കൂട്ടിച്ചേര്‍ക്കാനാവാതെ ചെറുകക്ഷികള്‍, ആശ്വസിക്കാനാവാതെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം
ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ എന്‍.സി.പിയും കോണ്‍ഗ്രസും സഖ്യത്തിലാണ്. എന്നാലതുകൊണ്ടൊന്നും ആശ്വാസത്തിന് വകയില്ല. വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള സംസ്ഥാനത്തെ രണ്ടുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമല്ലാത്തതാണ് പ്രതിപക്ഷ സഖ്യത്തിന് ആശങ്കയാവുന്നത്.
ഭരിപ്പ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വഞ്ചിത് ബഹുജന്‍ അഖാതി, രാജു ഷെട്ടിയുടെ സ്വാഭിമാനി ക്ഷേത്രകാരി സംഘടനയുമാണ് വില്ലന്‍മാരാകാന്‍ സാധ്യതയുള്ളവര്‍. സമാനസ്വഭാവമുള്ള ചെറുപാര്‍ട്ടികളുടെ സഖ്യമാണ് ബഹുജന്‍ അഖാതി, ഷെട്ടിയാകട്ടെ സ്വാധീനമുള്ള കര്‍ഷക നേതാവും. നിരവധി മണ്ഡലങ്ങളില്‍ ആരു ജയിക്കണമെന്ന് തീരുമാനിക്കാന്‍ ഇരുവര്‍ക്കും കഴിയും. 48 സീറ്റുകളുള്ള മഹാരാഷ്ട്ര, യു.പിയ്ക്ക് പിന്നാലെ കേന്ദ്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ പ്രധാനിയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഈ പ്രതിസന്ധിയെ ചെറുതായി കാണുന്നില്ല.
കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം സീറ്റു വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. മൂന്ന് സീറ്റുകള്‍ മാത്രമാണ് തീരുമാനിക്കാതെ വച്ചിരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമാകാന്‍ ഷെട്ടിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒഴിച്ചിട്ട മൂന്ന് സീറ്റുകളിലൊന്ന് ഷെട്ടി രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ഹാത്കാനഗാലെയാണ്. അത് ഷെട്ടിയ്ക്ക് നല്‍കി ധാരണയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ അംബേദ്കറുടെ കാര്യത്തില്‍ സാധ്യതകളൊന്നുമില്ല. അംബേദ്കറുടെ സഖ്യത്തിന്റെ ഭാഗമാകാനുളള താല്‍പര്യം രാജ് താക്കറെയുടെ എം.എന്‍.എസും പ്രകടിപ്പിച്ചിട്ടുണ്ട്. 48 സീറ്റിലും മത്സരിക്കുമെന്നാണ് പ്രകാശ് അംബേദ്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധാരണയായില്ലെങ്കില്‍ അത് അങ്ങനെത്തന്നെയാവും. ആദ്യമായാണ് പ്രകാശ് അംബേദ്കര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. സീറ്റ് വീതംവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനുവരി 30 വരെ കോണ്‍ഗ്രസിന് സമയം നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് എല്ലാ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചത്. 12 പാര്‍ട്ടികളാണ് വഞ്ചിത് ബഹുജന്‍ അഖാതിയിലുള്ളത്. അതില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഉള്‍പ്പെടും.
ആറു സീറ്റാണ് സ്വാഭിമാനി ക്ഷേത്രകാരി സംഘടനയുടെ രാഷ്ട്രീയവിഭാഗമായ സ്വാഭിമാനി പക്ഷ കോണ്‍ഗ്രസിനോടും എന്‍.സി.പിയോടും ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സീറ്റ് മാത്രമേ നല്‍കൂ എന്ന സന്ദേശമാണ് ഷെട്ടിക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇരുപാര്‍ട്ടികളുടെയും നിലപാടും ഷെട്ടിയുടെ പ്രശ്‌നമാണ്.
മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയ്ക്ക് വേണ്ടി നിലവില്‍ സമരം നടക്കുന്നുണ്ട്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഭൂരിഭാഗം പഞ്ചസാര മില്ലുകളും എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളുടെതാണ്. ഇതിനിടെ മില്ലുടമകളും സമരക്കാരും തമ്മില്‍ താല്‍ക്കാലികമായി ചില നീക്കുപോക്കുകളുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടില്ല. കര്‍ഷകരുടെ നേതാവായ ഷെട്ടിയ്ക്ക് സ്വന്തം നിലക്ക് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും അടുക്കാനും കഴിയില്ല. ഹാത്കാനഗാലെയ്ക്ക് പുറമെ പാര്‍ട്ടിയിലെ മറാഠി നേതാവായ രവികാന്ത് തുപ്കറിന് ബുല്‍ദാന സീറ്റ് കൂടി നല്‍കിയാല്‍ ഷെട്ടി വഴങ്ങിയേക്കും.
2014ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായിരുന്നു സ്വാഭിമാനി പക്ഷ. മത്സരിച്ചത് ഷെട്ടിമാത്രം. ഷെട്ടിയ്ക്ക് 53 ശതമാനം വോട്ടുകളും കിട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ മത്സരിച്ച സ്വാഭിമാനി പക്ഷ രണ്ടു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തും മറ്റ് അഞ്ചു സീറ്റുകളില്‍ മൂന്നാംസ്ഥാനത്തുമായിരുന്നു. പിന്നീട് കര്‍ഷക പ്രശ്‌നം ചുണ്ടിക്കാട്ടി ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച ഷെട്ടി 200 കര്‍ഷക സംഘടനകളെ കൂടെ നിര്‍ത്തി. ഇരുവിഭാഗവുമായും ധാരണയിലാവാന്‍ പറ്റാത്തത് തങ്ങള്‍ക്ക് തിരച്ചടിയാവുമെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലയും വോട്ടുവിഹിതവും ഇങ്ങനെയാണ്: ബിജെപി-23 സീറ്റ്(27.6 ശതമാനം), ശിവസേന-18(20.8), കോണ്‍ഗ്രസ്-2(18.3), എന്‍.സി.പി-4(16.1), സ്വാഭിമാനി പക്ഷ-1(2.3), മറ്റുള്ളവര്‍-0(14.9).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."