'കോണ്‍ഗ്രസ് ബന്ധ'ത്തില്‍ ഇന്നൊരു തീരുമാനമാവും: സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സി.പി.എമ്മിന്റെ നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം ഇന്നു തുടങ്ങും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് പി.ബി യോഗം തീരുമാനമെടുക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും ഓരോ സംസ്ഥാനങ്ങളിലെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുമാണ് രണ്ട് ദിവസത്തെ പി.ബി യോഗം. ഓരോ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പി.ബി വിലയിരുത്തും.
കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ വേണ്ടെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനത്തില്‍ പോളിറ്റ് ബ്യൂറോ വിട്ടുവീഴ്ച ചെയ്യില്ലാന്‍ സാധ്യതയില്ല. പരസ്പരം മത്സരിക്കാതിരിക്കുകയും ജയസാധ്യതയുള്ള സീറ്റുകളില്‍ പരസ്പരം സഹായിക്കുകയുമാകാമെന്ന നിലപാടെടുക്കാനാണ് സാധ്യത. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബംഗാളില്‍ നടത്തിയ റാലി വന്‍ വിജയമായ സഹാചര്യത്തില്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നേക്കാം. വിഷയത്തില്‍ കേരള ഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും.
ബിഹാറില്‍ ആര്‍.ജെ.ഡി യും മഹാരാഷ്ട്രയില്‍ എന്‍.സി.പി യും തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും അവരുമായി ധാരണയുണ്ടാക്കാമെന്നാണ് സി.പി.എം നിലപാട്. ഇത് സംബസിച്ചും പി.ബി തീരുമാനമെടുക്കും. മാര്‍ച്ച് മാസം ആദ്യവാരം ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയും പോളിറ്റ്ബ്യൂറോയോഗം തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."