അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തും മെഡിക്കല്‍ കോളജും എല്‍.ഇ.ഡി പ്രഭയിലേക്ക്
വടക്കാഞ്ചേരി : അടാട്ട് കോലഴി പഞ്ചായത്തുകളിലേയും മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേയും വഴിവിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയാക്കി മാറ്റുന്ന പദ്ധതിയ്ക്കു നാളെ തുടക്കം . സംസ്ഥാനത്ത് ആദ്യമായാണു രണ്ടു ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതെന്നു അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടാണു ഇതിനു ഉപയോഗിക്കുന്നത്.
വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ എന്നി പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനു അഞ്ചു കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും വടക്കാഞ്ചേരി നഗരസഭയും മറ്റു പഞ്ചായത്തുകളും കരാര്‍ ഉടമ്പടിയില്‍ ഒപ്പു വയ്ക്കാതിരുന്നതിനെ തുടര്‍ന്നു ഇവിടങ്ങളിലേയ്ക്കായി മാറ്റി വച്ച 3.5 കോടി രൂപ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ പുതിയ റേഡിയേഷന്‍ മെഷിന്‍ സ്ഥാപിക്കുന്നതിനായി നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
നിലവില്‍ അടാട്ട് പഞ്ചായത്തില്‍ 2100 തെരുവു വിളക്കുകളും കോലഴിയില്‍ 2900 തെരുവു വിളക്കുകളുമാണുള്ളത്. രണ്ടു ട്യൂബുള്ള തെരുവ് വിളക്കുകളില്‍ നിലവില്‍ 80 വാട്ടിന്റെ വൈദ്യുതി ഉപയോഗമാണു വരുന്നത്. അതേസമയം ഈ വിളക്കുകളില്‍ നിന്നു 30 വാട്ട് വൈദ്യുതിയുടെ പ്രകാശമാണു നിലവില്‍ ലഭിക്കുന്നത്.
ഏകദേശം 50 വാട്ടോളം വൈദ്യുതിയുടെ പ്രസരണ നഷ്ടം ഉണ്ടാകുന്നു. രണ്ടു ട്യൂബുള്ള തെരുവ് വിളക്കുകളുടെ സ്ഥാനത്തു 35 വാട്ടിന്റെ എല്‍.ഇ.ഡി ട്യൂബ് ലൈറ്റാണു ഉപയോഗിക്കുന്നത്.
നേരത്തേ 80 വാട്ടിന്റെ വിളക്കുകളില്‍ നിന്നു ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വെളിച്ചം ഈ വിളക്കുകളില്‍ നിന്നു ലഭിക്കും. പഞ്ചായത്തുകള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വിളക്കുകള്‍ക്കു വാറണ്ടി ഇല്ലാത്തതാണ്. ഇപ്പോള്‍ സ്ഥാപിക്കുന്ന എല്‍.ഇ.ഡി വിളക്കുകള്‍ക്കു അഞ്ചു വര്‍ഷത്തെ വാറണ്ടി നല്‍കുന്നുണ്ട്. അടാട്ട് പഞ്ചായത്ത് പ്രതിവര്‍ഷം 15 ലക്ഷത്തോളം രൂപയും കോലഴി പഞ്ചായത്ത് 18 ലക്ഷത്തോളം രൂപയും വൈദ്യുതി ചാര്‍ജ് ഇനത്തിലും തെരുവ് വിളക്കുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു ഇത്രതന്നെ രൂപയും ചെലവഴി്ക്കുന്നുണ്ട്. എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതോടെ അടാട്ട് ഗ്രാമപഞ്ചായത്തിനു പ്രതിവര്‍ഷം ഏഴു ലക്ഷത്തോളം രൂപയും കോലഴിയ്ക്കു എട്ടു ലക്ഷത്തോളം രൂപയുമാണു വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഇനി ചെലവഴിക്കേണ്ടി വരിക.
കേടുപാടുകള്‍ തീര്‍ക്കേണ്ട ചെലവിനത്തില്‍ വിളക്കുകള്‍ അഴിച്ചു മാറ്റി സ്ഥാപിക്കുന്ന നാമമാത്ര ചെലവു മാത്രമേ വരികയുള്ളൂ. പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകള്‍ക്കു 20 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടത്തിനു പുറമേ തെരുവ് വിളക്കുകള്‍ പ്രകാശിക്കാതെ വരുന്നതു മൂലമുള്ള വലിയ പരാതി ഒഴിവാക്കാനും സാധിക്കും. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അടാട്ട്, കോലഴി, മെഡിക്കല്‍ കോളജ് ഇടങ്ങളില്‍ എം.എല്‍.എ, കെ.എസ്.ഇ.ബി എക്‌സി. എന്‍ജിനിയര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടങ്ങിയ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ.ഇ.എസ്.എല്‍ ആണു പദ്ധതിക്കു ആവശ്യമായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പനിയുടെ തെരുവ് വിളക്കുകള്‍ നല്‍കുന്നത്.
രാജ്യത്തും സംസ്ഥാനത്തും തെരുവ് വിളക്കുകളും പൂര്‍ണമായും ഫിലമന്റ് രഹിത വിളക്കുകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണു വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ പങ്കാളിയാകാതിരുന്ന വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ എന്നി ഗ്രാമപഞ്ചായത്തുകള്‍ക്കു സ്വന്തം ഫണ്ടില്‍ നിന്നും ആകെ അഞ്ചു കോടിയോളം രൂപ തനതു ഫണ്ടില്‍ നിന്നു കണ്ടെത്തേണ്ടതായി വരും.
വടക്കാഞ്ചേരി മണ്ഡലം 10 വര്‍ഷത്തിനകം ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫിസുകളും മെഡിക്കല്‍ കോളജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കി വരികയാണ്.
ഇതിന്റെ ഭാഗമായി കുട്ടികളില്‍ ഊര്‍ജ സംരക്ഷണ ബോധം വളര്‍ത്തുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ അങ്കണവാടികളിലും അനര്‍ട്ടിന്റെ സഹായത്തോടെ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നതിനു ഒരു കോടി രൂപ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."