ജാഗ്രതൈ, ഇനി 'ഇടിമിന്നല്‍'എല്ലാം അറിയും...
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലിസ് ആവിഷ്‌കരിച്ച പദ്ധതിയായ 'ഓപ്പറേഷന്‍ ഇടിമിന്നല്‍' സംസ്ഥാന വ്യാപകമായി നടപ്പാക്കും. വനിതാ സി.ഐമാരുടെ നേതൃത്വത്തില്‍ രണ്ട് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരും ഒരു പുരുഷ സിവില്‍ പൊലിസ് ഓഫിസറും അടങ്ങുന്നതാണ് 'ഇടിമിന്നല്‍' ഷാഡോ സേന. അധ്യയനവര്‍ഷം ആരംഭിച്ചതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും മറ്റ് കുറ്റകൃത്യങ്ങളും തടയാനുള്ള മുന്‍കരുതലിനായിരിക്കും പ്രാമുഖ്യം നല്‍കുക.
സ്‌കൂളുകള്‍ക്ക് പുറമെ ഷോപ്പിങ് മാളുകള്‍, തിയറ്ററുകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് മഫ്തിയിലുള്ള വ്യത്യസ്ത സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. നേരത്തേ പാലക്കാട് ജില്ലയില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംസ്ഥാനമൊട്ടാകെ പദ്ധതി നിലവില്‍വന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ ഇനി മുതല്‍ ഇവരുടെ നിരീക്ഷണത്തിലായിരിക്കും.
ടീമംഗങ്ങള്‍ക്കുള്ള പരിശീലനവും പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനവും കുറച്ചുദിവസമായി നടന്നുവരികയായിരുന്നു. ഇവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
ബസില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഷാഡോ സംഘങ്ങളുണ്ടാകും. മയക്കുമരുന്ന്, ബൈക്ക് മോഷണം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാന്‍ ഇടിമിന്നല്‍ സേനയ്ക്കു സാധിക്കുമെന്നാണു പ്രതീക്ഷ. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്തുകയാണ് പ്രധാന ചുമതല. പൂവാലശ്യത്തില്‍ നിന്ന് വിദ്യാര്‍ഥിനികളെ സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.
സ്‌കൂള്‍ സമയത്തു ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി രക്ഷിതാക്കളെ അറിയിക്കും. ബസ് യാത്രയിലും മറ്റും സ്ത്രീകളും വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും മുന്‍കൈയെടുക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ ബൈക്ക് ഉപയോഗം കര്‍ശനമായി നിരീക്ഷിക്കും. ബൈക്കില്‍ കറങ്ങുന്ന വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ അപരിചിതരോടു ലിഫ്റ്റ് ചോദിച്ചുള്ള ബൈക്ക് യാത്രയും നിരീക്ഷണവിധേയമാക്കും. ഷാഡോ പൊലിസിങില്‍ വനിതകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നത് ആദ്യമായിട്ടാണെന്നാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
വീട്ടില്‍ നിന്നും യൂനിഫോം ധരിച്ച് സ്‌കൂളിലേക്കു പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ നഗരങ്ങളിലെ മാളുകള്‍ കേന്ദ്രീകരിച്ച് യൂനിഫോം മാറ്റി സാധാരണ വസ്ത്രം ധരിക്കുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മൊബൈല്‍ഫോണിനു നിരോധനമുള്ളതിനാല്‍ പരിസരത്തെ ചിലകടകളിലാണ് വിദ്യാര്‍ഥികള്‍ ഫോണുകള്‍ സൂക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."