വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍: നോവ അരപ്പറ്റ ഫൈനലില്‍
കല്‍പ്പറ്റ: വയനാട് പ്രീമിയര്‍ ലീഗിന്റെ ആദ്യസെമിയുടെ രണ്ടാം പാദത്തിലും മിന്നുന്ന വിജയം നേടി നോവ അരപ്പറ്റ ഫൈനലില്‍ കടന്നു. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് രണ്ടാം പാദവും തങ്ങളുടെ വരുതിയിലാക്കിയ നോവ ഇരുപാദങ്ങളിലുമായി മൂന്നിനെതിരേ ഒന്‍പത് ഗോളുകളുടെ പിന്‍ബലത്തിലാണ് ഫൈനലില്‍ പ്രവേശിച്ചത്. 5, 15 മിനിറ്റുകളില്‍ ടൂര്‍ണമെന്റ് ടോപ് സ്കോററായ ജോസഫ് പെരേരയും 34 ാം മിനിറ്റില്‍ ജോയും 58 ാം മിനിറ്റില്‍ വിഷ്ണുവും വയനാട് എഫ്.സിയുടെ വല ചലിപ്പിച്ചു.
12 ാം മിനിറ്റില്‍ അര്‍ഷിദും 18 ാം മിനിറ്റില്‍ റോക്കിയും വയനാട് എഫ്.സിക്കായി ഗോള്‍ മടക്കിയെങ്കിലും അതു നോവയുടെ ഫൈനല്‍ പ്രവശേത്തിന് തടയിടാന്‍ മാത്രം കരുത്തുള്ളതായിരുന്നില്ല.
ഇന്നു നടക്കുന്ന രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ സാസ്ക് സുഗന്ധഗിരി സ്പൈസസ് മുട്ടിലിനെ നേരിടും. വൈകിട്ട് 7.30ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ സ്പൈസസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സാസ്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."