ബ്ലൂ സ്‌പൈക്കേഴ്‌സിന് മൂന്നാം ജയം
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: തുടര്‍വിജയവുമായി നീലപ്പട കളം കീഴടക്കിയപ്പോള്‍ ബ്ലാക്ക് ഹോക്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പ്രോ വോളി ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 12-15, 15-11, 15-12, 15-10, 14-15. കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ഇതോടെ കൊച്ചി സെമി പ്രതീക്ഷ ഉറപ്പാക്കി.
മത്സരത്തില്‍ ആദ്യസെറ്റ് 12-15ന് കൈവിട്ട ശേഷമായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. പിന്നീട് തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയ കൊച്ചിക്ക് അവസാനസെറ്റും നഷ്ടമായി. ഇരുടീമുകളും വാശിയോടെ കളിച്ച ആദ്യ സെറ്റില്‍ സ്മാഷുകളുടെ പെരുമഴയായിരുന്നു. അശ്വില്‍ റായിലൂടെ തുടങ്ങിയ ഹൈദരാബാദ് സെറ്റില്‍ പത്ത് സ്‌പൈക്ക് പോയിന്റുകള്‍ നേടി. രണ്ട് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്നശേഷം ബ്ലൂ സ്‌പൈക്കേഴ്‌സ് ഒന്‍പത് പോയിന്റ് വരെ ഒപ്പം പിടിച്ചെങ്കിലും സ്വന്തം സൂപ്പര്‍ പോയിന്റ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്നതോടെ കളി കൈ വിടുകയായിരുന്നു. അശ്വില്‍ റായി അഞ്ചും ക്യാപ്റ്റന്‍ കാഴ്‌സണ്‍ ക്ലാര്‍ക്ക് നാലും പോയിന്റ് ഹൈദരാബാദിനായി നേടി. അതേസമയം, സെറ്റില്‍ ഏറ്റവുമധികം സെര്‍വ് പാഴാക്കിയത് ഹൈദരാബാദാണ്.
രണ്ടാം സെറ്റ് കരുതലോടെ തുടങ്ങിയ കൊച്ചി ആദ്യം മുതലേ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ അടി വാങ്ങിക്കൂട്ടിയെങ്കിലും ഇത്തവണ ഡേവിഡ് ലീയും പ്രഭാകരനും ഉരുക്കു കൈകളുമായി കോട്ട കെട്ടിയതോടെ കൊച്ചി കുതിച്ചു. ആദ്യ സെറ്റില്‍ നിറം മങ്ങിയ ആന്ദ്രേ പതുക്ക് മികച്ച സ്മാഷുകളുമായി തിരിച്ചെത്തിയതോടെ കളി കൊച്ചിയുടെ വരുതിയിലായി. എട്ട് സ്‌പൈക്ക് പോയിന്റുകള്‍ പിറന്ന സെറ്റില്‍ ഇരു ടീമുകളും നാല് വീതം നേടി. സ്‌കോര്‍ 10-6 ല്‍നില്‍ക്കേ അശ്വില്‍ റായ്യും അലക്‌സ് ബാഡറും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഹൈദരാബാദിനെ മുന്നിലെത്തിച്ചു. സ്‌കോര്‍ 10-11 ന് ഹൈദരാബാദ് മുന്നില്‍ നില്‍ക്കേ കൊച്ചി സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തി. തൊട്ടടുത്ത് ഹൈദരാബാദും സൂപ്പര്‍ പോയിന്റ് വിളിച്ചതോടെ കളി കാര്യമായി. നിലം തൊടാതെ പാഞ്ഞ പന്ത് പ്രഭാകരനിലൂടെ ഹൈദരാബാദിന്റെ കോര്‍ട്ടില്‍ എത്തിച്ചതോടെ രണ്ടാം സെറ്റ് നേടി കൊച്ചി കളിയില്‍ തിരിച്ചു വന്നു.
മൂന്നും നാലും സെറ്റില്‍ മലയാളിതാരം മനു ജോസഫിന്റെ ഊഴമായിരുന്നു. എട്ട് പോയിന്റുകളാണ് രണ്ട് സെറ്റില്‍ നിന്നും മനു കൊച്ചിക്കായി നേടിയത്. 29 സ്‌പൈക്ക് പോയിന്റുകള്‍ പിറന്ന രണ്ട് സെറ്റിലും 17 പോയിന്റുകളും നേടിയത് കൊച്ചിയാണ്. സ്‌പൈക്കേഴ്‌സ് താരങ്ങള്‍ക്ക് മികച്ച സ്മാഷുകള്‍ ഉതിര്‍ക്കുന്നതിനായി മികച്ച ലിഫ്റ്റുകളുമായി ക്യപ്റ്റന്‍ ഉക്രന്‍ പാണ്ഡ്യനും കളിയില്‍ നിര്‍ണായക പങ്ക് വഹിച്ചു. രണ്ട് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു 15-12ന് കൊച്ചി മൂന്നാം സെറ്റ് നേടിയത്. സൂപ്പര്‍ പോയിന്റ് നേടി സ്‌കോര്‍ 13- 11ല്‍ നില്‍ക്കേ ഹൈദരാബാദ് താരം അശ്വില്‍ റായുടെ സെര്‍വ് ലൈന്‍ കട്ടായതോടെ കൊച്ചി സെറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ ബ്രേക്ക് ചെയ്ത് ലഭിച്ച സെര്‍വുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കൊച്ചി പലപ്പോഴും നിരാശപ്പെടുത്തി. അവസാന സെറ്റില്‍ കളി തീപാറുന്നതായിരുന്നു. സെറ്റ് പിടിക്കാന്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോള്‍ സ്‌കോര്‍ 14-14 എന്ന നിലയിലെത്തിയെങ്കിലും വിജയം ഹൈദരാബാദിനൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."