യു.പിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യ ദുരന്തം: 38 പേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമുണ്ടായ വെവ്വേറെ വ്യാജമദ്യ ദുരന്തങ്ങളില്‍ 38 പേര്‍ മരിച്ചു. സഹാറന്‍പൂരിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 16 പേര്‍ മരിച്ചു. ഹരിദ്വാര്‍ ജില്ലയില്‍ 12 പേരും മരണപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സഹാറന്‍പൂരിലെ ഉമാഹി ഗ്രാമത്തില്‍ അഞ്ചു പേര്‍ മരിച്ചതോടെയാണ് വിവരം പുറത്തുവരുന്നത്. ഗുരുതരാവസ്ഥയില്‍ ഇവിടെ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെല്ലാം മദ്യം കഴിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
പിന്നാലെ അടുത്ത ഗ്രാമങ്ങളില്‍ നിന്നും മരണവാര്‍ത്തയെത്തി. ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പൊലിസും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
വ്യാജമദ്യം കണ്ടെത്താന്‍ 15 ദിവസത്തെ ശക്തമായ തെരച്ചിലിന് ഉത്തരവിടുക കൂടി ചെയ്തിരിക്കുകയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."