ്. അഥവാ യു.ഡി.എഫിനു കിട്ടിയ വോട്ടുകളുടെ 40 ശതമാനം മുസ്‌ലിംകളുടേതും 33 ശതമാനം ഹിന്ദുക്കളുടേതും 25 ശതമാനം ക്രിസ്ത്യാനികളുടേതുമാണെന്ന അനുമാനത്തിലേക്ക് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നു. ഈ അനുപാതം പാലിച്ച് സീറ്റ് വിഭജനം നടത്തിയാല്‍ യു.ഡി.എഫിന്റെ എട്ടു സീറ്റിനു വരെ മുസ്‌ലിംകള്‍ക്ക് അര്‍ഹതയുണ്ട്. അതില്‍ നാലെണ്ണം ലീഗിനു കൊടുത്ത് നാലെണ്ണം കോണ്‍ഗ്രസിനും മത്സരിക്കാന്‍ തക്ക സന്തുലന പ്രക്രിയയെക്കുറിച്ചും കോണ്‍ഗ്രസിനു ചിന്തിക്കാം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."