ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരം ഇ.ഡിക്ക് മുന്‍പാകെ ഹാജരായി
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) മുന്‍പാകെ ഹാജരായി. സാമ്പത്തിക തട്ടിപ്പ് തടയല്‍ നിയമം(പി.എം.എല്‍.എ) വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദീകരണം നല്‍കാനാണ് ഇ.ഡി വിളിപ്പിച്ചത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇ.ഡി വസതിയില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് ചിദംബംരം എത്തിയത്.
കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ വ്യാഴാഴ്ച ആറു മണിക്കൂര്‍ നേരം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടി വിലമതിക്കുന്ന കാര്‍ത്തിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഐ.എന്‍.എക്‌സുമായി ബന്ധപ്പെട്ട വിദേശസഹായം സ്വീകരിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതായുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചിദംബരം, മകന്‍ കാര്‍ത്തി, ഐ.എന്‍.എക്‌സ് ഡയരക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാനി മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പി.എം.എല്‍.എ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശസഹായം സ്വീകരിക്കാന്‍ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് ഫോറീന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കാര്‍ത്തിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."