പുലിഭീതിയില്‍ പാലപ്പിള്ളി തോട്ടം മേഖല
പുതുക്കാട്: ജനവാസകേന്ദ്രങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി പാഡിയില്‍ കഴിയുന്ന പാലപ്പിള്ളിയിലെ തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പരിസരത്തുള്ള ജനവാസകേന്ദ്രമായ കാരികുളത്ത് പുലിയിറങ്ങി ആടിനെ കൊന്നതോടെയാണ് തോട്ടംതൊഴിലാളി കുടുംബങ്ങളുടെ ഭീതി ഇരട്ടിച്ചത്.
നാനൂറിലേറെ കുടുംബങ്ങളാണ് വനാതിര്‍ത്തിയിലുള്ള പാഡികളില്‍ കഴിയുന്നത്. നിരവധി തവണയാണ് സമീപ പ്രദേശങ്ങളില്‍ നാട്ടുകാര്‍ പുലിയെ കണ്ടത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡില്‍ പിള്ളത്തോട് ഭാഗത്ത് വ്യാഴാഴ്ച പുലര്‍ച്ചെ വനം വകുപ്പിലെ വാച്ചര്‍ പുലിയെ കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ കാരികുളം മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പകല്‍ സമയങ്ങളില്‍ പുലിയെ കണ്ടതോടെ തോട്ടങ്ങളില്‍ ടാപ്പിങിന് പോകുന്ന സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീതിയിലാണ്.
ഒന്നിലേറെ പുലികള്‍ മേഖലയില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയിട്ടും പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ മേഖലയില്‍ പുലിയിറങ്ങി പശുവിനെ പിടികൂടിയതിനെ തുടര്‍ന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലി ശല്യം കുറഞ്ഞതോടെ ഒരു മാസത്തിന് ശേഷം അധികൃതര്‍ കൂട് മാറ്റുകയായിരുന്നു. മേഖലയിലെ പുലി ഭീതിയകറ്റാന്‍ കൂട് സ്ഥാപിച്ചാല്‍ മാത്രം പോരായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുലിയെ പിടികൂടാന്‍ കൂട് വെക്കുന്നതിനുപ്പുറമെ വനപാലകരുടെ പരിശോധന മേഖലയില്‍ ഉണ്ടായാല്‍ ഒരു പരിധിവരെ പ്രദേശത്ത് വന്യമൃഗശല്യം കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."