കാസര്‍കോട്ട് ഡോക്ടറെയും പത്ര ഏജന്റുമാരെയും നിരത്തിയടിച്ച് പൊലിസ്
കാസര്‍കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പൊലിസിന്റെ ഇടപെടലില്‍ പ്രതിഷേധം രൂക്ഷം. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുന്‍പിന്‍ നോക്കാതെ പൊലിസ് റോഡില്‍ ഇറങ്ങുന്നവരെ അടിച്ചോടിക്കുകയാണ്. അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരേയും വെറുതേവിടുന്നില്ല.
ബദിയഡുക്ക സി.എച്ച്.സിയിലെ ഡോക്ടര്‍ക്കും പത്ര ഏജന്റുമാര്‍ക്കും ചുമട്ടിറക്കു തൊഴിലാളികള്‍ക്കും സാധനങ്ങള്‍ വാങ്ങിക്കാന്‍ കടകളില്‍ പോയവര്‍ക്കും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ പൊലിസിന്റെ അടിയേല്‍ക്കേണ്ടിവന്നു. ഇവരില്‍ പലരും ഇന്നലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്.
സുപ്രഭാതം പത്രത്തിന്റെ മൂന്ന് ഏജന്റുമാരെയാണ് ഇന്നലെ രാവിലെ പത്രവിതരണത്തിനിടെ പൊലിസ് അടിച്ചത്.
സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് നടന്നു പോവുകയായിരുന്ന ഡോക്ടറെ പൊലിസ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കുഞ്ഞിന് ബിസ്‌ക്കറ്റ് വാങ്ങാന്‍ പൊലിസ് അനുവദിച്ച സമയത്ത് കടയിലേക്ക് പോവുകയായിരുന്ന ഡോക്ടറെയാണ് തടഞ്ഞുനിര്‍ത്തി ലാത്തികൊണ്ട് അടിച്ചത്. അസി. സര്‍ജനും വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ താമസക്കാരനുമായ അരവിന്ദ് അശോകിനാണ് ഇടതു കാലിന് ലാത്തിയടിയേറ്റത്.
ഉച്ചയ്ക്ക് 2 മുതല്‍ പിറ്റേ ദിവസം രാവിലെ എട്ടു വരെ ബദിയഡുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി നിര്‍വഹിക്കേണ്ട ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയതായി അരവിന്ദ് അശോക് പറഞ്ഞു.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ക്ലര്‍ക്ക് മുള്ളേരിയ സ്വദേശി പുരുഷോത്തമനേയും പൊലിസ് തടഞ്ഞുവച്ചു.
കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോകുകയായിരുന്ന രണ്ട് വനിതാ നഴ്‌സുമാര്‍ക്കും പൊലിസിന്റെ അടിയേറ്റു.
പൊലിസിന്റെ അഴിഞ്ഞാട്ടം തുടര്‍ന്നാല്‍ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് ബദിയഡുക്ക മെഡിക്കല്‍ ഓഫിസര്‍ സത്യശങ്കര ഭട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."