ലിംഗസമത്വത്തിലേക്ക് ഇനിയും ഏറെദൂരം പോകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍
കൊച്ചി: ലിംഗ സമത്വം എന്നത് ഏറെ നാളായി കേള്‍ക്കുന്ന മുദ്രാവാക്യം ആണെങ്കിലും അത് സാധ്യമാക്കുന്നതിനായി ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി.സദാശിവം. ലിംഗ സമത്വം കുടുംബത്തില്‍ നിന്ന് ആരംഭിച്ച് കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കണം. എറണാകുളം വിമന്‍സ് അസോസിയേഷന്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയില്‍ മുന്‍പന്തിയില്‍ ആയിട്ടും നിയമപരമായ നടപടികള്‍ക്ക് സ്ത്രീകള്‍ ഭയപ്പെടുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്.
നിയമനടപടികളോടുള്ള സ്ത്രീകളുടെ അകാരണമായ ഭയം മാറ്റണം. ഇതിനായി സ്ത്രീകള്‍ ഇരകളാകുന്ന കേസുകളുടെ പ്രാരംഭ നടപടികളില്‍ നിര്‍ബന്ധമായും വനിത പൊലിസ് ഉദ്യോഗസ്ഥയുടെ സേവനം ലഭ്യാമാക്കണം. കൂടാതെ കോടതിയില്‍ അവരുടെ വാദം കേള്‍ക്കാന്‍ വനിത മജിസ്‌ട്രേട്ട് ഉണ്ടാകുന്നതും ഉചിതമാണ്. നിയമപാലന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബംഗാളില്‍ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ സ്വമേധയാ കേസെടുത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു.
സ്ത്രീമുന്നേറ്റത്തിനായി എറണാകുളം വിമന്‍സ് അസോസിയേഷന്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 1919 -ല്‍ കൊച്ചി രാജാവിന്റെ ഭാര്യ പാറുക്കുട്ടി നെയ്ത്യാരമ്മയുടെ നേതൃത്വത്തിലാണ് അസോസിയേഷന്‍ രൂപം നല്‍കിയത്. 1919 ല്‍ ആരംഭിച്ച് നാളിതു വരെ വിദ്യാഭ്യാസത്തിലും വായനയിലും സ്ത്രീകളെ മുന്നോട്ട് നയിക്കുന്നതിലും സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് തണലാകുകയും ചെയ്യുന്നതില്‍ വിമന്‍സ് അസോസിയേഷന്‍ മികവ് പുലര്‍ത്തി. അസോസിയേഷന്റെ വനിതാ ലൈബ്രറിയും ശ്രദ്ധ സ്‌പെഷ്യല്‍ സ്‌കൂളും പോലെ വയോജനങ്ങള്‍ക്കായി പകല്‍വീട് ആരംഭിക്കുന്നതിനെപ്പറ്റിയും ചിന്തിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ചടങ്ങില്‍ പ്രഫ. കെ.വി തോമസ് എം.പി അധ്യക്ഷത വഹിച്ചു. ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ജസ്റ്റിസ് പി.സദാശിവം പ്രഫ.കെ.വി തോമസിന് നല്‍കി പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തക ദയാബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയ്ന്‍, അസോസിയേശന്‍ പ്രസിഡന്റ് ശ്രീകുമാരി മേനോന്‍, സെക്രട്ടറി റോഷ്ണി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷിജിത് നമ്പ്യാര്‍, പാര്‍വതി മേനോന്‍ എന്നിവരുടെ ഭരതനാട്യം അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."