വനം വകുപ്പ് നടത്തിയ ശില്‍പശാല വഴിപാടായി
പാലക്കാട്: വന്യമൃങ്ങള്‍ കാട്ടില്‍നിന്നും നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെയും ജനങ്ങളെയും ആക്രമിക്കുകയും, കൃഷിനാശം വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചു പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഇരകളെയോ, ബന്ധപ്പെട്ട കര്‍ഷകരെയോ പങ്കെടുപ്പിച്ചില്ല. വനംവകുപ്പ് ജീവനക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും ഇതുമായി ബന്ധമില്ലാത്ത കുറെയാളുകളുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. നഗരത്തിലെ ഒരു ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയില്‍ ഏറ്റവുമധികം കാട്ടാന, പുലി, കടുവ, കാട്ടുപന്നി ശല്യം നേരിടുന്ന മുണ്ടൂര്‍, മണ്ണാര്‍ക്കാട്, കല്ലടിക്കോട്, ആറങ്ങോട്ടുകര, മലമ്പുഴ, കഞ്ചിക്കോട്, മുതലമട, എലവഞ്ചേരി, കിഴക്കഞ്ചേരി, മംഗലം ഡാം തുടങ്ങിയ പ്രദേശങ്ങളില്‍ ഓരോ ദിവസം പുലരുമ്പോഴും വന്യമൃഗങ്ങളുടെ ശല്യത്തെക്കുറിച്ചുള്ള പരാതികളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
അതുകൊണ്ടുതന്നെ അതാത് പ്രദേശത്തെ കര്‍ഷകര്‍, ജനപ്രതിനിധികള്‍, മൃഗങ്ങളുടെ അക്രമത്തില്‍ പരിക്കേറ്റവര്‍, മരിച്ചവരുടെ കുടുംബങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ പരിപാടിയില്‍ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് പകരം വിവിധ സര്‍ക്കാര്‍ ജീവനക്കാരെയെല്ലാമാണ് പങ്കെടുപ്പിച്ചത്.
വന്യമൃഗങ്ങളുടെ ആക്രമത്തിന്റെ മറവില്‍ ഇപ്പോള്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടുപന്നികളെ കെണിവെച്ച് പിടിക്കുന്നവരും വിഷംവച്ച് കൊന്നു ഇറച്ചിയാക്കി വില്‍ക്കുന്ന സംഘങ്ങളും പെരുകിവരുന്നു. പുലി, കടുവ പോലുള്ളവയെയും വിഷം കലര്‍ത്തിയും കെണിവച്ചും കൊല്ലുന്നത് വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ഇതിനെ തടയാനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും വേണ്ടി ഇത്തരം ശില്‍പശാലകള്‍ ഉപയോഗപ്പെടുത്തേണ്ടതിനു പകരം വഴിപാടുപോലെ കുറെ പണം ചെലവഴിക്കാനാണ് വനംവകുപ്പ് പാഴ്ശ്രമം നടത്തിയത്്. ശില്‍പ്പശാലയില്‍ ഒരുപാട് വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുവെങ്കിലും, ഇതിന്റെ ഗുണം എത്തേണ്ടിടത്ത് എത്തിക്കാന്‍ കഴിയാത്തതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാറാണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."