ഒരാള്‍പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഇതുവരെ കാണാത്തൊരു വലിയ ജനകീയ ഇടപെടലിനാണ് കേരളം സാക്ഷ്യംവഹിക്കുന്നതെന്നും എല്ലാം അടച്ചുപൂട്ടിയാലും കേരളത്തില്‍ ഒരാളുപോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി തോമസ് ഐസക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയെയും മറ്റു സംഘടനകളേയും ഉള്‍പ്പെടുത്തി ഇത് സാധ്യമാക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് അവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സൗജന്യമായി ഭക്ഷണം എത്തിക്കും. തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് കല്യാണമണ്ഡപങ്ങളിലോ മറ്റോ അന്തിയുറങ്ങാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെടും. സൗജന്യമായി ഭക്ഷണം വേണ്ടവരുടെ ലിസ്റ്റ് തയാറാക്കുക, അവരുടെ ഭക്ഷണത്തിന് 20 രൂപ വച്ച് വില ഭക്ഷണശാലക്ക് നല്‍കുക, വിതരണത്തിനുള്ള ഏര്‍പ്പാട് ഉണ്ടാക്കുക ഇവയൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്.
ഒരാഴ്ചകൊണ്ട് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നോ അതില്‍ അധികമോ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കും. വിതരണത്തിനുള്ള വോളണ്ടിയര്‍മാരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കണം.കഫേ കുടുംബശ്രീ എന്ന പേരില്‍ കുടുംബശ്രീക്ക് ഇപ്പോള്‍ 1,479 ഹോട്ടലുകളുണ്ട്. ഇതിനുപുറമേ കുടുംബശ്രീക്ക് 946 കാറ്ററിങ് സംരംഭക യൂണിറ്റുകളുമുണ്ട്. ഇവയില്‍ മികച്ചവയെ കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ് ഏല്‍പ്പിക്കാം. ഇത്തരത്തിലുള്ള ജനകീയ ഇടപെടലാണ് നടത്താന്‍പോകുന്നതെന്നും തോമസ് ഐസക് വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."