സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു
തൊടുപുഴ: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണതിനേത്തുടര്‍ന്ന് തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രളയ സമയത്ത് ഇടിഞ്ഞു കിടന്ന റോഡിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനായി പിഡബ്ലൂഡി അധികൃതര്‍ വാനം മാന്തിയപ്പോള്‍ ഇടിഞ്ഞു വീണ് റോഡ് തകരുകയായിരുന്നു. പണി നടത്തിക്കൊണ്ടിരുന്ന മണ്ണ് മാന്തി യന്ത്രത്തിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ചെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കുത്തനെ ചെരിവുള്ള പ്രദേശത്ത് കൂടി കടന്ന് പോകുന്ന റോഡിന് താഴെയുള്ള വീടുകള്‍ക്ക് സമീപത്തേക്കും കരിങ്കല്ലുള്‍പ്പെടെയുള്ള ഉരുണ്ടെത്തിയിരുന്നു. റോഡിന്റെ പാതിയും താഴേക്ക് ഇടിഞ്ഞ് പോയതിനാല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഈ ഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചത്. ഇതിനായി നിലവിലെ കരിങ്കല്‍ക്കെട്ടിനോട് ചേര്‍ന്നുള്ള മണ്ണ് നീക്കുന്നതിനിടെ അപ്രതീക്ഷിതമായി സംരക്ഷണ ഭിത്തി മുഴുവനായി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പാണ് ഇവിടെ റോഡ് നിര്‍മിച്ചത്. അന്ന് നിരത്തിയിട്ട പാറക്കഷണങ്ങള്‍ക്ക് മേലെ നിര്‍മിച്ച സംരക്ഷണ ഭിത്തി അപ്രതീക്ഷിതമായി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നത്. സമീപവാസിയായ കല്ലുറുമ്പില്‍ അജിയുടെ പുരയിടത്തിലേക്കാണ് കല്ലും മണ്ണും പതിച്ചത്. ബസും മറ്റ് ചെറുവാഹനങ്ങളും ഒറ്റ വരിയായി കടത്തി വിടുന്നുണ്ട്.
ഒരു ദിവസം 30 ഓളം ലോറികളാണ് അറക്കുളത്തെ എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് അരിയുമായി ഇതു വഴി ഇടുക്കിയിലേയ്ക്ക് പോകുന്നത് .
റോഡ് ഇടിഞ്ഞതോടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇടുക്കി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ വി.പി ജാഫര്‍ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."