കൊല്ലത്ത് സി.പി.ഐയില്‍ വിഭാഗീയത രൂക്ഷം രാജിക്കൊരുങ്ങി ജില്ലാ സെക്രട്ടറി
രാജു ശ്രീധര്‍
കൊല്ലം: സി.പി.ഐ ജില്ലാ സെക്രട്ടറിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിഭാഗീയത രൂക്ഷമായ കൊല്ലത്ത് നിലവിലെ സെക്രട്ടറി എന്‍. അനിരുദ്ധന്‍ രാജിക്കൊരുങ്ങുന്നതായി സൂചന.
അനിരുദ്ധന്റെ പിന്‍ഗാമിയാകുക മുന്‍ എം.എല്‍.എ പി.എസ് സുപാലോ അതോ എസ്. രാജന്ദ്രനോ എന്നതിലും തീരുമാനമായിട്ടില്ല. തല്‍ക്കാലം ആരുടെയും പേര് നിര്‍ദേശിക്കാതെ തീരുമാനം ജില്ലാ കൗണ്‍സിലിന് വിട്ടിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. അനിരുദ്ധനെ മാറ്റാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് വീണ്ടും തീരുമാനിച്ച സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയാന്‍ അനിരുദ്ധന്‍ തീരുമാനിച്ചതായാണ് സൂചന.
കഴിഞ്ഞ സംസ്ഥാന എക്‌സിക്യുട്ടീവിലും അനിരുദ്ധനെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ കൗണ്‍സിലിലെ ചേരിതിരിവ് കാരണം നടപ്പായിരുന്നില്ല. സംസ്ഥാന എക്‌സിക്യുട്ടീവ് എസ്. രാജേന്ദ്രന്റെ പേര് നിര്‍ദേശിച്ചെങ്കിലും സെക്രട്ടറി സ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ തല്‍ക്കാലം അനിരുദ്ധന്‍ തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാക്കുന്നതിനിടയില്‍ സ്വയം രാജിവയ്ക്കാനുള്ള മറുതന്ത്രവുമായാണ് അനിരുദ്ധന്‍ നീങ്ങുന്നത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമ്പോള്‍ സംസ്ഥാന എക്‌സിസിക്യുട്ടീവ് അംഗത്വമാണ് അനിരുദ്ധന്‍ ലക്ഷ്യംവയ്ക്കുന്നത്. നേരത്തെ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടും പാര്‍ട്ടി നേതൃത്വം ആശയവിനിമയത്തിന് പോലും തയാറാകാതെ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ നിരാശയിലാണ് അനിരുദ്ധന്‍ അനുകൂലികള്‍.
കഴിഞ്ഞ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു അനുകൂലികളും കെ.ഇ ഇസ്മായില്‍ വിഭാഗവും സെക്രട്ടറിയെ മാറ്റുന്നതിനെതിരേയും കാനം രാജേന്ദ്രനെതിരേയും നിലകൊണ്ടതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് അനിരുദ്ധന്‍ തല്‍ക്കാലം തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.
സി.പി.എമ്മുമായി മിക്കപ്പോഴും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കാറുള്ള പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കിഴിക്കന്‍ മേഖലയില്‍ നിന്നുള്ള സുപാല്‍ സെക്രട്ടറിയാകുന്നതിനെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ. സി.പി.എമ്മിനെ അതേ നാണയത്തില്‍ നേരിടാനുള്ള സംഘടനാപാടവം കൈമുതലായുള്ള നേതാവാണ് സുപാല്‍. കൊല്ലം മേയര്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്ന സി.പി.ഐക്ക് സുപാല്‍ നേതൃത്വത്തിലെത്തുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും കരുതുന്നവരാണ് അധികവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."