കണ്ണൂര്‍ വിമാനത്താവളം കുതിക്കുമ്പോഴും റോഡു വികസനം കിതപ്പില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാത്താവളം സെപ്റ്റംബറില്‍ തുറക്കുമെന്നു പറയുമ്പോഴും അനുബന്ധ റോഡുകളുടെ വികസനം ഇപ്പോഴും അനിശ്ചിതത്വത്തില്‍. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കാന്‍ ആലോചന നടന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല.
തലശ്ശേരി -പിണറായി -അഞ്ചരക്കണ്ടി, അഞ്ചരക്കണ്ടി -മട്ടന്നൂര്‍, പയ്യന്നൂര്‍-ശ്രീകണ്ഠപുരം-ഇരിക്കൂര്‍-മട്ടന്നൂര്‍ എന്നിവയും അനുബന്ധ റോഡുകളാണ്. ഇതില്‍ അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡ് മാത്രമാണ് ഇതുവരെ വീതികൂട്ടല്‍ പ്രവൃത്തി നടന്നിട്ടുള്ളത്.
വയനാട്ടില്‍ നിന്ന് മട്ടന്നൂരിലേക്കുള്ള റോഡും ധര്‍മശാല-ചാലോട്-മട്ടന്നൂര്‍ റോഡും വീതി കൂട്ടി പണി പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേലേ ചൊവ്വ മുതല്‍ ആരംഭിക്കുന്ന 45 മീറ്റര്‍ വീതിയിലുള്ള ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മാണം കടലാസില്‍ മാത്രം ഒതുങ്ങി.
ഗ്രീന്‍ഫീല്‍ഡ് റോഡ് ഉപേക്ഷിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. വിമാനത്താവളത്തിലേക്ക് 20 കിലോമീറ്റര്‍ നീളത്തിലാണ് ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥലം എറ്റെടുക്കുമ്പോള്‍ 650ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരും. ആറ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനായി സര്‍ക്കാര്‍ സര്‍വെ തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. പഴയ റോഡുകള്‍ വീതികൂട്ടുമ്പോള്‍ 2000ലേറെ കടകള്‍ പൊളിക്കേണ്ടി വരും. ഇതിനേക്കാള്‍ ഫലപ്രദമാകുക 200 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് റോഡാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിമാനത്താവളത്തിന് ഭൂമി എറ്റെടുത്തപ്പോള്‍ നല്‍കിയ മികച്ച പാക്കേജ് ഇവിടെയും നല്‍കാനാണ് ശ്രമിക്കുന്നത്. പാക്കേജ് സംബന്ധിച്ച തീരുമാനം ഉണ്ടായാല്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."